Advertisment

ചെറുകിട ഇടത്തരം മേഖലയ്ക്കുള്ള വാണിജ്യ വായ്പാ വളര്‍ച്ചയില്‍ ഇടിവ്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  രാജ്യത്തെ ചെറുകിട ഇടത്തരം മേഖലയ്ക്കായുള്ള വാണിജ്യ വായ്പകളുടെ വളര്‍ച്ചയില്‍ ഇടിവുണ്ടായതായി ഈ വര്‍ഷം ജൂണില്‍ അവസാനിച്ച ത്രൈമാസത്തേക്കുള്ള കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

Advertisment

ട്രാന്‍സ് യൂണിയന്‍ സിബില്‍ സിഡ്ബി എംഎസ്എംഇ പള്‍സ് റിപോര്‍ട്ടാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി എല്ലാ ത്രൈമാസങ്ങളിലും തുടര്‍ച്ചയായ വളര്‍ച്ച രേഖപ്പെടുത്തിയ ശേഷമാണ് ഈ സ്ഥിതി.

കഴിഞ്ഞ വര്‍ഷം ജൂണില്‍ അവസാനിച്ച ത്രൈമാസത്തെ അപേക്ഷിച്ച് ഇത്തവണ 10.4 ശതമാനം വളര്‍ച്ച കൈവരിക്കാനായി എങ്കിലും മുന്‍ ത്രൈമാസത്തെ അപേക്ഷിച്ച് 2.6 ശതമാനം ഇടിവാണ് ഇത്തവണ വായ്പയുടെ കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്.

2019 മാര്‍ച്ചിലെ 65.5 ലക്ഷം കോടി രൂപയില്‍ നിന്ന് 2019 ജൂണില്‍ 63.8 ലക്ഷം കോടി രൂപയിലേക്കാണ് ഇന്ത്യയിലെ വാണിജ്യ വായ്പകള്‍ കുറഞ്ഞിട്ടുള്ളത്.

ഇക്കാലയളവില്‍ നിഷ്‌ക്രിയ ആസ്തികള്‍ 15.5 ശതമാനത്തില്‍ നിന്ന് 16.1 ശതമാനമായതോടെ ആസ്തികളുടെ ഗുണനിലവാരത്തിലും ഇടിവു ദൃശ്യമാണ്. വാഹന വ്യവസായ മേഖലയിലെ വായ്പാ നഷ്ട സാധ്യതകളെക്കുറിച്ചും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

വാഹന വ്യവസായ മേഖലയിലെ നിഷ്‌ക്രിയ ആസ്തികള്‍ ചെറുകിട ഇടത്തരം രംഗത്തെ മറ്റു വ്യവസായ മേഖലകളേക്കാള്‍ മികച്ച നിലയിലാണെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ട്രാന്‍സ് യൂണിയന്‍ സിബില്‍ മനേജിങ് ഡയറക്ടറും സി ഇ ഒയുമായ സതീഷ് പിള്ള ചൂണ്ടിക്കാട്ടി.

പുരോഗമനപരമായ നയങ്ങളും പിന്തുണയും വഴി വാഹന വ്യവസായ മേഖലയ്ക്ക് ഇന്ത്യന്‍ സമ്പദ്ഘടനയിലെ ശക്തമായ സ്ഥാനം നിലനിര്‍ത്താനാവുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment