14 കാരിയായ മകളെ സ്വന്തം മാതാവ് കേരളത്തിനു പുറത്തും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ചു. ഒടുവില്‍ കുടുക്കിയത് ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍ ?

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Wednesday, September 12, 2018

കോഴിക്കോട് : നാദാപുരത്ത്  പ്രായപൂര്‍ത്തിയാകാത്ത 14 കാരിയെ ലൈംഗിക ബന്ധങ്ങള്‍ക്ക് പ്രേരിപ്പിച്ചതിന് അറസ്റ്റിലായ യുവതിയെ കുടുക്കിയത് ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍. സംഭവത്തില്‍ യുവതിയ്ക്കും മറ്റ് 5 പേര്‍ക്കെതിരെയും നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പതിനാലുകാരിയായ മകളെ സംസ്ഥാനത്തിനകത്തും പുറത്തുമായി മാതാവ് പലര്‍ക്കുമായി അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിക്കുകയായിരുന്നു എന്നാണ് പരാതി. ചോമ്പാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ യുവതിയെ മലപ്പുറത്തേക്ക് വിവാഹം ചെയ്ത് കൊണ്ടുപോവുകയായിരുന്നു. ബന്ധത്തില്‍ യുവതിക്ക് മൂന്ന് മക്കളുണ്ട്.

യുവതിയുടെ ദുര്‍നടപ്പ് മനസിലാക്കിയതോടെ ഭര്‍ത്താവ് ബന്ധം വേര്‍പെടുത്തി. പിന്നീട് യുവതി ജില്ലയില്‍ പലയിടത്തും വാടകയ്ക്ക് താമസം ആരംഭിച്ചു. ഇതിനിടെ വിവിധ സ്ഥലങ്ങളില്‍ സ്വന്തം മകളെ ഇവര്‍ പലര്‍ക്കായി കാഴ്ചവെച്ചത്. താമസസ്ഥലത്തെത്തി ചിലര്‍ കാറില്‍ കയറ്റിക്കൊണ്ട് പോയും ടൗണുകളിലെ ലോഡ്ജുകളില്‍ മുറിയെടുത്തുമായിരുന്നു കുട്ടിയെ പീഡിപ്പിച്ചത്.

ഡോക്ടറെ കാണാന്‍ എന്നുള്ള പേരിലും മറ്റുമായിരുന്നു യുവതി മുറിയെടുത്തിരുന്നത്. മാതാവിനൊപ്പമായിരുന്ന പെണ്‍കുട്ടി പിതാവിന്റെ ബന്ധുക്കളുമായി ബന്ധം സ്ഥാപിച്ചതോടെയാണ് പീഡന വിവരം പുറത്ത് വരുന്നത്. പിതാവിന്റെ ബന്ധുക്കള്‍ വിവരം പോലീസില്‍ പറയുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുക്കുകയും വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തു. ലൈംഗിക അതിക്രമം നടന്നിട്ടില്ലെന്നാണ് കുട്ടിയുടെ മൊഴി. കോടതിയില്‍ ഹാജരാക്കിയ ശേഷം കുട്ടിയെ പിതാവിന്റെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു. ബലാത്സംഗശ്രമം, കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം, പോസ്‌കോ നിയമം, ബാല നീതി നിയമം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് റജിസ്റ്റ്രര്‍ ചെയ്തിരിക്കുന്നത്. അറസ്റ്റിലായ യുവതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

×