Advertisment

സൗദി ദേശീയ ദിനത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം വളണ്ടിയർമാർ രക്തദാനം നടത്തി

New Update

publive-image

Advertisment

ജിദ്ദ: തൊണ്ണൂറാമതു സൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ നിരവധി പേർ പങ്കാളികളായി.

കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റി ഹോപിറ്റലിലും കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലുമാണ് ക്യാമ്പുകൾ സംഘടിപ്പിച്ചത്. രാവിലെ ഒമ്പതു മണിക്കാരംഭിച്ച ക്യാമ്പിൽ കേരളം തമിഴ്‌നാട്, കർണാടക, ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രവാസി സുഹൃത്തുക്കൾ രക്തം ദാനം ചെയ്യാനായി സന്നിഹിതരായിരുന്നു.

കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസ് ഡയരക്ടർ ഡോ: മാഹ ബദവി ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. സൗദി അറേബ്യയും ഇന്ത്യൻ സമൂഹവും നൂറ്റാണ്ടുകളായി തുടരുന്ന ബന്ധത്തെ ഓർമ്മിപ്പിക്കുന്നതാണ് ഈ സുദിനത്തിലെ മഹത്തായ രക്തദാനമെന്നു ഡോ: മാഹ ബദവി പറഞ്ഞു.

കോവിഡ് മഹാമാരിയുടെ ഭീതിക്കെതിരെ മാസങ്ങളോളം രാജ്യം പോരാടുമ്പോൾ സമൂഹത്തിന് അനിവാര്യമായ രക്തദാനം പോലുള്ള പ്രവർത്തനങ്ങൾ ചെയ്യാൻ ഇന്ത്യൻ സോഷ്യൽ ഫോറം മുന്നിട്ടിറങ്ങിയത് സമൂഹത്തോടുള്ള പ്രതിബദ്ധത എടുത്തുകാട്ടുന്നതാണെന്നും അവർ പറഞ്ഞു.

ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ആലിക്കോയ ചാലിയം സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് അബ്ദുൽ ഗനി അധ്യക്ഷത വഹിച്ചു. സോഷ്യൽ ഫോറം സൗദി നാഷണൽ കോഓർഡിനേറ്റർ അഷ്‌റഫ് മൊറയൂർ, സൊസൈറ്റി ഫോർ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ആൻഡ് റിസർച്ച് ചെയർമാൻ പ്രൊഫ: സൽവ ഹിന്ദാവി, ഡോ: താരീഖ്, ഡോ: നിഹാൽ എന്നിവർ ആശംസകളർപ്പിച്ചു.

പ്രോഗ്രാം കോഓർഡിനേറ്റർ അൽ അമാൻ അഹമ്മദ് നന്ദി പ്രകാശിപ്പിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് ഇ.എം. അബ്ദുല്ല, മുജാഹിദ് പാഷ ബാംഗ്ലൂർ, സയ്യിദ് കലന്ദർ, ബീരാൻകുട്ടി കോയിസ്സൻ, നാസർഖാൻ നാഗർകോവിൽ, ഫൈസൽ മമ്പാട്, ഹനീഫ കിഴിശ്ശേരി, ഷാഹുൽ ഹമീദ് തുടങ്ങിയവർ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലും, കിംഗ് ഫൈസൽ ഹോസ്പിറ്റലിലും നടന്ന ക്യാമ്പുകൾക്ക് നേതൃത്വം നൽകി.

jiddah
Advertisment