Advertisment

നിയമ ലംഘനം നടത്തി രക്ഷപ്പെടാന്‍ ശ്രമം, പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരന്റെ മേല്‍ ബിഎംഡബ്ല്യൂ ഓടിച്ചുകയറ്റി യുവാവ്; കാലുകള്‍ തകര്‍ന്ന പൊലീസുദ്യോഗസ്ഥന്‍ ഗുരുതരാവസ്ഥയില്‍

New Update

ഡല്‍ഹി: യുവാവ് ഓടിച്ചുകയറ്റിയ ബിഎംഡബ്ല്യൂ കാറിന്റെ അടിയില്‍പ്പെട്ട് പൊലീസുകാരന്റെ കാലുകള്‍ തകര്‍ന്നു. നിയമ ലംഘനം നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഡല്‍ഹിയിലെ നടുക്കിയ സംഭവം. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ജ്യൂസ് കടയില്‍ ഇടിച്ചുനിന്ന ആഢംബര കാറില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെത്തി. പ്രതികളെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചതായി ഡല്‍ഹി പൊലീസ് അറിയിച്ചു.

Advertisment

publive-image

ഡല്‍ഹിയിലെ സരിത വിഹാറില്‍ ഇന്നലെ രാത്രിയിലാണ് സംഭവം. സര്‍വീസ് ബൈക്കില്‍ പട്രോളിങ്ങിന് ഇറങ്ങിയതാണ് കോണ്‍സ്റ്റബിള്‍മാരായ ജിതേന്ദറും അങ്കുറും. സരിത വിഹാറില്‍ ബിഎംഡബ്ല്യൂ  കാര്‍ പൊലീസുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. ഒച്ചപ്പാടും ബഹളവുമായി കൂടിനില്‍ക്കുന്ന യുവാക്കളെ കണ്ട പൊലീസുകാര്‍ വീട്ടിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു. ജന്മദിനം ആഘോഷിക്കുകയാണെന്നും പ്രദേശത്തുള്ളവരാണെന്നും തങ്ങളെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും പറഞ്ഞ് പൊലീസുകാരോട് യുവാക്കള്‍ തട്ടിക്കയറി.

ഉടന്‍ പൊലീസുകാരില്‍ ഒരാള്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് വെഹിക്കിളിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് വാഹനം കണ്ട് യുവാക്കള്‍ കടന്നുകളയാന്‍ ശ്രമിച്ചു. ഇവരെ പിന്തുടരുന്നതിനിടെയാണ് പൊലീസുകാരന് ഗുരുതര പരിക്കേറ്റത്.

വാഹനം നിര്‍ത്താന്‍ പൊലീസുകാര്‍ ആവശ്യപ്പെട്ടു. ബിഎംഡബ്ല്യൂ  കാര്‍ ഡ്രൈവര്‍ പൊലീസുകാരെ ഇടിച്ചുതെറിപ്പിച്ച് കടന്നുകളയാനായി ശ്രമം. അതിനിടെ കോണ്‍സ്റ്റബിള്‍ അങ്കുര്‍ ചാടി രക്ഷപ്പെട്ടു. എന്നാല്‍ കാറിന്റെ അടിയില്‍പ്പെട്ട ജിതേന്ദറിന്റെ കാലിന് മുകളിലൂടെ വാഹനം ഓടിച്ചുകയറ്റി.

കൊല്ലുക എന്ന ഉദ്ദേശത്തോടെയായിരുന്നു യുവാവിന്റെ പ്രവൃത്തിയെന്ന് പൊലീസ് പറയുന്നു.തുടര്‍ന്ന് കാര്‍ ഓടിച്ചു കടന്നുകളഞ്ഞു. പിന്നീട് ബിഎംഡബ്ല്യൂ  ജ്യൂസ് കടയില്‍ ഇടിച്ചുനിന്ന നിലയില്‍ കണ്ടെത്തി. പ്രതികള്‍ കാര്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞതായി പൊലീസ് പറയുന്നു.

murder attempt bmw car
Advertisment