Advertisment

ബോഡോ തീവ്രവാദികളുമായി സമാധാനക്കരാർ ഒപ്പിട്ട് കേന്ദ്രസർക്കാർ ;  അസമിലെ ബോഡോ മേഖലയ്ക്ക് വൻതുക ; രക്തച്ചൊരിച്ചിലിന് അവസാനമാകും ..?

New Update

ഗുവാഹത്തി: അസമിലെ സായുധ തീവ്രവാദ സംഘടനയായ നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാൻഡുമായി സമാധാനക്കരാർ ഒപ്പുവച്ച് കേന്ദ്രസർക്കാർ. അസമിൽ നിന്ന് വേർപെട്ട് പ്രത്യേക സംസ്ഥാനം വേണമെന്നാവശ്യപ്പെട്ട് ബോഡോ തീവ്രവാദികൾ ഈ മേഖലയിൽ പതിറ്റാണ്ടുകൾ നടത്തിയ രക്തച്ചൊരിച്ചിലിന് ഈ കരാറോടെ അവസാനമാകുമെന്നാണ് പ്രതീക്ഷ.

Advertisment

publive-image

പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യം ബോഡോ മേഖലയ്ക്ക് 1500 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച സാഹചര്യത്തിൽ തൽക്കാലം വേണ്ടെന്ന് വയ്ക്കുകയാണെന്ന് ബോഡോ തീവ്രവാദി സംഘടന വ്യക്തമാക്കുന്നു. നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാൻഡുമായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായും അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാളും ചേർന്നാണ് കരാർ ഒപ്പുവച്ചത്. ഈ കരാറിന്‍റെ ശിൽപിയെന്ന് കരുതപ്പെടുന്ന, വടക്കുകിഴക്കിന്‍റെ ചുമതലയുള്ള, അസം മന്ത്രി ഹിമന്ത ബിശ്വ ശർമയും ചടങ്ങിൽ പങ്കെടുത്തു.

ഇത് ചരിത്രദിനമാണെന്നാണ് അമിത് ഷാ കരാ‌ർ ഒപ്പുവച്ചതിനെക്കുറിച്ച് പ്രതികരിച്ചത്. ''ചരിത്ര കരാറാണിത്. ബോഡോ മേഖലയെയും അസമിനെയും വികസനത്തിന്‍റെ വഴിയിലെത്തിക്കാൻ ഇത് വഴി കഴിയും. അസമിന്‍റെ അതിർത്തി രേഖകൾ ഒരിക്കലും മാറ്റി വരയ്ക്കപ്പെടില്ല. ബോഡോ ജനതയുടെ വികസനത്തിന് കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമായിരിക്കും'', അമിത് ഷാ വ്യക്തമാക്കി.

നേരത്തേയും സമാനമായ ഒരു സമാധാനക്കരാർ രൂപീകരിക്കാൻ കേന്ദ്രസർക്കാർ ശ്രമം നടത്തിയിരുന്നെങ്കിലും, മൂന്ന് ബോഡോ ഗ്രൂപ്പുകൾ വിട്ടു നിന്നതിനാൽ അത് പരാജയപ്പെടുകയായിരുന്നു.

Advertisment