എസ്‌ബിഐ ഗ്രീന്‍ മാരത്തോണ്‍ ഡിസംബര്‍ ഒന്‍പതിന്‌

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, December 5, 2018

തിരുവനന്തപുരം:  എസ്‌ബിഐ ഗ്രീന്‍ മാരത്തോണിന്റെ രണ്ടാം സീസണ്‍ ഡിസംബര്‍ ഒന്‍പതിനു നടക്കും. ശംഖുമുഖം ബീച്ചില്‍ രാവിലെ അഞ്ചു മുതല്‍ നടക്കുന്ന എസ്‌ബിഐ ഗ്രീന്‍ മാരത്തോണില്‍ അഞ്ചു കിലോമീറ്റര്‍, പത്തു കിലോമീറ്റര്‍, 21 കിലോമീറ്റര്‍ വിഭാഗങ്ങളാവും ഉണ്ടാകുക.

ഹരിതാഭമായ നാളേയ്‌ക്കായുളള ഓട്ടം എന്ന പ്രമേയവുമായാണ്‌ ഇതു സംഘടിപ്പിക്കുന്നത്‌. സെപ്‌റ്റംബര്‍ 30ന്‌ 15 കിലോമീറ്റര്‍ നഗര മാരത്തോണ്‍ എന്ന നിലയില്‍ ഡെല്‍ഹിയിലാണ്‌ എസ്‌ബിഐ മാരത്തോണ്‍ ആരംഭിച്ചത്‌.

ലക്‌നോ, ഹൈദരാബാദ്‌, മുംബൈ, ബംഗളൂരു എന്നിവിടങ്ങളില്‍ നടത്തുന്ന ഇത്‌ 2019 മാര്‍ച്ച്‌ വരെ തുടരും. youtoocanrun.com, bookmyshoow.com എന്നിവയില്‍ ഡിസംബര്‍ ആറു വരെ ഇതിനായുള്ള രജിസ്‌ട്രേഷന്‍ നടത്താനാവും.

രണ്ടായിരത്തോളം പേര്‍ മാരത്തോണില്‍ പങ്കെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്‌. എല്ലാ പങ്കാളികള്‍ക്കും ചെടികളുടെ തൈകള്‍ നല്‍കും, റീ സൈക്കിള്‍ ചെയ്‌ത പ്ലാസ്‌റ്റിക്ക്‌ ഉപയോഗിച്ചു നിര്‍മിച്ച ടീ ഷര്‍ട്ടുകള്‍ നല്‍കും തുടങ്ങിയ സവിശേഷതകളും ഈ മാരത്തോണിനുണ്ട്‌.

×