സിയറ്റ് ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗ് ഒന്നാം സീസണ്‍ മെഗാ റൈഡര്‍ ലേലം സമാപിച്ചു

New Update
3

കൊച്ചി: ലോകത്തിലെ ആദ്യത്തെ ഫ്രാഞ്ചൈസി അധിഷ്ഠിത സൂപ്പര്‍ക്രോസ് ലീഗായ സിയറ്റ് ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗ് ഒന്നാം സീസണിനായുള്ള മെഗാ റൈഡര്‍ ലേലത്തിന് വിജയകമായ സമാപനം. പൂനെയിലെ ജെഡബ്ല്യു മാരിയറ്റില്‍ നടന്ന ലേലത്തില്‍ 73 അന്താരാഷ്ട്ര റേസര്‍മാരും, 31 ഇന്ത്യന്‍ റൈഡര്‍മാരും ഉള്‍പ്പെടെ 104 റൈഡര്‍മാര്‍ പങ്കെടുത്തു. ആറ് ടീമിനും ഓരോ വിഭാഗത്തിലും 2 റൈഡര്‍മാരെ വരെയാണ് അനുവദിച്ചത്. പരമാവധി 48 സ്ലോട്ടുകള്‍ ലഭ്യമായിരുന്നു. ആകെ ലേലത്തുക 6 കോടിയില്‍ എത്തിയത് ലീഗിന്റെ മികവിനോടുള്ള പ്രതിബദ്ധതയെ അടിവരയിടുന്നതായി.

Advertisment

250 സിസി ഇന്ത്യ-ഏഷ്യ മിക്‌സ് കാറ്റഗറിയില്‍ ഉള്‍പ്പൈട്ട ശ്രീലങ്കയുടെ ജാക്വസ് ഗുണവര്‍ധനയാണ് ലേലത്തിലെ ഏറ്റവും ഉയര്‍ന്ന ലേലം നേടിയത്. ഇക്ഷന്‍ ഷാന്‍ഭാഗ്, ശ്ലോക് ഘോര്‍പഡെ, റഗ്‌വേദ് ബര്‍ഗുജെ എന്നിവര്‍ ലേലത്തില്‍ ഏറ്റവുമധികം തുക നേടുന്ന ഇന്ത്യന്‍ റൈഡര്‍മാരായി. പവര്‍പാക്ക്ഡ് 450 സിസി ഇന്റര്‍നാഷണല്‍ വിഭാഗത്തില്‍ തോമസ് റാമറ്റ് ഏറ്റവും ഉയര്‍ന്ന ലേലത്തുക നേടി. 85 സിസി ജൂനിയര്‍ ക്ലാസിലെ ഏറ്റവും ഉയര്‍ന്ന ലേലത്തുക നേടി യുവ പ്രതിഭ ഭൈരവ് സി ഗൗഡ ശ്രദ്ധ പിടിച്ചുപറ്റി. ഐഎസ്ആര്‍എല്‍ വനിതാ റൈഡര്‍മാരായ അലീന മന്‍സൂര്‍ ഷെയ്ഖ്, നിഥില ദാസ് എന്നിവരെയും ടീമുകള്‍ ലേലത്തില്‍ വിളിച്ചു.

9 തവണ ഓസ്‌ട്രേലിയന്‍ എംഎക്‌സ്, എസ്എക്‌സ് ചാമ്പ്യനായ മാറ്റ് മോസ്, 4 തവണ ഇറ്റാലിയന്‍ സൂപ്പര്‍ക്രോസ് ചാമ്പ്യന്‍ ലോറെന്‍സോ കാംപോറെസ്, 4 തവണ ദക്ഷിണാഫ്രിക്ക ചാമ്പ്യന്‍ ആന്റണി റെയ്‌നാര്‍ഡ്, നാലുതവണ ദക്ഷിണാഫ്രിക്കന്‍ ചാമ്പ്യനായ ആന്റണി റെയ്‌നാര്‍ഡ്, രണ്ടു തവണ യൂറോപ്യന്‍/ഫ്രഞ്ച് വൈസ് ചാമ്പ്യന്‍ തോമസ് റാമറ്റ്, ജര്‍മനിയുടെ എംഎക്‌സ്ജിപി റേസര്‍ നിക്കോ കോച്ച്, മൂന്ന് തവണ ഇന്ത്യന്‍ നാഷണല്‍ ചാമ്പ്യനായ റഗ്‌വേദ് ബര്‍ഗുജെ, രണ്ട് തവണ ഇന്തോനേഷ്യ ചാമ്പ്യനായ ആനന്ദ റിഗി ആദിത്യ തുടങ്ങിയ പ്രമുഖ റൈഡര്‍മാര്‍ ഉദ്ഘാടന സീസണില്‍ വിവിധ ടീമുകള്‍ക്കായി മത്സരിക്കുന്നുണ്ട്. 450സിസി ഇന്റര്‍നാഷണല്‍, 250സിസി ഇന്റര്‍നാഷണല്‍, 250സിസി ഇന്ത്യഏഷ്യ മിക്‌സ്, 85സിസി ജൂനിയര്‍ ക്ലാസ് എന്നിങ്ങനെ നാല് റേസിങ് വിഭാഗങ്ങളിലായാണ് ഉദ്ഘാടന സീസണ്‍ അരങ്ങേറുക.

മോട്ടോര്‍സ്‌പോര്‍ട്ടിന്റെ പരിണാമത്തിലെ ഒരു ഉജ്ജ്വല നിമിഷമാണിതെന്ന് മെഗാ ലേലത്തെ കുറിച്ച് സംസാരിച്ച സിയറ്റ് ഐഎസ്ആര്‍എലിന്റെ ഡയറക്ടറും സഹസ്ഥാപകനുമായ വീര്‍ പട്ടേല്‍ പറഞ്ഞു. ഈ മികച്ച തുടക്കം, സൂപ്പര്‍ക്രോസിനെ പുനര്‍നിര്‍വചിക്കുക മാത്രമല്ല ആഗോള മോട്ടോര്‍സ്‌പോര്‍ട്ട് രംഗത്ത് മായാത്ത മുദ്ര പതിപ്പിക്കുന്ന ഒരു ഉദ്ഘാടന സീസണിന് കളമൊരുക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment