ഏതെങ്കിലും ഫോണുകളിൽ ആപ് പ്രവർത്തിക്കാത്ത സാഹചര്യമുണ്ടെങ്കിൽ അൺ ഇൻസ്റ്റാൾ ചെയ്ത് റീഇൻസ്റ്റാൾ ചെയ്താൽ മതി; പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടതായി ഫെയർ കോഡ് ടെക്നോളജിസ്

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, May 30, 2020

കൊച്ചി: ഒടിപി ലഭിക്കുന്നതിലെ കാലതാമസം ഉൾപ്പടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടതായി ഫെയർ കോഡ് ടെക്നോളജിസ് അധികൃതർ. ഇന്ന് ഒമ്പതു മണിവരെ ബുക്കിങ് സാധാരണ നിലയിൽ നടന്നതായും ബാറുകളിലും ബവ്കൊ, കൺസ്യൂമർ ഫെഡ് ഔട്‍ലറ്റുകളിൽ വിൽപന പുരോഗമിക്കുന്നുണ്ടെന്നുമാണ് അധികൃതർ പറയുന്നത്. ഏതെങ്കിലും ഫോണുകളിൽ ആപ് പ്രവർത്തിക്കാത്ത സാഹചര്യമുണ്ടെങ്കിൽ അൺ ഇൻസ്റ്റാൾ ചെയ്ത് റീഇൻസ്റ്റാൾ ചെയ്താൽ മതിയാകും.

20 കിലോമീറ്റർ ദൂരെ വരെയുള്ള ഔട്‍ലറ്റുകളിലെ ടോക്കൺ ലഭിച്ചതായുള്ള പരാതികൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഉപഭോക്താവ് എന്റർ ചെയ്യുന്ന പിൻകോഡിന് 20 കിലോമീറ്റർ ചുറ്റളവ് കണക്കാക്കി നൽകുന്നത് കെഎസ്ബിസിയുടെ നിർദേശപ്രകാരമാണ്. എല്ലാ ഷോപ്പുകൾക്കും ഉപഭോക്താവിനെ ലഭിക്കുന്നതിനു വേണ്ടിയാണിത്. ബുക്കിങ് ആരംഭിച്ച് ആദ്യസമയം പരമാവധി സമീപ പ്രദേശത്തുള്ള ഷോപ്പുകളാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ടര ദിവസംകൊണ്ട് 14 ലക്ഷം പേർ ആൻഡ്രോയിഡ് ആപ് ഡൗൺലോഡ് ചെയ്തു കഴിഞ്ഞു. ഇന്നത്തേക്കു മാത്രം 4,05,000 ടോക്കണുകൾ ബുക്കിങ് ആരംഭിച്ച് ആദ്യ രണ്ടു മണിക്കൂറിനുള്ളിൽ നൽകിയിട്ടുണ്ട്. അതുകൊണ്ടു തന്നെ അതിവേഗം സ്ലോട്ടുകൾ നിറയുകയായിരുന്നു.

തുടർന്ന് ബുക്കു ചെയ്തതിനാലാണ് പലർക്കും ടോക്കൺ ലഭിക്കാതെ പോയത്. ബവ്കൊ ഒഴിവാക്കാൻ നിർദേശിച്ചവ ഒഴികെ എല്ലാ എല്ലാ ഷോപ്പുകളിലേക്കും ബുക്കിങ് നൽകിയിട്ടുണ്ട്. ഇന്നത്തേക്കുള്ള 96 ശതമാനം ബുക്കിങ്ങും പൂർത്തിയായി. കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് ആപ്പ് വഴിയും എസ്എംഎസ് വഴിയുമായി 27 ലക്ഷം ഉപഭോക്താക്കളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

×