നരേന്ദ്ര മോദിയുടെയും ബിപ്ലബ് കുമാര്‍ ദേബിന്റെയും സാന്നിധ്യത്തില്‍ വനിതാമന്ത്രിയെ കയറിപ്പിടിച്ചു ; ബിജെപി മന്ത്രി വിവാദക്കുരുക്കിൽ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, February 12, 2019

അഗര്‍ത്തല: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങില്‍ വനിതാ മന്ത്രിയോട് അപമര്യാദയായി പെരുമാറിയ ത്രിപുരയിലെ യുവജനക്ഷേമ, കായിക വകുപ്പ്  മന്ത്രിയുടെ നടപടി വിവാദത്തില്‍. മന്ത്രി മനോജ് കാന്തി ദേബ് വനിതാ മന്ത്രിയോട് അപമര്യാദയായി പെരുമാറിയത്. അ​ഗർത്തലയില്‍ ശനിയാഴ്ച പ്രധാനമന്ത്രി പങ്കെടുത്ത ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെയും സാന്നിധ്യത്തിലായിരുന്നു മന്ത്രി മനോജ് കാന്തി ദേബിന്റെ വിവാദ പെരുമാറ്റം. ചടങ്ങില്‍ പ്രധാനമന്ത്രി വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നതിനിടെയാണ് വേദിയുടെ വലതുവശത്തായി നില്‍ക്കുകയായിരുന്ന മനോജ് കാന്തി ദേബ് വനിതാ മന്ത്രിയെ കടന്നുപിടിച്ചത്.

വനിതാമന്ത്രിയുടെ പിന്നില്‍നിന്ന് അവരുടെ ശരീരത്തില്‍ കയറിപിടിച്ച മനോജ് കാന്തി ദേബിനെതിരേ വനിതാമന്ത്രി ചെറുത്തുനില്‍പ്പ് നടത്തുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. വേദിയില്‍ തിക്കോ തിരക്കോ ഇല്ലാതിരുന്നിട്ടും മന്ത്രി ബോധപൂര്‍വ്വം വനിതാമന്ത്രിയെ കയറിപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു.  സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മന്ത്രിക്കെതിരേ പ്രതിഷേധവും ശക്തമായി.

വനിതാ മന്ത്രിയോട് മോശമായി പെരുമാറിയ മന്ത്രിയെ അറസ്റ്റ് ചെയ്യണമെന്നും മന്ത്രിയെ പുറത്താക്കണമെന്നും ഇടതുമുന്നണി കണ്‍വീനര്‍ ബിജന്‍ദാര്‍ ആവശ്യപ്പെട്ടു. ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരേ അതിക്രമങ്ങള്‍ വര്‍ധിച്ചെന്നും ഒരു മന്ത്രി തന്നെ സഹപ്രവര്‍ത്തകയെ പരസ്യമായി അപമാനിക്കുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം മന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് പ്രതിപക്ഷം വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നായിരുന്നു ബി.ജെ.പി. വക്താവിന്റെ പ്രതികരണം.

×