Advertisment

മുഹമ്മദ് ബിലാൽ ഒളിവിൽ താമസിച്ചത് ഇടപ്പള്ളിയിൽ; പ്രദേശത്തുള്ള ഹോട്ടലിൽ ജോലി കിട്ടുമോ എന്ന് അന്വേഷിച്ച് ചെന്നിരുന്നു; രണ്ടു ദിവസം കഴിയട്ടെ എന്ന് പറഞ്ഞ് ഹോട്ടല്‍ തൊഴിലാളികള്‍ക്കായി വാടകയ്ക്ക് എടുത്ത വീട്ടില്‍ താമസിപ്പിച്ചതാണെന്ന് ഹോട്ടലുടമ

New Update

കൊച്ചി : കോട്ടയം താഴത്തങ്ങാടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് ബിലാൽ ഒളിവിൽ താമസിച്ചത് ഇടപ്പള്ളിയിൽ. കുന്നംപുറത്തു ഹോട്ടൽ തൊഴിലാളികൾക്കായി വാടകയ്ക്ക് എടുത്തിരുന്ന വീട്ടിലാണു 23കാരനായ ബിലാൽ കഴിഞ്ഞിരുന്നത്. നേരത്തെ ഇവിടെയുണ്ടായിരുന്ന അതിഥി തൊഴിലാളികൾ പോയതോടെ അടച്ചിട്ടിരുന്ന വീടാണിത്. പ്രദേശത്തുള്ള ഹോട്ടലിൽ ജോലി കിട്ടുമോ എന്ന് അന്വേഷിച്ച് ചെന്നിരുന്നതായും രണ്ടു ദിവസം കഴിയട്ടെ എന്നു പറഞ്ഞ് ഇവിടെ താമസിപ്പിക്കുകയായിരുന്നെന്നും ഹോട്ടലുടമ പറഞ്ഞതായി സമീപവാസികൾ പറയുന്നു.

Advertisment

publive-image

ഈ വീടിന് പരിസരത്ത് കൂടുതൽ കുടുംബങ്ങൾ താമസിക്കുന്നുണ്ടെങ്കിലും അത്ര ശ്രദ്ധ ചെല്ലാത്ത നിലയിലാണ് വീടുള്ളത്. ഹോട്ടൽ ജീവനക്കാരനെന്നാണ് ഇയാൾ നാട്ടുകാരോടും പറഞ്ഞിരുന്നത്. കൊലപാതകത്തിനു ശേഷം കൊച്ചിയിലെത്തിയ ബിലാൽ ഓൺൈലൻ ടാക്സി ഡ്രൈവറായി ജോലി ചെയ്തിരുന്നതായും പറയുന്നു. ഇന്നു പുലർച്ചെ ഒന്നരയോടെയാണു താഴത്തങ്ങാടി കൊലപാതകക്കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

തുടർന്ന് ഇടപ്പള്ളിയിൽ ഇയാൾ താമസിച്ചിരുന്ന വീട്ടിലെത്തി സ്വർണം കണ്ടെടുക്കുകയും ഫൊറൻസിക് വിദഗ്ധർ ഉൾപ്പടെയുള്ളവർ എത്തി പരിശോധന നടത്തുകയും ചെയ്തു. ഇയാളിൽ നിന്നു കണ്ടെത്തിയ സ്വർണം താഴത്തങ്ങാടിയിലെ വീട്ടിൽ നിന്ന് മോഷ്ടിച്ചതാണോ എന്ന് ഉറപ്പു വരുത്താൻ വിദഗ്ധരെ എത്തിച്ച് പരിശോധനകളും നടത്തും. ഇവിടുത്തെ തെളിവെടുപ്പു പൂർത്തിയായാൽ, പ്രതി മറ്റെവിടെയെങ്കിലും താമസിച്ചിരുന്നോ എന്ന് പരിശോധിച്ച് അവിടെയും എത്തിച്ച് തെളിവെടുപ്പുകൾ നടത്തും.

തുടർന്ന് കോട്ടയത്തേയ്ക്കു കൊണ്ടു പോയി കൊലപാതകം നടന്ന വീട്ടിൽ എത്തിച്ച് തെളിവെടുപ്പു പ്രക്രിയകൾ നടത്തുന്നതിനാണ് പൊലീസ് ആലോചിക്കുന്നത്. അതേസമയം ഇയാൾ കൊലപാതകത്തിനു ശേഷം സ്ഥലത്തു നിന്നും കടന്നുകളയാൻ ഉപയോഗിച്ച കാർ ഇതുവരെയും കണ്ടെത്തിയിട്ടില്ല. ഇയാളെ കൂടുതലായി ചോദ്യം ചെയ്താൽ തട്ടിയെടുത്ത കാർ കണ്ടെത്താനാകുമെന്നാണ് പൊലീസ് കരുതുന്നത്.

കൊലപാതകം നടന്ന താഴത്തങ്ങാടിയിൽ തന്നെയാണ് പ്രതിയുടെയും വീട്. സ്വന്തം വീട്ടുകാരുമായി പിണങ്ങി ഈ വീട്ടിലെത്തിയ പ്രതി മോഷണം ലക്ഷ്യമിട്ടാണ് ഇരുവരെയും ആക്രമിച്ചത് എന്നാണ് പൊലീസ് പറയുന്നത്. ഇയാൾ കുറ്റം സമ്മതിച്ചതായും കോട്ടയം എസ്പി ജി.ജയ്ദേവ് അറിയിച്ചു. ഷാനി മൻസിൽ ഷീബയാണ് ഇയാളുടെ ആക്രമണത്തെ തുടർന്ന് മരിച്ചത്. ഇവരുടെ ഭർത്താവ് എം.എ.അബ്ദുൽ സാലി ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

sheeba murder bilal arrest
Advertisment