ബിഷപ്പിനെതിരെ നിര്‍ണ്ണായക തെളിവായി മാറേണ്ട കന്യാസ്ത്രീയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താത്തത് അന്വേഷണത്തെ ബാധിക്കുന്നതായി പോലീസ്. ഫോണ്‍ കാണാതെപോയെന്ന മൊഴി വിശ്വാസത്തിലെടുക്കാതെ അന്വേഷണസംഘം ? ആകെയുള്ള തെളിവു പരാതിക്കാരിയുടെ മൊഴി. പ്രതിയുടെ അവകാശങ്ങളും സംരക്ഷിക്കണമെന്ന് കോടതിയ്ക്ക് പറയേണ്ടി വന്നതിനു കാരണങ്ങള്‍ പലത് ?

ന്യൂസ് ബ്യൂറോ, കോട്ടയം
Thursday, September 13, 2018

കൊച്ചി∙ ജലന്തർ ബിഷപ് ഫ്രങ്കോ മുളയ്ക്കലിനെതിരായ കേസില്‍ നിര്‍ണ്ണായക തെളിവായി മാറേണ്ട പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിയാത്തത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് അന്വേഷണ സംഘം.

കോടതിയില്‍ സമര്‍പ്പിച്ച കേസ് ഡയറിയിലാണ് കേസിലെ ഏറ്റവും പ്രധാന തെളിവായി മാറേണ്ട മൊബൈല്‍ ഫോണിനെ സംബന്ധിച്ച പരാമര്‍ശം ഉള്ളത്.

ബിഷപ്പ് ഫ്രാങ്കോ ഉപയോഗിക്കുന്ന 2 ഫോണുകളും രൂപതാ കേന്ദ്രത്തിലെ പ്രധാനികളായ അഞ്ചോളം വൈദികരുടെ ഫോണുകളും കസ്റ്റഡിയില്‍ എടുത്തിരിക്കെ ഇതിലെ വിവരങ്ങള്‍ ഒത്തുനോക്കാന്‍ പ്രധാന തെളിവായി മാറേണ്ട കന്യാസ്ത്രീയുടെ ഫോണ്‍ കണ്ടെത്താന്‍ കഴിയാത്തത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് കേസ് ഡയറിയില്‍ സൂചിപ്പിക്കുന്നു.

മൊബൈല്‍ ഫോണ്‍ സംബന്ധിച്ച് കന്യാസ്ത്രീയോട് പോലീസ് പല തവണ ചോദിച്ചെങ്കിലും അത് കാണാതെ പോയെന്ന മറുപടിയാണ് പരാതിക്കാരി നല്‍കിയിരിക്കുന്നത്. ഇത് പൂര്‍ണ്ണമായും വിശ്വാസത്തിലെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.

കേസില്‍ തെളിവുകള്‍ ഉണ്ടാക്കാന്‍ കരുതിക്കൂട്ടിയെന്നവണ്ണം പലരെയും ഫോണില്‍ വിളിച്ച് അവ റിക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കാന്‍ വിരുത് കാട്ടിയ പരാതിക്കാരി കേസില്‍ അതീവ നിര്‍ണ്ണായകമാകേണ്ട ആ സമയത്ത് കൈവശമുള്ള മൊബൈല്‍ഫോണ്‍ കാണാതെ പോയെന്നു പറയുന്നത് അപ്പടി വിശ്വാസത്തിലെടുക്കാന്‍ ആകില്ലെന്ന നിലപാടിലാണ് പോലീസ്.

ഇതുള്‍പ്പെടെ ബിഷപ്പിനെ അറസ്റ്റു ചെയ്യാന്‍ നിലവില്‍ തങ്ങളുടെ പക്കല്‍ ഒരു തെളിവും ഇല്ലെന്ന പൊലീസിന്‍റെ നിസഹായാവസ്ഥയാണ് അന്വേഷണ സംഘം കേസ് ഡയറിയില്‍ വിശദമായി വരച്ചുകാണിക്കുന്നത്.

ബിഷപ്പിന്‍റെ മൊഴികളിലും പരാതിക്കാരിയുടെ മൊഴികളിലും വ്യക്തമായ വൈരുധ്യങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

പരാതിക്കാരിയുടെ മൊഴികളില്‍തന്നെ വ്യക്തത ഇല്ലെന്ന്‍ കേസ് ഡയറിയില്‍ നിന്നും ബോധ്യമായ സാഹചര്യത്തിലാണ് നിലവിലുള്ള തെളിവുകള്‍ പ്രതിയില്‍ നിന്നും ബഹുദൂരം അകലെയാണെന്നു൦ അതിനാല്‍ തന്നെ പ്രതിയുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചത്.

സംഭവം നടന്ന സമയത്ത് മഠത്തിലുണ്ടായിരുന്ന കന്യാസ്ത്രീകളുടെ സാക്ഷിമൊഴികളില്‍ ബിഷപ്പിനെതിരായി വെളിപ്പെടുത്തലുകള്‍ ഇല്ല, ഇപ്പോള്‍ ഈ മഠത്തില്‍ താമസിക്കുന്നവരും സമരത്തിനിരിക്കുന്നതുമായ കന്യാസ്ത്രീകള്‍ പിന്നീട് പല മഠങ്ങളില്‍ നിന്നും ഇവിടെയ്ക്ക് താമസം മാറിയവരാണ്, അവര്‍ ഈ മഠത്തിലേയ്ക്ക് എത്തിയത് സഭയുടെ നടപടിക്രമങ്ങള്‍ പ്രകാരമുള്ള സ്ഥലംമാറ്റ ഉത്തരവുകള്‍ പ്രകാരമല്ല തുടങ്ങിയ വസ്തുതകളും പോലീസ് പരിശോധിച്ചിട്ടുണ്ട്.

അതേസമയം പരാതിക്കാരിയുടെ മൊഴികളില്‍ പറയുന്ന പ്രകാരം കുറവിലങ്ങാട്‌ മഠത്തില്‍ എത്തിയതായി പറയുന്ന ചില ദിവസങ്ങളില്‍ താന്‍ അവിടെ താമസിച്ചിട്ടില്ലെന്ന ബിഷപ്പിന്‍റെ മൊഴികളിലും വൈരുധ്യമുള്ളതായി പോലീസ് പറയുന്നു.

ഇതുസംബന്ധിച്ച കഴിഞ്ഞ തവണത്തെ ചോദ്യം ചെയ്യലിലെ ബിഷപ്പിന്‍റെ മൊഴികളിലെ വസ്തുതതകള്‍ സംബന്ധിച്ച് ഉടന്‍ പോലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും. രണ്ടാം തവണയിലെ ചോദ്യം ചെയ്യലില്‍ ഇത്തരം കാര്യങ്ങളില്‍ കൂടി പോലീസ് വ്യക്തത ആവശ്യപ്പെടും.

അതിനു ശേഷം കോടതിയുടെ നിരീക്ഷണം ഉള്ള കേസായതിനാല്‍ കോടതിയെക്കൂടി ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയാകും ബിഷപ്പിന്‍റെ അറസ്റ്റ് സംബന്ധിച്ച് അന്വേഷണ സംഘം നിഗമനത്തില്‍ എത്തുകയുള്ളൂ.

നിലവില്‍ അന്വേഷണത്തില്‍ ഹൈക്കോടതി സംതൃപ്തി അറിയിച്ച സാഹചര്യത്തില്‍ അന്വേഷണ സംഘത്തിനു മാധ്യമ/സമര സമ്മര്‍ദ്ധങ്ങള്‍ അവഗണിച്ചു മുന്നോട്ടുപോകാനാകും. സമരകോലാഹലങ്ങളും മാധ്യമ പ്രചാരണവും സൃഷ്ടിച്ച പുകമറയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് ഏറെ സമ്മര്‍ദ്ധത്തിലായിരുന്നു.

തെളിവുകൾ ശേഖരിക്കാൻ സമയമെടുക്കുക സ്വാഭാവികമാണ്. അറസ്റ്റ് ആവശ്യപ്പെടുന്നവർ അൽപംകൂടി ക്ഷമ കാണിക്കണമെന്നും ഇന്ന് കോടതി ആവശ്യപ്പെട്ടിരുന്നു .

കേസിൽ സിബിഐ അന്വേഷണം ഈ ഘട്ടത്തിൽ ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു. കേസ് ഈ മാസം 24ന് വീണ്ടും പരിഗണിക്കും. ജലന്തർ ബിഷപ് ഫ്രങ്കോ മുളയ്ക്കലിനെതിരായ കേസിലെ അന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണു കോടതിയുടെ നിർദേശം.

ബിഷപ്പിനെ ചോദ്യം ചെയ്തശേഷമേ അറസ്റ്റ് തീരുമാനിക്കാനാകൂയെന്നാണു സർക്കാരിന്റെ നിലപാട്. അഞ്ചു സംസ്ഥാനങ്ങളിലായി അന്വേഷണം തുടരുകയാണ്. പരാതിക്കാരിക്കു സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ ഇടപെടാനുള്ള സംവിധാനമുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.

അതേസമയം, ജലന്തർ ബിഷപ്പിനെതിരായ കേസ് അന്വേഷണം വൈകുന്നതു സ്വാഭാവികമാണെന്നു കോട്ടയം എസ്പി ഹരി ശങ്കർ പറഞ്ഞിരുന്നു. നാലുവർഷം പഴക്കമുള്ള കേസാണിത്. അതിന്റേതായ പ്രതിസന്ധികളുണ്ട്.

ബിഷപ് ഇതുവരെ അന്വേഷണത്തോടു സഹകരിച്ചിട്ടുണ്ട്. ബിഷപ്പിനെ ചോദ്യം ചെയ്യും മുൻപ് കൃത്യമായ നിഗമനത്തിലെത്താനാണു ശ്രമം. കന്യാസ്ത്രീകൾക്കു സുരക്ഷ നൽ‌കാനുള്ള തീരുമാനം പൊലീസ് സ്വമേധയാ എടുത്തതാണെന്നും എസ്പി പറഞ്ഞു.

×