Advertisment

ബിജെപിയിൽ തമ്മിലടി;കാര്യപ്രാപ്തിയില്ലാത്ത പ്രസിഡന്റ് രാജി വെക്കണമെന്ന് ഒരു വിഭാഗം

author-image
admin
New Update

Advertisment

ഗോവയിലെ ബി.ജെ.പി നേതൃത്വത്തില്‍ ഭിന്നത. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ വിനയ് ടെന്‍ഡുക്കല്‍ക്കറെ മാറ്റണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ലക്ഷ്മി കാന്ത് പര്‍സേക്കര്‍ രംഗത്ത് വന്നു.സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കാന്‍ കാര്യപ്രാപ്തിയില്ലാത്ത അധ്യക്ഷന്‍ രാജിവെക്കണമെന്നാണ് പര്‍സേക്കറുടെ വാദം.

സ്വന്തം നിലയ്ക്ക് രാജിവെക്കാന്‍ തയ്യാറല്ലെങ്കില്‍ അദ്ദേഹത്തെ നീക്കാന്‍ കേന്ദ്രനേതൃത്വം തയ്യാറാവണമെന്നും പര്‍സേക്കര്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടി താല്‍പര്യത്തെ മുന്‍ നിര്‍ത്തിയാണ് താന്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അദ്ദേഹത്തിനോട് വ്യക്തിപരമായ വിരോധമില്ല. അദ്ദേഹം വെറും പാവയാണ്. തീരുമാനമെടുക്കാനുള്ള കഴിവില്ലാത്തെ ഒരു വ്യക്തി കൂടിയാണ്. അദ്ദേഹത്തിന്റെ കീഴിലുള്ള പാര്‍ട്ടി ഒരിക്കലും വളരുകയില്ല. പാര്‍ട്ടി സംവിധാനം ഒന്നാകെ അഴിച്ചുമാറ്റണമെന്നും പര്‍സേക്കര്‍ ആവശ്യപ്പെട്ടു.

2014-17 കാലത്ത് മുഖ്യമന്ത്രിയായിരുന്ന പര്‍സേക്കര്‍ പാര്‍ട്ടിയുടെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷി കോണ്‍ഗ്രസായിരുന്നെങ്കിലും അന്ന് പ്രതിരോധമന്ത്രിയായിരുന്ന പരീക്കറെ രംഗത്തിറക്കി ചെറുകക്ഷികളുടെ പിന്തുണയോടെ ബി.ജെ.പി സര്‍ക്കാര്‍ രൂപവത്കരിക്കുകയായിരുന്നു.

മുന്‍ ഉപമുഖ്യമന്ത്രിയുടെ ഫ്രാന്‍സിസ് ഡിസൂസയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ട്ടി നേതാക്കളുടെ യോഗത്തിന് ശേഷമായിരുന്നു പര്‍സേക്കറുടെ പ്രതികരണം. മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില വഷളായിരിക്കുന്ന സമയത്താണ് ബി.ജെ.പിയില്‍ ഭിന്നതയുണ്ടായിരിക്കുന്നത്.

Advertisment