Advertisment

രണ്ടു മണിക്കൂറിനുളളില്‍ സഹായം ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യും; ബ്രിട്ടന്‍ പ്രധാനമന്ത്രിയ്ക്ക് ഡല്‍ഹിയില്‍ നിന്നും 43കാരിയുടെ കത്ത്‌; ബോറിസ് ജോണ്‍സണ്‍ അറിയിച്ചതോടെ പാതിരാത്രിയില്‍ വീടുകള്‍ കയറിയിറങ്ങി പരാതിക്കാരിയെ കണ്ടെത്തി രക്ഷപ്പെടുത്തി ഡല്‍ഹി പൊലീസ്‌ !

New Update

ഡല്‍ഹി: ഡല്‍ഹിയില്‍ താമസിക്കുന്ന 43 കാരി ആത്മഹത്യ ചെയ്യുമെന്ന് കാണിച്ച് ബ്രിട്ടണ്‍ പ്രധാനമന്ത്രിക്ക് സന്ദേശം അയച്ചു. രണ്ടു മണിക്കൂറിനുളളില്‍ സഹായം ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു  ബ്രിട്ടണ്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നത്. സന്ദേശം ലഭിച്ച് ഉടന്‍ തന്നെ ലണ്ടനിലെ ഇന്ത്യന്‍ എംബസിയും വിദേശകാര്യമന്ത്രാലയവും ഡല്‍ഹി പൊലീസും സമയോചിതമായി ഇടപെട്ടതോടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു.

Advertisment

publive-image

ഡല്‍ഹിയിലെ രോഹിണി അമന്‍ വിഹാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ബുധനാഴ്ച രാത്രിയാണ് 43കാരി ബ്രിട്ടണ്‍ പ്രധാനമന്ത്രിക്ക് സന്ദേശം അയച്ചത്. രണ്ടു മണിക്കൂറിനുളളില്‍ സഹായം ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യും എന്നതായിരുന്നു സന്ദേശത്തിലെ ഉളളടക്കം. വിവാഹബന്ധം തകര്‍ന്നതിനെ തുടര്‍ന്ന് 43കാരി മാനസിക പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നതായി പൊലീസ് പറയുന്നു.

ലണ്ടനിലെ ഇന്ത്യന്‍ എംബസി ഉടന്‍ തന്നെ ഇടപെടാന്‍ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടുകയായിരുന്നു. വിവരം കൈമാറിയതോടെ രാത്രിയില്‍ തന്നെ വീടുവീടാന്തരം കയറിയിറങ്ങി 43കാരിയെ കണ്ടെത്താനുളള ഊര്‍ജ്ജിത ശ്രമത്തിലായിരുന്നു ഡല്‍ഹി പൊലീസ്. ഇ-മെയില്‍ സന്ദേശത്തില്‍ അവര്‍ മേല്‍വിലാസം രേഖപ്പെടുത്തിയിരുന്നില്ല.

രാത്രി ഒരുമണിക്കാണ് അമന്‍ വിഹാര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ 43കാരിക്കായുളള തെരച്ചില്‍ ആരംഭിച്ചത്. വീടുവീടാന്തരം കയറിയിറങ്ങി രണ്ടുമണിക്കൂര്‍ നേരം നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഇവരെ കണ്ടെത്തിയത്. തുടക്കത്തില്‍ വീട് തുറക്കാന്‍ ഇവര്‍ തയ്യാറായില്ല. തുടര്‍ന്ന്് വാതില്‍ തകര്‍ത്ത് അകത്തു കടക്കാന്‍ അഗ്നിശമന സേനയുടെ സഹായം പൊലീസ് തേടുകയായിരുന്നു.

ആശങ്കയും ഭയവും നിറഞ്ഞ മുഖത്തോടെയാണ് അവര്‍ പുറത്തേയ്ക്ക് വന്നതെന്ന് പൊലീസ് പറയുന്നു. വീട്ടില്‍ 18 ഓളം പൂച്ചകളെ വളര്‍ത്തിയിരുന്നു. വീടിന്റെ പരിസരത്ത് നിന്ന് ദുര്‍ഗന്ധം വമിച്ചിരുന്നതായും പൊലീസ് പറയുന്നു. സ്‌കൂളിലെ ടീച്ചറായിരുന്നു 43കാരി. വ്യക്തിപരമായ കാരണങ്ങളാല്‍ ഇവര്‍ ജോലി ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

boris jhonson suicide letter
Advertisment