Advertisment

ഒമ്പതാം ക്ലാസുകാരി അച്ഛനമ്മമാരുമൊത്ത് സര്‍ജനെ കാണാന്‍ ചെന്നത് പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് ചുണ്ടുകള്‍ മനോഹരമാക്കാന്‍ ; സര്‍ജന്‍ നോക്കിയപ്പോള്‍ ചുണ്ടിന് ഭംഗിക്കുറവൊന്നും ഇല്ല ; മകള്‍ ചത്തുകളയുമെന്ന് പറഞ്ഞ് കരഞ്ഞതു കൊണ്ടാണ് കൂടെ വന്നതെന്ന് മാതാപിതാക്കള്‍ ; കുട്ടിയെ ഉടനെ തന്നെ സൈക്കോളജിസ്റ്റിന് അരികിലെത്തിച്ച് സര്‍ജന്‍ ; ജീവിതം തകര്‍ക്കുന്ന ബോഡി ഷെയിമിങ്ങിനെ കുറിച്ച് ചില ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍

New Update

ബോഡി ഷെയിമിങ് എന്ന വാക്ക് പുതിയതാണ്. പക്ഷേ, എത്രയോ വർഷങ്ങളായി നിറത്തിന്റെ പേരിൽ, അൽപം തടി കൂടിയതിന്റെ പേരിൽ, കണ്ണ് ചെറുതായതിന്റെ പേരിൽ, മെലിഞ്ഞിരിക്കുന്നതിന്റെ പേരിൽ ആളുകൾ പരിഹസിക്കപ്പെടുന്നു. ദേശ–ലിംഗ–ഭാഷാ വ്യത്യാസമില്ലാതെ ലോകം ആളുകളെ ഇങ്ങനെ അവമതിക്കുന്ന കാര്യത്തിൽ ഒറ്റക്കെട്ടാണ്.

Advertisment

publive-image

നിത്യ എന്ന ഒൻപതാംക്ലാസ്സുകാരി സൈക്കോളജിസ്റ്റിന്റെ അടുത്തു വന്നപ്പോൾ ആദ്യം ശ്രദ്ധിച്ചത് സംസാരിക്കുമ്പോഴും അവൾ ടവൽ കൊണ്ട് ചുണ്ട് മറച്ചുപിടിക്കാൻ ശ്രമിക്കുന്നതാണ്. നഗരത്തിലെ പ്രശസ്തനായ പ്ലാസ്റ്റിക് സർജനാണ് അവളെ റഫർ ചെയ്തത്. വീട്ടുകാരൊത്ത് ചുണ്ട് പ്ലാസ്റ്റിക് സർജറി ചെയ്ത് സുന്ദരമാക്കാൻ അവിടെ ചെന്നതാണ്. സർജൻ നോക്കിയപ്പോൾ അത്ര അഭംഗിയൊന്നും ചുണ്ടിനില്ല. വീട്ടുകാരോട് ചോദിച്ചപ്പോൾ കുട്ടി ചത്തുകളയുമെന്നു പറഞ്ഞിട്ടാണത്രെ കൂടെ വന്നത്. അങ്ങനെയാണ് സൈക്കോളജിസ്റ്റിന്റെ അടുത്തയച്ചത്.

വീട്ടുകാരെ മാറ്റിനിർത്തി കുട്ടിയോട് സംസാരിച്ചപ്പോൾ നാലാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ഒരു ബന്ധു നടത്തിയ മോശം പരാമർശത്തെ കുറിച്ച് അവൾ തുറന്നുപറഞ്ഞു. അത് അവളുടെ മനസ്സിൽ മായാതെ കിടന്നു. ചുണ്ടിന് എന്തോ കാര്യമായ വൈകൃതമുണ്ടെന്ന് അവൾക്ക് തോന്നിത്തുടങ്ങി. നല്ല ചുണ്ടുള്ളവരെ കാണുമ്പോൾ കണ്ണാടിയിൽ തന്റേതുമായി താരതമ്യപ്പെടുത്തും.

പുറത്തിറങ്ങുമ്പോൾ പതിയെ ഒരു ടവൽ കൊണ്ട് ചുണ്ട് മറച്ചു പിടിച്ചു തുടങ്ങി. സ്കൂളിൽ ടീച്ചർമാരൊക്കെ ഈ മറയ്ക്കൽ ശ്രദ്ധിച്ചു തുടങ്ങിയപ്പോൾ വഴക്കു കിട്ടിത്തുടങ്ങി. സഹികെട്ടാണ് അവൾ സർജറിയ്ക്ക് വാശി പിടിച്ചത്.

അടുത്ത കൂട്ടുകാരോ ബന്ധുക്കളോ കുടുംബാംഗങ്ങളോ വിനോദഭാവേന പറയുന്ന പരാമർശങ്ങളും കളിയാക്കലുകളും ആഴത്തിലുള്ള മുറിവാകാം. പിൽക്കാലത്ത് സ്വന്തം ശരീരത്തേക്കുറിച്ചും രൂപത്തേക്കുറിച്ചും അവജ്ഞയും വെറുപ്പും രൂപപ്പെടാൻ ഇത് ഇടയാക്കും.

2019 ൽ മുംബൈ ആസ്ഥാനമായ ഫോർട്ടിസ് ഹെൽത് കെയർ ബോഡി ഷെയിമിങ്ങും അതുണ്ടാക്കുന്ന മാനസികമായ പ്രത്യാഘാതങ്ങളും സംബന്ധിച്ച് ഒരു സർവേ നടത്തി. 20 നഗരങ്ങളിൽ നിന്നുള്ള 15 വയസ്സിനും 65 വയസ്സിനും ഇടയിലുള്ള ആളുകളാണ് പങ്കെടുത്തത്. 47.5 ശതമാനം പേർ സ്കൂളിലോ ജോലിസ്ഥലത്തോ ബോഡി ഷെയിമിങ്ങിന് ഇരയായതായി വെളിപ്പെടുത്തി. 32.5 ശതമാനം പേർ കളിയാക്കൽ നേരിട്ടത് സുഹൃത്തുക്കളിൽ നിന്നു തന്നെയാണ്.

ബോഡി ഷെയിമിങ്ങിലേക്ക് നയിക്കുന്ന കാരണങ്ങളിൽ പ്രധാനം മാധ്യമങ്ങൾ വഴി ഒരാളുടെ രൂപഭാവങ്ങളെ കുറിച്ച് സൃഷ്ടിച്ചെടുക്കപ്പെടുന്ന പൊതുബോധമാണ്. പണ്ടത്തെ ഒരു പരസ്യം ഓർമയില്ലേ? ‘നിങ്ങളുടെ ശരീരം മെലിഞ്ഞുണങ്ങിയതാണോ, ഇത് കഴിക്കൂ’ എന്ന പരസ്യം അന്നത്തെ ആളുകളുടെ സൗന്ദര്യബോധത്തെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. സീറോ സൈസ് ഒക്കെ അരങ്ങുവാഴുന്ന ഇന്നത്തെ കാലത്ത് മെലിഞ്ഞിരിക്കുന്നതാണ് സൗന്ദര്യമെന്ന് ആളുകൾ കരുതുന്നു.

ടിവി ഷോകളിലും സിനിമയിലുമൊക്കെ ഒരാളുടെ ശരീര പ്രത്യേകതകളോ വൈരൂപ്യമോ ചിരിക്കുള്ള വകയായി ഉപയോഗിക്കാറുണ്ട്. ഇതും സമൂഹത്തിന്റെ പൊതുബോധത്തെ സ്വാധീനിക്കുന്നു. മാധ്യമങ്ങൾ സൃഷ്ടിക്കുന്ന പെർഫക്റ്റ് ബോഡി ഇമേജാണ് ബോഡി ഷെയിമിങ്ങിന് ഇടയാക്കുന്നതെന്നാണ് ഫോർട്ടിസ് സർവേയിൽ പങ്കെടുത്ത76 ശതമാനം പേരും കരുതുന്നത്.

ഒരാളെ കാണുന്നതേ നെഗറ്റീവായ പരാമർശങ്ങൾ നടത്തുക എന്നത് ചിലരുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. നെഗറ്റീവ് വ്യക്തിത്വമുള്ളവരും സ്വന്തമായി എന്തെങ്കിലും കുറവുകളോ അതു സംബന്ധിച്ച കോപ്ലക്സോ ഉള്ളവരും ഇത്തരം അവമതിക്കുന്ന തരം പരാമർശങ്ങൾ പതിവായി നടത്താറുണ്ട്.

‘‘ചിലരിൽ വിഷാദം വർധിച്ച് ആത്മഹത്യാ ചിന്തകളിലേക്ക് വരെ എത്താം.’’- ഡോ. ബഷീർകുട്ടി പറയുന്നു. ‘‘വിഷാദത്തിലേക്ക് വീണുപോയാൽ മരുന്നുകളും സൈക്കോതെറപ്പിയും കൊഗ്നിറ്റീവ് തെറപ്പിയും വേണ്ടിവരും. അവരിൽ അടിഞ്ഞുകൂടിയിരിക്കുന്ന തെറ്റായ ധാരണകളെ തിരുത്താൻ ഒന്നിലേറെ തെറപ്പി സെഷനുകൾ വേണ്ടിവരും.’’

 

Advertisment