മോഡിയെയും അമിത് ഷായെയും മുട്ടുകുത്തിച്ച് ഉദ്ധവ് താക്കറെ : മഹാരാഷ്ട്രയില്‍ തങ്ങളുടെ രാഷ്ട്രീയ മേല്‍ക്കോയ്മ മറന്ന്‍ ശിവസേനയുടെ സമ്മര്‍ദ്ധങ്ങള്‍ക്ക് വഴങ്ങി ബിജെപി ? പകുതി സീറ്റുകള്‍ ശിവസേനക്ക് ! സഖ്യം തുടരാന്‍ ധാരണ

ന്യൂസ് ബ്യൂറോ, മുംബൈ
Monday, February 18, 2019

മുംബൈ∙ മഹാരാഷ്ട്രയില്‍ 3 വര്‍ഷം ബലംപിടിച്ചിട്ടും ശിവസേന വഴങ്ങാതായതോടെ ഒടുവില്‍ ബിജെപി അടവുനയം മാറ്റി പരീക്ഷിച്ചു വിജയം കണ്ടു. മഹാരാഷ്ട്രയില്‍ തങ്ങളുടെ രാഷ്ട്രീയ മേല്‍ക്കോയ്മ മറന്നുകൊണ്ടുതന്നെ ശിവസേനയ്ക്ക് ഒപ്പത്തിനൊപ്പം സീറ്റുകള്‍ നല്‍കിയുള്ള വിട്ടുവീഴ്ചയിലൂടെ ശിവസേനയുമായി ബിജെപി ധാരണയിലെത്തി.

മഹാരാഷ്ട്ര നിയമസഭയില്‍ ബിജെപിയുടെ പകുതി മാത്രം സീറ്റുകളുള്ള സേനയ്ക്ക് ലോക്സഭയില്‍ പകുതിയ്ക്കടുത്ത് സീറ്റുകള്‍ വിട്ടുനല്‍കിക്കൊണ്ടാണ് ധാരണ. ഈ വര്‍ഷം തന്നെ നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ ഇരു കക്ഷികളും സീറ്റുകൾ തുല്യമായി വീതം വച്ചു മൽസരിക്കാനും തീരുമാനമായി. ഇതോടെ സീറ്റ് വിഹിതത്തിൽ രാജ്യത്ത് രണ്ടാമതായ മഹാരാഷ്ട്രയില്‍ ബിജെപിക്ക് ആശ്വസിക്കാന്‍ തക്കതായ രാഷ്ട്രീയ സാഹചര്യം ഉരുത്തിരിഞ്ഞു.

മാത്രമല്ല , പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസർക്കാരിനുമെതിരായ ശിവസേനയുടെ മൂന്നു വർഷത്തോളം നീണ്ട വിമർശനങ്ങൾക്കു താത്ക്കാലിക വെടിനിർത്തല്‍ ആയിരിക്കുകയാണ് . വരാനിരിക്കുന്ന ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ശിവസേനയും ബിജെപിയും ഒരുമിച്ചു പോരാടും.

ശിവസേനാ തലവൻ ഉദ്ധവ് താക്കറെയെ അദ്ദേഹത്തിന്‍റെ മുംബൈയിലെ വസതിയിലെത്തി കണ്ട് ചര്‍ച്ച നടത്തിയാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ധാരണ രൂപപ്പെടുത്തിയത്. അമിത് ഷായും ഉദ്ധവ് താക്കറെയും സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് സഖ്യം തുടരുമെന്ന് അറിയിച്ചത്. ഉദ്ധവ് താക്കറെയുടെ രാഷ്ട്രീയ നിലപാടുകള്‍ക്കുള്ള വിജയമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

മഹാരാഷ്ട്രയിൽ ശിവസേന 23 ഉം ബിജെപി 25 ഉം സീറ്റുകളിലേക്കു മൽ‌സരിക്കാൻ ധാരണയായതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലും ഇരു പാർട്ടികളും ഒരുമിച്ചു പോരാടുമെന്നും ഫട്നവിസ് പ്രതികരിച്ചു.

ഉത്തർപ്രദേശ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലോക്സഭാ സീറ്റുകൾ മഹാരാഷ്ട്രയിൽനിന്നാണ് – 48 പേർ. 2014 ലെ പൊതു തിരഞ്ഞെടുപ്പിൽ ബിജെപി 26 ഉം ശിവസേന 22 ഉം സീറ്റുകളിലാണു മൽസരിച്ചത്. മൂന്നു പതിറ്റാണ്ടായി തുടർന്ന ബിജെപി– ശിവസേന സഖ്യം 2014ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഉലഞ്ഞത്.

സീറ്റ് വിഭജനത്തിൽ ധാരണയില്ലാതെ ഇരു പാർട്ടികളും സഖ്യമില്ലാതെ തിരഞ്ഞെടുപ്പിനെ നേരിട്ടു. അന്ന് 288 നിയമസഭാ സീറ്റുകളിൽ 123 ഉം ബിജെപി നേടി. ശിവസേനയ്ക്കു കിട്ടിയത് ആകെ 63 സീറ്റുകൾ മാത്രം. എന്നാൽ തിരഞ്ഞെടുപ്പിനു ശേഷം വീണ്ടും സഖ്യം രൂപീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശിവസേന ശക്തമായ വിമർശനം ഉയർത്തിയതോടെ ഇക്കുറി സഖ്യ സാധ്യതകൾ മങ്ങിയിരുന്നു. എന്നാൽ ശിവസേനയുടെ സമ്മര്‍ദ്ധങ്ങള്‍ക്ക് ബിജെപി വഴങ്ങുകയായിരുന്നു.

പ്രതിപക്ഷത്ത് അടുത്തിടെ വരെ പോരടിച്ചു നിലകൊണ്ട കോൺഗ്രസും എൻസിപിയും സഖ്യത്തിലായിരുന്നു . സീറ്റ് വിഹിതത്തിൽ രാജ്യത്ത് രണ്ടാമതായ മഹാരാഷ്ട്രയിലെ പോരാട്ടം ശിവസേനയ്ക്കും ബിജെപിക്കും ഒന്നു പോലെ നിർണായകമാണ്. യുപിയിൽ എസ്പി–ബിഎസ്പിയും മമതയുടെ നേതൃത്വത്തിൽ ദേശീയതലത്തിൽ രൂപംകൊള്ളുന്ന ബദൽ മുന്നണിയും രാജ്യത്തെ പൊതുതിരഞ്ഞെടുപ്പു ചിത്രത്തിൽ വരുത്തുന്ന മാറ്റങ്ങളുടെ പൊരുൾ കൂടി ഉൾക്കൊണ്ടുള്ള തന്ത്രമാണ് സഖ്യനീക്കത്തിന് ബിജെപിക്കും ശിവസേനയ്ക്കും പ്രേരകമാകുന്നത്.

×