Advertisment

'ബുറെവി' ചുഴലിക്കാറ്റിനെ നേരിടാന്‍ സംസ്ഥാനം സജ്ജമെന്ന് മുഖ്യമന്ത്രി; എല്ലാ ജിലകളിലും കണ്‍ട്രോള്‍ റൂമുകള്‍; കേരളത്തിലെത്തുമ്പോള്‍ ചുഴലിക്കാറ്റിന്റെ വേഗത മണിക്കൂറില്‍ 60 കി.മീയില്‍ താഴെ

New Update

publive-image

Advertisment

തിരുവനന്തപുരം: 'ബുറെവി' ചുഴലിക്കാറ്റിനെ നേരിടാൻ സംസ്ഥാനസർക്കാർ സജ്ജമാണെന്ന് മുഖ്യമന്ത്രി. മുന്നറിയിപ്പുള്ള ജില്ലകളിൽ ആളുകളെ മാറ്റാൻ 2891 ദുരിതാശ്വാസക്യാമ്പുകൾ സജ്ജമാണ്. എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകളും 24 മണിക്കൂറും പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സഞ്ചാരപഥത്തിനു പുറമെ കൊല്ലം ജില്ലയുടെ വടക്കന്‍ മേഖലയിലും പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലും കൂടുതല്‍ മഴയ്ക്കു സാധ്യതയുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിമീ വരെ വേഗതയുള്ള ശക്തമായ കാറ്റും പ്രതീക്ഷിക്കാം.

കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്ന സഞ്ചാരപഥത്തിലൂടെ തന്നെ ചുഴലിക്കാറ്റ് സഞ്ചരിക്കുകയാണെങ്കില്‍ കൊല്ലം-തിരുവനന്തപുരം അതിര്‍ത്തി പ്രദേശങ്ങളിലൂടെയായിരിക്കും കേരളത്തിലേക്കു പ്രവേശിക്കുന്നത്. നാളെ പകല്‍ കേരളത്തിലൂടെ സഞ്ചരിച്ച് അറബിക്കടലിലേക്ക് എത്താനാണ് സാധ്യത. നിലവിലെ പ്രവചനം അനുസരിച്ച് കേരളത്തില്‍ എത്തുമ്പോള്‍ പരമാവധി വേഗത മണിക്കൂറില്‍ 60 കിലോമീറ്ററിലും താഴെയായിരിക്കും.

അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടാനും മലയോര മേഖലയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടാകാനുള്ള സാധ്യതയും ഉണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. വലിയ പ്രളയ സാഹചര്യം നിലവില്‍ പ്രതീക്ഷിക്കുന്നില്ല. ശക്തമായ കാറ്റില്‍ മേല്‍ക്കൂര ശക്തമല്ലാത്ത വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും അപകടങ്ങള്‍ സംഭവിക്കാം.

പൊലീസ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസ്, സിവില്‍ ഡിഫന്‍സ് തുടങ്ങിയ രക്ഷാ സേനകള്‍ സജ്ജമാക്കി ആവശ്യമായ ഇടങ്ങളില്‍ വിന്യസിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ 8 ടീമുകളെ വിവിധ ജില്ലകളിലായി വിന്യസിച്ചു. സൈന്യത്തോടും അര്‍ദ്ധ സൈനിക വിഭാഗങ്ങളോടും സജ്ജരായി ഇരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുന്നറിയിപ്പുള്ള ജില്ലകളില്‍ സുരക്ഷ മുന്‍നിര്‍ത്തി ആളുകളെ മാറ്റി താമസിപ്പിക്കാന്‍ 2891 ദുരിതാശ്വാസ ക്യാംപുകള്‍ സജ്ജമാക്കി.

Advertisment