Advertisment

വാഹന വായ്പകള്‍ക്കായി മാരുതി സുസുക്കിയും ഫെഡറല്‍ ബാങ്കും കൈകോര്‍ക്കുന്നു

New Update

കൊച്ചി:  ഡീലര്‍മാര്‍ക്കും ഉപഭോക്താക്കള്‍ക്കും മെച്ചപ്പെട്ട വായ്പാ സേവനങ്ങള്‍ നല്‍കുന്നതിനായി മാരുതി സുസുക്കി ഇന്ത്യാ ലിമിറ്റഡും മുന്‍ നിര സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കും കൈകോര്‍ക്കുന്നു. ഇതു സംബന്ധിച്ച ധാരണാ പത്രം ഇരു സ്ഥാപനങ്ങളും ഒപ്പിട്ടു.

Advertisment

publive-image

ഉയര്‍ന്ന വായ്പ, ദീര്‍ഘ തിരിച്ചടവ് കാലാവധി, മികച്ച പലിശ നിരക്കുകള്‍, അതിവേഗ വായ്പ തുടങ്ങിയ വായ്പാ സൗകര്യങ്ങളാണ് ഈ പങ്കാളിത്തത്തിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.

മാരുതി സുസുക്കി സീനിയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഎഫ്ഓയുമായ അജയ് സേത്ത്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ, ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍, സിഒഒയും റീട്ടെയ്ല്‍ ബിസിനസ് ഹെഡുമായ ശാലിനി വാര്യര്‍, ഇരു സ്ഥാപനങ്ങളില്‍ നിന്നുമുള്ള മറ്റു ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സാമ്പത്തിക പങ്കാളിയായി 2019 ഓഗസ്റ്റിലാണ് മാരുതി സുസുക്കി ലിമിറ്റഡ് ഫെഡറല്‍ ബാങ്കിനെ അംഗീകരിച്ചത്.

publive-image

ഫെഡറല്‍ ബാങ്കുമായി കൈകോര്‍ക്കുന്നത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സാമ്പത്തിക സേവനങ്ങള്‍ നല്‍കാന്‍ മാരുതി സുസുക്കിയെ സഹായിക്കുമെന്ന് ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. ഫെഡറല്‍ ബാങ്കിന്റെ രാജ്യത്തുടനീളമുള്ള സാന്നിധ്യം മാരുതി ഉപഭോക്താക്കളുടെ അടിത്തറ വിപുലപ്പെടുത്താന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചര്‍ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയുമായി കൈകോര്‍ക്കാനായതില്‍ വലിയ സന്തോഷമുണ്ടെന്ന് ഫെഡറല്‍ ബാങ്ക് മേധാവി ശ്യാം ശ്രീനിവാസന്‍ പറഞ്ഞു.

ഡീലര്‍മാര്‍ക്കും റീട്ടെയ്ല്‍ ബാങ്കിങ് ഉപഭോക്താക്കള്‍ക്കും മികച്ച സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള കൂടുതല്‍ സേവനങ്ങള്‍ നല്‍കാന്‍ ഇതുവഴി സാധിക്കും. പരിധികളില്ലാത്ത സാമ്പത്തിക സേവനങ്ങള്‍ മാരുതി സുസുക്കിയേയും ഡീലര്‍മാരേയും വിപണി വിപുലപ്പെടുത്താന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment