Advertisment

‘ഇന്ത്യയിൽ ജീവിക്കാൻ തനിക്ക് അവകാശമില്ല’ ; 22 വർഷം സിആർപിഎഫിൽ സേവനമനുഷ്ഠിച്ച വിമുക്ത ഭടന്റെ വീടും കത്തിച്ചു ; 200–300 കലാപകാരികൾ പാഞ്ഞുവന്നു കല്ലെറിയുകയായിരുന്നു; അവർ വെടിവച്ചു, വീടുകൾക്കു തീയിട്ടു ; വിമുക്ത ഭടന്റെ വാക്കുകൾ ഇങ്ങനെ

New Update

ഡൽഹി : പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ കലാപം ആളിക്കത്തിയ ഡൽഹിയുടെ നേർചിത്രം വരച്ചുകാട്ടി വിമുക്ത ഭടന്റെ വാക്കുകൾ. ‘ഇന്ത്യയിൽ ജീവിക്കാൻ തനിക്ക് അവകാശമില്ല’ എന്നാണു ദേശീയമാധ്യമത്തോടു മുൻ സിആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ ഐഷ് മുഹമ്മദ് നൊമ്പരത്തോടെ പറഞ്ഞത്. ഡൽഹി കലാപത്തിന്റെയും ദുരിതാശ്വാസ ക്യാംപിലെയും അനുഭവം വിവരിക്കുകയായിരുന്നു അദ്ദേഹം. 22 വർഷം സിആർപിഎഫിൽ സേവനമനുഷ്ഠിച്ച മുഹമ്മദ് 2002ൽ ഹെഡ് കോൺസ്റ്റബിളായാണു വിരമിച്ചത്.

Advertisment

publive-image

200–300 കലാപകാരികൾ പാഞ്ഞുവന്നു കല്ലെറിയുകയായിരുന്നു. അവർ വെടിവച്ചു, വീടുകൾക്കു തീയിട്ടു. 26 വയസ്സുള്ള മകന്റെ കൂടെ വീട്ടിലിരിക്കുകയായിരുന്നു ഞാൻ. അക്രമകാരികളുടെ ബഹളം കേട്ടു ഞങ്ങൾ ടെറസിലേക്കോടി. അയൽവാസിയുടെ വീട്ടിലേക്ക് എടുത്തുചാടി. മാർച്ച് 29ന് ബന്ധുവിന്റെ കല്യാണം നിശ്ചയിച്ചിരിക്കുകയായിരുന്നു. അതിനായി സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളെല്ലാം അവർ മോഷ്ടിച്ചു. ജമ്മു കശ്മീരിലുൾപ്പെടെ ഞാൻ ജോലി ചെയ്തിട്ടുണ്ട്, പരുക്കേറ്റിട്ടുണ്ട്. ഇപ്പോഴത്തെ കലാപത്തിനുശേഷം ഈ രാജ്യത്ത് ജീവിക്കാൻ അവകാശമില്ലെന്നു തോന്നിത്തുടങ്ങി’– ഐഷ് മുഹമ്മദ് പറഞ്ഞു.

ഇദ്ദേഹത്തിന്റെ വീടിന്റെ ഒന്നാം നിലയും രണ്ടു മോട്ടർ ബൈക്കുകളും കലാപകാരികൾ തീയിട്ടു നശിപ്പിച്ചു. ജന്മനാടായ ബുലന്ദ്ഷഹറിലേക്കു ഭാര്യയെയും രണ്ടു മക്കളെയും പറഞ്ഞയച്ച മുഹമ്മദ്, ബാക്കിയായ വീടും വസ്തുക്കളും സംരക്ഷിക്കാൻ ഇവിടെത്തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.

മുസ്തഫാബാദിലെ ക്യാംപിലാണു മുഹമ്മദ് ഉൾപ്പെടെ പ്രദേശത്തെ നൂറു കണക്കിനു പേർ താമസിക്കുന്നത്. ഫെബ്രുവരി 25നാണ് അക്രമകാരികൾ ഭാഗീരഥി വിഹാറിലെ ഇദ്ദേഹത്തിന്റെ വീടടക്കം അഗ്നിക്കിരയാക്കിയത്.

ഡൽഹി കലാപത്തിൽ 46 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. പൊലീസ് 254 കേസുകൾ റജിസ്റ്റർ ചെയ്തു, 903 പേരെ കസ്റ്റഡിയിലെടുത്തു. പൊതുവേ സ്ഥിതി ശാന്തമാണെങ്കിലും ഭീതിയൊഴിഞ്ഞിട്ടില്ല. വീടുവിട്ട പലരും ബന്ധുവീടുകളിലും ക്യാംപുകളിലുമാണു കഴിയുന്നത്. പരുക്കേറ്റ ഇരുനൂറോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഡൽഹി പൊലീസിന്റെയും ക്രൈം ബ്രാഞ്ചിന്റെയും കീഴിൽ രണ്ടു പ്രത്യേക സംഘങ്ങൾ (എസ്ഐടി) കലാപത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.

delhi police caa protest delhi riots
Advertisment