Advertisment

ഏഴു വര്‍ഷത്തിനിടെ ബിനീഷിന്റെ അക്കൗണ്ടിലെത്തിയത് അഞ്ചു കോടി ; ഇടപാടുകള്‍ മൂന്നു ബാങ്കുകളിലായി ; ഇ ഡി കോടതിയില്‍

New Update

ബംഗലൂരു : ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ബാങ്ക് അക്കൗണ്ടില്‍ കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ അഞ്ചു കോടിയിലേറെ രൂപ എത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബംഗലൂരു സാമ്പത്തിക കുറ്റകൃത്യ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കുന്നത്. ബിനീഷിന്റെ റിമാന്‍ഡ് കാലാവധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഇ ഡി കോടതിയെ സമീപിച്ചത്.

Advertisment

publive-image

ബിനീഷിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലാണ് അഞ്ചു കോടിയിലേറെ രൂപ എത്തിയത്. തന്റെ സമ്പാദ്യം 1.2 കോടി മാത്രമാണെന്ന് ബിനീഷ് ആദായ നികുതി വകുപ്പിനോട് വെളിപ്പെടുത്തിയപ്പോഴാണ് ഈ പണം ലഭിച്ചതെന്നും ഇ ഡി ചൂണ്ടിക്കാട്ടുന്നു.

ഐഡിബിഐ ബാങ്കിന്റെ രണ്ട് അക്കൗണ്ടുകളിലും എച്ച് ഡിഎഫ്‌സിയുടെ ഒരു അക്കൗണ്ടിലുമാണ് പണം ലഭിച്ചത്. 55 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ 2012-13 കാലയളവ് മുതല്‍ വിവിധ തവണകളിലായി നിക്ഷേപിച്ചിട്ടുണ്ട്.

അതേസമയം ഇന്‍കം ടാക്‌സ് റിട്ടേണില്‍ ഒരു വര്‍ഷം ആറ് മുതല്‍ എട്ടു ലക്ഷം രൂപ വരെയാണ് തന്റെ വരുമാനമെന്നാണ് ബിനീഷ് വെളിപ്പെടുത്തിയിട്ടുള്ളത്. 2015-16 കാലത്ത് ലഭിച്ച 49 ലക്ഷമാണ് ഉയര്‍ന്ന വരുമാനമെന്നും ബിനീഷ് വ്യക്തമാക്കിയിരുന്നുവെന്ന് ഇഡി ചൂണ്ടിക്കാട്ടുന്നു.

തന്റെ അക്കൗണ്ടിലൂടെയുള്ള വന്‍ തോതിലുള്ള പണ ഇടപാടുകളില്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ ബിനീഷിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല, ബിനീഷിനും സുഹൃത്തുക്കള്‍ക്കും നിരവധി നിഴല്‍ കമ്പനികളില്‍ പങ്കാളിത്തമുണ്ടെന്നും, അനധികൃത വ്യാപാര ഇടപാടുകളുണ്ടെന്നും ഇ ഡി ആരോപിക്കുന്നു.

ബിനീഷിന് ലഹരി മരുന്ന് കടത്ത് ഇടപാടുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും, ഈ ശൃംഖലയിലെ കണ്ണിയാണെന്നും ഇ ഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരത്ത് ബിനീഷിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ പേരിലുള്ള ക്രെഡിറ്റ് കാര്‍ഡ് ഇ ഡി പിടിച്ചെടുത്തിരുന്നു.

bineesh kodiyeri
Advertisment