പ്രളയബാധിത മേഖലകളില്‍ ജപ്തി നടപടി ഒഴിവാക്കും

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, February 12, 2019

തിരുവനന്തപുരം: പ്രളയ ബാധിത മേഖലകളില്‍ ജപ്തി നടപടികള്‍ പാടില്ലെന്ന് ബാങ്കുകളോട് നിര്‍ദ്ദേശിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ ഇക്കാര്യം സര്‍ക്കാര്‍ മുന്നോട്ടുവെക്കും. പ്രളയ ബാധിത മേഖലയിലെ ബാങ്ക് വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മോറട്ടോറിയം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. മോറട്ടോറിയം നിലനില്‍ക്കെയും ജപ്തി നടപടികളുമായി സഹകരണ ബാങ്കുകളടക്കം മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍.

ട്രാസ്‌പോര്‍ട് കമ്മീഷണര്‍ കെ.പദ്മകുമാറിനെ മാറ്റാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. കോസ്റ്റല്‍ പോലീസ് എ.ഡി.ജി.പി സുദേഷ് കുമാറിനെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി നിയമിക്കും. പദ്മകുമാറിന് പകരം നിയമനം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയ്ക്ക് കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ലിമിറ്റഡ് ചെയര്‍മാന്റെ അധിക ചുമതല നല്‍കും. കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരികെയെത്തിയ എന്‍ .പ്രശാന്തിനെ ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്റ് നാവിഗേഷന്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.

×