Advertisment

3 ലക്ഷം വാങ്ങി അയാൾ ചതിച്ചു ; ദുബായിലെ സങ്കടവെയിലിൽ തണലായത് ഇക്ക; ബിജി പറയുന്നു

author-image
ഗള്‍ഫ് ഡസ്ക്
New Update

കൊച്ചി : ഭര്‍ത്താവിനെ അവസാനമായി ഒരുനോക്കു കാണാന്‍ കഴിയാത്ത ദുഃഖത്തിനിടയിലും ബിജിക്കു മറക്കാന്‍ കഴിയില്ല മറുനാട്ടില്‍ താങ്ങും തണലുമായ ഈ ഇക്കയുടെ സഹായഹസ്തം.

Advertisment

publive-image

കൊറോണ ഭീതിയിൽ വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്നു കഴിഞ്ഞദിവസം ഭർത്താവ് മരിച്ചിട്ടും നാട്ടിൽ വരാനാകാതെ ബിജിക്കു വാട്സാപ് വിഡിയോ കോളിൽ അന്ത്യചുംബനം നൽകേണ്ടി വന്നതു വാർത്തയായിരുന്നു. ഒരു നേരത്തെ മാത്രം ഭക്ഷണം കഴിച്ചാണ് ഇപ്പോൾ താനും തന്നെ സംരക്ഷിക്കുന്ന ഇക്കയുമെല്ലാം കഴിയുന്നതെന്നും അവർ പറഞ്ഞു.

‘റോഡിൽ ബ്ലൂടൂത്തും മറ്റും വിറ്റു നടക്കുന്ന ഒരു ഇക്കയാണിത്. അബൂബക്കർ സിദ്ധഖി എന്നാണ് പേര്. ഞാൻ വഴിയിലിരുന്നു കരയുന്നത് ഒരുപാടുപേർ കണ്ടെങ്കിലും ആരും കാര്യം അന്വേഷിച്ചില്ല. ഇദ്ദേഹം സംസാരിക്കുകയും ഒരു നേരത്തെ ഭക്ഷണം വാങ്ങിത്തരികയും ചെയ്തു. കൂടെ ഒരു പെൺകുട്ടി ഉണ്ടായിരുന്നു. അപ്പോൾ തന്നെ ആരെയൊക്കെയോ വിളിച്ച് അദ്ദേഹം റൂമിന്റെ കാര്യങ്ങൾ സംസാരിച്ചു. കയ്യിൽ 300 രൂപയേ ഉള്ളൂ അതു തരാം എന്നു പറഞ്ഞു റൂമെടുത്തു തന്നു. 2500 രൂപയായിരുന്നു റൂമിനു പറഞ്ഞത്. എന്നിട്ടും ഞങ്ങളുടെ സുരക്ഷയെ കരുതി അവർ റൂം തരികയായിരുന്നു. ക്യാമറയെല്ലാമുള്ള സുരക്ഷിതമായ മുറിയായിരുന്നു അത്.

അന്നു മുതൽ ഇപ്പോൾ മൂന്നാഴ്ചയായി ഈ ഇക്കയുടെ സംരക്ഷണയിലാണ്. കുടിവെള്ളം മുതൽ സകലവും അദ്ദേഹമാണു ഞങ്ങൾക്കു തന്നത്. കഴിഞ്ഞ ദിവസം വിമാനം റദ്ദാക്കുന്നതിന് മുമ്പത്തെ ദിവസം കൂടെയുണ്ടായിരുന്ന പെൺകുട്ടി ഇവിടെനിന്നു കയറി നാട്ടിൽപോയി. ഇത്രയും നാൾ മൂന്നു നേരം ഭക്ഷണം തന്നിരുന്ന അദ്ദേഹം നിവർത്തിയില്ലാത്തതിനാൽ ഇപ്പോൾ ഒരു നേരമാണ് ഭക്ഷണം വാങ്ങിത്തരുന്നത്.

അതിനുപോലും പറ്റാത്ത സാഹചര്യമാണ് അദ്ദേഹത്തിനും. റോഡിൽ ആളുകളില്ലാത്തതിനാൽ കച്ചവടം നടക്കാത്തത് ഇദ്ദേഹത്തെ ദുരിതത്തിലാക്കി. പിന്നെ അഫ്സൽ എന്നു പേരുള്ള ഒരു വക്കീലുണ്ട്. അദ്ദേഹവും സഹായങ്ങൾ ചെയ്യുന്നുണ്ട്. ഇവരെ രണ്ടു പേരെയും ജീവിതത്തിൽ മറക്കാനാവില്ല’ – ബിജി പറയുന്നു.

കളമശേരി ഗ്ലാസ് കോളനിയിൽ അഭയ കേന്ദ്രത്തിലാണ് ശ്രീജിത്തും മൂന്നു കുഞ്ഞുങ്ങളും താമസിച്ചിരുന്നത്. ശ്രീജിത്ത് മരിച്ചതോടെ കുഞ്ഞുങ്ങൾ അദ്ദേഹത്തിന്റെ പിതാവിനൊപ്പമാണ്. നഗരസഭാ അംഗങ്ങൾ ഇടപെട്ടാണ് അവരെ അവിടെ താമസിപ്പിച്ചിരിക്കുന്നത്. മൂത്ത കുട്ടി പത്താം ക്ലാസ് വിദ്യാർഥിനിയാണ്. ചെറിയ കുട്ടിക്ക് അഞ്ചു വയസ്സാണു പ്രായം. ഞാൻ തിരിച്ചെത്തുന്നതു വരെ ഇവർ സംരക്ഷിക്കാമെന്ന് അറിയിച്ചിട്ടുള്ളത്. ഭർത്താവിന്റെ ചികിത്സകൾക്ക് പണം കണ്ടെത്തുന്നതിനു സാധിക്കാതെ വന്നതോടെയാണ് എങ്ങനെയെങ്കിലും ഒരു ജോലി കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതും ഇങ്ങനെ ദുരന്തത്തിൽ കലാശിച്ചതും’– ബിജി പറഞ്ഞു.

ഴിഞ്ഞ ദിവസമാണ് ബിജിയുടെ ഭര്‍ത്താവ് ശ്രീജിത്ത് കളമശേരിയില്‍ മരിച്ചത്. വിമാനസര്‍വീസുകള്‍ റദ്ദാക്കിയതോടെ ഭര്‍ത്താവിന്റെ മുഖം അവസാനമായി നേരിട്ടു കാണാനാവാതെയും മൂന്നു മക്കളെ ആശ്വസിപ്പിക്കാനാകാതെയും അബുഹായിയില്‍ കണ്ണീര്‍വാര്‍ക്കുകയാണ് ബിജി. ശ്രീജിത്തിനു രോഗം കലശലാകുന്നതിനു മുമ്പ് തട്ടുകട നടത്തിയായിരുന്നു ഇവർ കുടുംബം പോറ്റിയിരുന്നത്. ഭർത്താവിന്റെ ചികിത്സയ്ക്കു പണം തേടിയാണു ഗൾഫ് ജോലിക്കായി നെടുമ്പാശേരിയിൽ ഏജൻസിയെന്നു പറഞ്ഞ് ലഭിച്ച നമ്പരിൽ ‍ബന്ധപ്പെടുന്നതും ഗൾഫിൽ ജോലി ശരിയാകുന്നതും.

ഏജന്റ് എന്നു പറഞ്ഞയാൾക്ക് ആദ്യം ഒന്നരലക്ഷം രൂപ കൊടുത്തു. രതീഷ് നമ്പ്യാർ എന്നാണ് അയാൾ പേരു പറഞ്ഞിരുന്നത്. വക്കീലാണെന്നും സൂചിപ്പിച്ചു. വയ്യാതെ ആണെങ്കിലും വീൽചെയറിൽ ഭർത്താവും കൂടി പോയാണ് രണ്ടു തവണയായി മൂന്നു ലക്ഷം കൊടുത്തത്. ആദ്യം ഒന്നര ലക്ഷവും പിന്നെ വീസ വന്ന ശേഷം ബാക്കിയും. രണ്ടു പ്രാവശ്യമായി നേരിട്ടു കയ്യിലാണു കൊടുത്തതെന്നും ബിജി പറയുന്നു. നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഒരു മാസത്തെ വീസയാണെന്ന് ലഭിച്ചത് എന്ന് അറിയുന്നത്.

ചോദിച്ചപ്പോൾ പത്താം ക്ലാസ് ജയിച്ചിട്ടില്ലാത്തതിനാൽ എമിഗ്രേഷൻ ക്ലിയറൻസ് കിട്ടില്ലെന്നും അവിടെ ചെല്ലുമ്പോൾ രണ്ടു വർഷത്തെ വീസ അടിച്ചു തരുമെന്നും പറ‍ഞ്ഞു. ദുബായിൽ ചെന്ന് വീസ നീട്ടുന്ന കാര്യം സംസാരിച്ചപ്പോൾ അതിനുള്ള പണം വീണ്ടും നൽകണമെന്നായിരുന്നു നിർദേശം. നാട്ടിൽവച്ച് ഇതിനു കൂടിയുള്ള തുകയാണ് ഏജന്റിന് നൽകിയിരുന്നത്. ഇതു സമ്മതിക്കാൻ കമ്പനി തയാറാകാതിരുന്നതോടെ വീസ നീട്ടിക്കിട്ടാത്ത സാഹചര്യമുണ്ടായി.

നാട്ടിൽനിന്നു പുറപ്പെടുന്നതിനു മുമ്പ് ജോലി ചെയ്യാൻ പോകുന്ന സ്ഥാപനത്തിന്റെ ബോസ് എന്ന പേരിൽ ഒരാളുമായി ഫോണിൽ സംസാരിച്ചിരുന്നു. അന്നു സംസാരിച്ചതു യഥാർഥ ബോസുമായി അല്ലെന്ന് ഇവിടെയെത്തിയപ്പോൾ മനസിലായി. ഏജന്റ് എന്നു പറഞ്ഞ് പൈസ വാങ്ങിയ ആൾ ഇവിടെ പണം കൊടുത്തിരുന്നില്ല. അതാണ് ഇപ്പോൾ തന്നെ പെരുവഴിയിലാക്കിയതെന്നും ബിജി സങ്കടത്തോടെ പറഞ്ഞു.

Advertisment