സമൂഹമാധ്യമങ്ങളില്‍ വീണ്ടും ചൈനീസ് ഉത്പന്ന ബഹിഷ്‌കരണ ആഹ്വാനം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, March 14, 2019

ന്യൂഡല്‍ഹി: ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ സമൂഹമാധ്യമങ്ങളില്‍ ആഹ്വാനം. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയം യുഎന്‍ രക്ഷാസമിതിയില്‍ വീണ്ടും ചൈന തടഞ്ഞതോടെ സമൂഹമാധ്യമങ്ങളില്‍ വീണ്ടും ചൈനീസ് ഉത്പന്ന ബഹിഷ്‌കരണം എന്ന ആഹ്വാനം വളരുന്നത്.

പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരരെ പിന്തുണയ്ക്കുന്നത് ചൈനയാണെന്നുള്ള സന്ദേശങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതിനിടെ രാജ്യത്തെ ഏഴ് കോടിയോളം വ്യാപാരികളെ പ്രതിനിധീകരിക്കുന്ന കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് എന്ന സംഘടനയും ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംഘടനയില്‍ അംഗങ്ങളായിട്ടുള്ള വ്യാപാരികള്‍ ചൈനീസ് ഉത്പന്നങ്ങള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യരുതെന്ന് ഇവര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിനായുള്ള ബോധവത്കരണവും സംഘടന തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.

അതിനിടെ മസൂദ് അസറിനെതിരായ നീക്കം ചൈന തുടര്‍ച്ചയായി തടയുന്ന സാഹചര്യത്തില്‍ ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ സ്വന്തം നിലയില്‍ രക്ഷാസമിതിയില്‍ മസൂദിനെതിരായ നടപടികള്‍ കൊണ്ടുവരുമെന്നാണ് വിവരം. പാശ്ചാത്യ ശക്തികള്‍ യുഎന്നിന്റെ കരിമ്പട്ടികയില്‍ മസൂദ് അസറിനെ ഉള്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. രക്ഷാസമിതിയില്‍ ഒമ്പത് രാജ്യങ്ങളുടെ വോട്ട് ലഭിക്കുകയും ചൈന ഉള്‍പ്പെടെയുള്ള സ്ഥിരാംഗങ്ങള്‍ വീറ്റോ അധികാരം ഉപയോഗിക്കാതിരിക്കുകയും ചെയ്താല്‍ അസറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനാകും.

×