Advertisment

മുത്തലാഖ്: വീണ്ടും കേന്ദ്രം ഓഡിനന്‍സ് ഇറക്കും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ദില്ലി: മുത്തലാഖില്‍ വീണ്ടും ഓഡിനന്‍സ് ഇറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കേന്ദ്രമന്ത്രിസഭ യോഗമാണ് വീണ്ടും ഓഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്. നേരത്തെ ഓഡിനന്‍സിന് പകരമായി ബില്ല് സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ലോക്സഭയില്‍ പാസായ ബില്ല് രാജ്യസഭയില്‍ പാസായില്ല. ഈ അവസ്ഥയിലാണ് വീണ്ടും ഓഡിനന്‍സ് ഇറക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.

മുസ്ലീം സ്ത്രീകളെ മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന രീതി സുപ്രീംകോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഇതിന് ശേഷമാണ് മുത്തലാഖ് ക്രിമിനല്‍കുറ്റം ആക്കുന്ന തരത്തില്‍ കേന്ദ്രം നിയമം കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ലോക്സഭയില്‍ ബില്ല് പാസായെങ്കിലും രാജ്യസഭയില്‍ ഈ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചില്ല ഇതോടെ ബില്ല് പാസാക്കാനുള്ള കേന്ദ്രത്തിന്‍റെ നീക്കം പാളിയതോടെയാണ് വീണ്ടും ഓഡ‍ിനന്‍സ് ഇറക്കാനിരിക്കുന്നത്.

നേരത്തെ മുത്തലാഖ് ബില്ല് രാജ്യസഭ പാസാക്കിയില്ലെങ്കിൽ വീണ്ടും ഓര്‍ഡിനൻസ് കൊണ്ടു വരുമെന്ന് പാർലമെന്‍ററികാര്യ സഹമന്ത്രി വിജയ് ഗോയൽ പറഞ്ഞിരുന്നു. രാജ്യസഭ വീണ്ടും ബില്ല് പരിഗണിക്കാനിരിക്കെയാണ് അന്ന് മന്ത്രി സർക്കാർ നിലപാട് വ്യക്തമാക്കിയത്.

അതേ സമയം ജനുവരി ഒന്നിന് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബിൽ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല. ബിൽ ചര്‍ച്ചയ്ക്കെടുക്കാനുള്ള നീക്കത്തിനിടെ അണ്ണാഡിഎംകെ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുകയായിരുന്നു. കാവേരി വിഷയം ചൂണ്ടിക്കാട്ടിയായിരുന്നു ബഹളം. ഇതോടെ ബിൽ ചര്‍ച്ചയ്ക്കെടുക്കാനാവില്ലെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങ് അറിയിച്ചു. തുടര്‍ന്ന് സഭ ബുധനാഴ്ച വരെ പിരിഞ്ഞു.

Advertisment