പിറന്നാള്‍ ദിനത്തില്‍ അദ്വാനിക്ക് പൂച്ചെണ്ടുകളുമായി മോദി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, November 8, 2018

ദില്ലി: പിറന്നാള്‍ ദിനത്തില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനിക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി. ദില്ലിയില്‍ അദ്വാനിയുടെ വീട്ടിലെത്തി പൂച്ചെണ്ടുകള്‍ നല്‍കിയാണ് മോദി ആശംസകള്‍ അറിയിച്ചത്.

ദേശീയ രാഷ്ട്രീയത്തിനും പാര്‍ട്ടിക്കും അദ്വാനി നല്‍കിയ സംഭവാവനകളെ മോദി എടുത്ത് പറഞ്ഞു. മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയോടൊപ്പം ബിജെപി എന്ന പാര്‍ട്ടിയുണ്ടാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച നേതാവാണ് അദ്വാനി.

എന്നാല്‍, 2014 പാര്‍ട്ടി അധികാരത്തില്‍ എത്തിയപ്പോള്‍ അദ്വാനിയും അദ്ദേഹത്തിന്‍റെ അടുപ്പക്കാരും സര്‍ക്കാര്‍ രൂപീകരണത്തില്‍ തഴയപ്പെട്ടു. ഇതോടെ മോദിയുമായി അത്ര ചേര്‍ച്ചയിലല്ല അദ്വാനിയെന്ന അണിയറ രഹസ്യം പല ഘട്ടത്തിലും മറ നീക്കി പുറത്ത് വന്നിരുന്നു.

ഇതിനെല്ലാം ഇടയിലാണ് മുതിര്‍ന്ന് നേതാവിന് ആശംസകളുമായി മോദി വീട്ടിലെത്തിയത്. ഇന്ന് രാവിലെ അദ്വാനിക്ക് ആശംസകള്‍ അറിയിച്ച് മോദി ട്വീറ്റ് ചെയ്തിരുന്നു.

ഇന്ത്യയുടെ വികസനത്തില്‍ അദ്വാനിയുടെ സംഭാവന മഹത്തരമാണെന്നും ദീര്‍ഘ വീക്ഷണത്തോടെയുള്ള അദ്ദേഹത്തിന്‍റെ തീരുമാനങ്ങള്‍ ജനസൗഹൃദപരമായിരുന്നുവെന്നുമാണ് മോദി ട്വീറ്റ് ചെയ്തത്. ബിജെപിയുടെ സമുന്നതനായ നേതാവിന് ഇന്ന് അമിത് ഷാ അടക്കമുള്ള പ്രമുഖരും പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരുന്നു.

 

×