Advertisment

മധ്യപ്രദേശില്‍ ‘ദൃശ്യം’ മോഡല്‍ കൊലപാതകം ;രണ്ട് വര്‍ഷം മുമ്പ് 22കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ബി.ജെ.പി നേതാവിനെയും മക്കളെയുമടക്കം 5 പേരെ പിടികൂടി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഇന്‍ഡോര്‍: മധ്യപ്രദേശില്‍ രണ്ട് വര്‍ഷം മുമ്പ് 22കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ബി.ജെ.പി നേതാവിനെയും മൂന്ന് മക്കളെയും സഹായിയെയും പിടികൂടി. 2015ല്‍ പുറത്തിറങ്ങിയ അജയ്‌ദേവ്ഗണ്‍ നായകനായ ദൃശ്യം സിനിമ മാതൃകയിലാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് മധ്യപ്രദേശ് പൊലീസ് പറഞ്ഞു. മോഹന്‍ലാല്‍ അഭിനയിച്ച ‘ദൃശ്യം’ ഹിന്ദിയില്‍ റീമേക്ക് ചെയ്ത് ദൃശ്യം എന്ന പേരില്‍ തന്നെ ഇറക്കിയിരുന്നു.

Advertisment

publive-image

ബി.ജെ.പി നേതാവായ ജഗദീഷ് കരോടിയ എന്ന കല്ലു പഹല്‍വാന്‍, മക്കളായ അജയ്, വിജയ്, വിനയ് സഹായികളായ നിലേഷ് കശ്യപ്, എന്നിവരാണ് അറസ്റ്റിലായതെന്ന് മധ്യപ്രദേശ് ഡി.ഐ.ജി ഹരിനാരായണാചാരി മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.

ട്വിങ്കിള്‍ ദാഗ്രെ എന്ന യുവതിയുമായി ജഗദീഷ് കരോടിയയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്നും കൂടെ താമസിക്കണമെന്ന് യുവതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കുടുംബത്തില്‍ പ്രശ്‌നമില്ലാതിരിക്കാന്‍ കൊലപാതകം നടത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

സംഭവത്തെ പൊലീസ് വിശദീകരിക്കുന്നതിങ്ങനെ. പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്യുന്നത് ദൃശ്യം സിനിമ കണ്ട ശേഷമാണ്. 2016 ഒക്ടോബറില്‍ യുവതിയെ കഴുത്തുഞെരിച്ച് കൊന്ന ശേഷം ഇവര്‍ മൃതദേഹം കത്തിക്കുകയായിരുന്നു. ഇതിനിടയില്‍ മറ്റൊരു സ്ഥലത്ത് ഒരു നായയെ കുഴിച്ചുമൂടുകയും മനുഷ്യ ശരീരം കുഴിച്ചുമൂടിയെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. അന്ന് പൊലീസെത്തി പരിശോധിച്ചപ്പോള്‍ നായയുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഇതിലൂടെ പൊലീസിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.

സംഭവസ്ഥലത്ത് നിന്ന് യുവതിയുടെ ബ്രേസ്‌ലെറ്റും ആഭരണങ്ങളും കണ്ടെടുത്തിനെ തുടര്‍ന്നാണ് പ്രതികളെ പിടികൂടാനായത്. തുടര്‍ന്ന് പ്രതികളെ Brain Electrical Oscillation Signature (BEOS) ന് വിധേയമാക്കിയാണ് പൊലീസ് കൂടുതല്‍ വിവരങ്ങള്‍ കണ്ടെടുത്തത്.

Advertisment