ശിവസേനയെ തഴഞ്ഞ് ബി.ജെ.പി ; ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വൈ.എസ്.ആര്‍ കോണ്‍ഗ്രസിന് ?; ജഗന് ബി.ജെ.പിയുടെ വാഗ്ദാനമെന്ന് റിപ്പോര്‍ട്ട്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, June 12, 2019

വിജയവാഡ:  ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ജഗന്മോഹന്‍ റെഡ്ഢിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസിന് ബി.ജെ.പി വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്. ബി.ജെ.പി എം.പിയും പാര്‍ട്ടി വക്താവുമായ ജി.വി.എല്‍ നരസിംഹ റാവു ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി കൂടിയായ റെഡ്ഢിയെ കാണുകയും വാഗ്ദാനം മുന്നോട്ടു വെയ്ക്കുകയും ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ ജഗന്‍ വാഗ്ദാനം സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്തിട്ടില്ല. പാര്‍ട്ടി നേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനം അറിയിക്കാമെന്നാണ് ജഗന്റെ പ്രതികരണമെന്ന് അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റാവുവുമായി അരമണിക്കൂറോളം ജഗന്‍ ചൊവ്വാഴ്ച ചര്‍ച്ച നടത്തിയിരുന്നു.

അഞ്ചില്‍ നാല് ഭൂരിപക്ഷം നേടിയാണ് സംസ്ഥാനത്ത് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ജയിച്ചത്. ഭൂരിപക്ഷ വോട്ടുകള്‍ക്കൊപ്പം ന്യൂനപക്ഷ വോട്ടുകളും അവര്‍ക്കു ലഭിച്ചതാണ് ഇത്ര വലിയ വിജയത്തിനു കാരണമായതെന്നു വിലയിരുത്തലുകളുണ്ടായിരുന്നു. അതാണ് ബി.ജെ.പിയുടെ വാഗ്ദാനം സ്വീകരിക്കുന്നതില്‍ തിടുക്കം വേണ്ടെന്ന നിലപാടെടുക്കാന്‍ ജഗനെ പ്രേരിപ്പിച്ചത്.

×