ബെവ് കോ ഔട്ട് ലെറ്റുകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, April 20, 2021

തിരുവനന്തപുരം : കോവിഡ് വ്യാപനത്തോടെ സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിനാല്‍ ബെവ് കോ ഔട്ട് ലെറ്റുകളുടെ പ്രവര്‍ത്തന സമയത്തിലും മാറ്റം വരുത്തി. ബെവ് കോ ഔട്ട് ലെറ്റുകളും വെയര്‍ ഹൗസുകളും രാവിലെ 10 മുതല്‍ രാത്രി 8 വരെ പ്രവര്‍ത്തിപ്പിക്കാനാണ് ബിവറേജസ് കോര്‍പറേഷന്‍ ഓപ്പറേഷന്‍സ് മാനേജര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

നിലവില്‍ പ്രവര്‍ത്തനസമയം രാവിലെ 10 മുതല്‍ രാത്രി 9 വരെയായിരുന്നത് ഇപ്പോള്‍ ഒരു മണിക്കൂര്‍ കുറച്ചു. രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ബെവ്‌കോ ജീവനക്കാര്‍ക്ക് വീട്ടിലേക്ക് മടങ്ങാനുള്ള സൗകര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം. കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബെവ്ക്യൂ ആപ്പ് വീണ്ടും ഉപയോഗിക്കുന്നതിനെക്കുറിച്ച്‌ ആലോചിച്ചിട്ടില്ലായെന്ന് അധികൃതര്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും വരാന്ത്യ ലോക്ക് ഡൗണ്‍ പോലുള്ള കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളില്‍ താമസിക്കുന്ന എല്ലാവരേയും കോവിഡ് പരിശോധനകള്‍ക്ക് വിധേയരാക്കും. ഈ പ്രദേശത്തെ വീടുകളിലെ എല്ലാവരേയും പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം. ജില്ലാ ശരാശരിയെക്കാള്‍ ഇരട്ടിയിലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളിലാകും പരിശോധന നടത്തും.

സംസ്ഥാന വ്യാപകമായി പരിശോധന നടത്തി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് മൂന്ന് ശതമാനത്തിലേക്കെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. ഇന്ന് മുതല്‍ നിലവില്‍ വരുന്ന രാത്രികാല കര്‍ഫ്യുവിനെ തുടര്‍ന്ന് പരിശോധന ശക്തമാക്കാന്‍ പൊലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

×