മാണിക്കെതിരെ കേസ് നടത്തിയാല്‍ ബാറുകള്‍ തുറക്കാമെന്ന് സിപിഐഎം ഉറപ്പു നല്‍കി; ബാര്‍കോഴക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി ബിജു രമേശ്

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, February 13, 2018

കൊച്ചി: കേരള രാഷ്ട്രീയത്തെ വിവാദത്തിലാക്കിയ കേസാണ് ബാര്‍കോഴക്കേസ്. കേസില്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് വ്യവസായി ബിജു രമേശ്. അന്ന് ധനമന്ത്രിയായിരുന്ന കെ.എം മാണിക്കെതിരെ കേസ് നടത്തിയാല്‍ ഭരണം മാറിവരുമ്പോള്‍ പൂട്ടിയ ബാറുകള്‍ എല്ലാം തുറന്നുതരാമെന്ന് സിപിഐഎം ഉറപ്പുനല്‍കിയിരുന്നെന്ന് ബിജു രമേശ് പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരിട്ടാണ് വാഗ്ദാനം നല്‍കിയത്. വിഎസിനെയും പിണറായിയേയും കണ്ടിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ജയിച്ച് അധികാരത്തിലെത്തിയപ്പോള്‍ എല്‍ഡിഎഫ് പാലംവലിച്ചുവെന്നും ബിജു രമേശ് തുറന്നടിച്ചു.

ബാര്‍കോഴക്കേസ് ഒഴിവാക്കി കെ.എം. മാണിയെ വെള്ളപൂശാന്‍ തയാറായാല്‍ എല്‍ഡിഎഫ് തന്നെ വഞ്ചിച്ചു എന്ന് തന്നെ പറയേണ്ടി വരും. അഴിമതിവിരുദ്ധ വാഗ്ദാനങ്ങള്‍ വിശ്വസിച്ച ജനങ്ങളെയും സിപിഐഎം വഞ്ചിച്ചു. സിപിഐഎമ്മിന്റെ പിന്തുണയോടെയല്ലാതെ മാണിക്ക് കുറ്റവിമുക്തനായി തിരിച്ചുവരാന്‍ കഴിയില്ലെന്ന് എല്ലാവര്‍ക്കും അറിയാം. മാണിക്കെതിരെ കേസ് നടത്താന്‍ തന്നെ പ്രോല്‍സാഹിപ്പിച്ചവര്‍ മറുവശത്തുകൂടി മാണിയുമായി ധാരണ ഉണ്ടാക്കുന്നത് നിരാശപ്പെടുത്തുന്നതായും ബിജു രമേശ് പറഞ്ഞു.

തെളിവില്ലെന്ന് പറഞ്ഞ് ബാര്‍കോഴക്കേസ് അവസാനിപ്പിക്കുന്നത് ഉന്നതതലത്തിലെ കള്ളക്കളിയാണെന്നും ബിജു രമേശ് പറഞ്ഞു. രാഷ്ട്രീയ പിന്തുണ കൊടുത്താല്‍ മാണിക്കെതിരെ തെളിവു നല്‍കാന്‍ ബാറുടമകള്‍ തയാറാകും. യുഡിഎഫ് ഭരണകാലത്ത് സിപിഐഎം നേതാക്കള്‍ തന്നെ സമീപിച്ചതു പോലെ ഇപ്പോള്‍ മറ്റ് ബാറുടമകളെ ബന്ധപ്പെടട്ടെ. തെളിവുമായി വരുന്നവര്‍ക്ക് സംരക്ഷണം നല്‍കാന്‍ സിപിഐഎം തയാറായാല്‍ മതിയെന്നും ബിജു രമേശ് പറഞ്ഞു.

×