Advertisment

'ന്യൂ ബ്രണ്‍സ്വിക് സിന്‍ഡ്രോം'! കാനഡയിൽ തലച്ചോറിനെ ബാധിക്കുന്ന അജ്ഞാത രോഗ വ്യാപനം; ആശങ്ക ഉയരുന്നു

New Update

publive-image

Advertisment

ഒട്ടാവ: തലച്ചോറിനെ ബാധിക്കുന്ന അജ്ഞാത രോഗം പടരുന്നതിൽ കാനഡയില്‍ ആശങ്ക ഉയരുന്നു. കാഴ്ചാ ശക്തി, കേൾവി, സംതുലനം, ഓർമ നഷ്ടപ്പെടൽ തുടങ്ങിയ ലക്ഷണമാണ് ഈ രോഗബാധിതരിൽ കണ്ടുവരുന്നത്. കാനഡയിലെ ന്യൂ ബ്രണ്‍സ്വിക് പ്രവിശ്യയിലാണ് ഈ അജ്ഞാത രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതുകൊണ്ടുതന്നെ ന്യൂ ബ്രണ്‍സ്വിക് സിന്‍ഡ്രോം എന്നാണ് രോഗത്തിന് പേരുനല്‍കിയിരിക്കുന്നത്.

48 പേര്‍ക്ക് ഇതിനകം രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആറ് പേര്‍ രോഗം ബാധിച്ച് മരിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 18നും 85നും ഇടയില്‍ പ്രായമുള്ളവരിലാണ് രോഗം സ്ഥിരീകരിച്ചട്ടുള്ളത്. സ്ത്രീകളും പുരുഷന്‍മാരും രോഗബാധിതരായിട്ടുണ്ട്.

രോഗം പടരുന്നത് എങ്ങനെയാണെന്ന് കണ്ടെത്താനോ ജനങ്ങൾക്ക് മുൻകരുതൽ നിർദേശം നൽകാനോ സാധിച്ചിട്ടില്ലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. രോഗം ഭയപ്പെടുത്തുന്നതാണെന്ന് ന്യൂ ബ്രൺസ്വിക് ആരോഗ്യമന്ത്രി ഡൊറോത്തി ഷെപ്പേഡ് പ്രതികരിച്ചു. രോഗത്തെ കുറിച്ച് പഠിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണിപ്പോൾ.

മൃഗങ്ങളില്‍നിന്ന് രോഗം ഉണ്ടാവാനുള്ള സാധ്യതകളെക്കുറിച്ചും പാരിസ്ഥിതിക ഘടകങ്ങളെക്കുറിച്ചും അന്വേഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇതുവരെ കൃത്യമായ നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. എല്ലാവിധ സാധ്യതകളും പരിശോധിച്ചുവരികാണെന്നും വൈകാതെ നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദഗ്ധ സമിതി അധ്യക്ഷന്‍ ഡോ. എഡ്വേര്‍ഡ് ഹെന്റിക്‌സ് പറഞ്ഞു.

വിഷാംശം, ബാക്ടീരിയ, വൈറസ് തുടങ്ങിയവയുടെ സാധ്യതകളും പരിശോധിച്ചുവരികയാണെന്നും എഡ്വേര്‍ഡ് ഹെന്റിക്‌സ് പറയുന്നു. വിചിത്രമായ ലക്ഷണങ്ങളോട് കൂടിയ രോഗം ഇവിടെ ആദ്യം സ്ഥിരീകരിക്കുന്നത് 2015-ലാണ്. ന്യൂറോളജിസ്റ്റ് ആയഡോ. എലിയർ മറോറോ ആയിരുന്നു ഇത് സ്ഥിരീകരിച്ചത്. 2020- ൽ സമാന ലക്ഷണങ്ങളോടെ പലരിലും രോഗലക്ഷണങ്ങൾ കണ്ടെത്തി. ഇതോടെയാണ് രോഗം പടരുന്നതായി ആശങ്കയുയർന്നത്.

ഏതാനും മാസങ്ങളായി ന്യൂ ബ്രണ്‍സ്വിക് മേഖലയിലുള്ള നിരവധി പേരില്‍ അജ്ഞാത രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായിരുന്നെന്ന് ആരോഗ്യവിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Advertisment