Advertisment

ശബരിമല വിഷയത്തില്‍ ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. 49 ദിവസം നീണ്ട സമരം വന്‍ വിജയമായിരുന്നു എന്നാണ് സമരം അവസാനിപ്പിക്കാനുള്ള തീരുമാനം വിശദീകരിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ളയും മുതിര്‍ന്ന ബിജെപി നേതാക്കളും അവകാശപ്പെടുന്നത്.

Advertisment

publive-image

സര്‍ക്കാര്‍ നിലപാട് തെറ്റാണെന്ന് തെളിയിക്കാനായെന്ന് ബിജെപി അവകാശപ്പെടുന്നു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ഒറ്റപ്പെട്ടു, വിശ്വാസികളെയും അവിശ്വാസികളും രണ്ട് ചേരിയായെന്നും ശബരിമല നിലപാട് പാര്‍ട്ടിക്ക് നേട്ടമായെന്നുമാണ് വിലയിരുത്തല്‍. അതേസമയം സമരം ഏങ്ങനെ തുടരുമെന്ന കാര്യത്തില്‍ തീരുമാനമൊന്നും ആയിട്ടില്ല. ശബരിമല കര്‍മ്മ സമിതി അടക്കമുള്ളവരുമായി ആലോചിച്ച ശേഷം തുടര്‍ സമരപരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് മാത്രമാണ് നേതാക്കള്‍ പറയുന്നത്.

നിരാഹാരസമരം വേണ്ടത്ര ഫലം ചെയ്യാതെ പോയത് എന്ന വികാരമാണ് സാധാരണ പ്രവര്‍ത്തകരില്‍ ഉണ്ടായത്. മുതിര്‍ന്ന നേതാക്കള്‍ നിരാഹാര സമരം ഏറ്റെടുക്കാന്‍ എത്താതിരുന്ന സാഹചര്യം ബിജെപിക്ക് അകത്ത് തന്നെ കടുത്ത അതൃപ്തിയുണ്ടാക്കി. മണ്ഡലമകരവിളക്ക് കാലത്ത് ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ പിന്‍വലിക്കണമെന്നതടക്കം സമരവേദിയില്‍ ബിജെപി ഉന്നയിച്ച ആവശ്യങ്ങളോടൊന്നും സര്‍ക്കാര്‍ പ്രതികരിച്ചില്ല.

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തിയരോട് ഒരു ഘട്ടത്തിലും സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായതുമില്ല. അനാവശ്യ ഹര്‍ത്താലുകളും അതെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളുമെല്ലാം പൊതുജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്ന തോന്നലും പാര്‍ട്ടിക്കകത്തുണ്ട്.

എന്നാല്‍ ശബരിമല കയറിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന 51 പേരുടെ പട്ടികയില്‍ കടന്ന് കൂടിയ ആശയക്കുഴപ്പങ്ങളടക്കം അവസാന ലാപ്പില്‍ ഗുണമുണ്ടാക്കിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. പുത്തിരിക്കണ്ടം മൈതാനത്ത് സംഘടിപ്പിക്കുന്ന അയ്യപ്പ സംഗമത്തോടെ സമരത്തിന് പുതിയ രൂപവും ഭാവവും ഉണ്ടാകുമെന്നും നേതാക്കള്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്.

Advertisment