തിരുവനന്തപുരം: കാല് ലക്ഷത്തിലേറെ കാറുകളാണ് കേരളത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പുതുച്ചേരിയില്‍ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. നികുതി വെട്ടിച്ച 2356 ആഡംബര വാഹനങ്ങളുടെ പട്ടിക മോട്ടോര്‍വാഹന വകുപ്പ് തയാറാക്കിയിട്ടുണ്ട്. ഇതിനു പുറമേ, ഏകദേശം 23,000 ഇടത്തരം കാറുകളും ഇത്തരത്തില്‍ പുതുച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണു ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. നികുതി വെട്ടിക്കാന്‍ പ്രേരിപ്പിക്കുകയും ഒത്താശ ചെയ്യുകയും ചെയ്ത സംസ്ഥാനത്തെ 11 കാര്‍ ഡീലര്‍മാര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ ആഡംബര കാര്‍ ഷോറൂം മാനേജര്‍മാരെ പ്രതിയാക്കിയാണു കേസ്.
കൊച്ചിയിലെ ഒരു ഷോറൂമില്‍നിന്നു കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ വിറ്റ 46 കാറുകള്‍ പുതുച്ചേരിയില്‍ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തു നികുതിവെട്ടിച്ചതായി ഐജി പറഞ്ഞു. മറ്റ് 20 കാര്‍ ഡീലര്‍മാരുടെ പങ്കും അന്വേഷണത്തിലാണ്.
ഇത്തരം കാറുടമകളുടെ കേരളത്തിലെയും പുതുച്ചേരിയിലെയും വിലാസങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു തുടങ്ങി. പിവൈ-01, പിവൈ-03, പിവൈ-05 ആര്‍ടി ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ പട്ടികയാണു ശേഖരിക്കുന്നത്. ഇതില്‍, പിവൈ-03 മാഹി രജിസ്ട്രേഷനും മറ്റു രണ്ടും പുതുച്ചേരിയിലുമാണ്. നേരത്തേ, 50 ലക്ഷം രൂപയ്ക്കു മുകളില്‍ വിലയുള്ള കാറുകളുടെ നികുതി വെട്ടിപ്പാണു ക്രൈംബ്രാഞ്ച് അന്വേഷിച്ചത്. ഇപ്പോള്‍, 50 ലക്ഷത്തില്‍ താഴെ വിലയുള്ള കാറുകളുടെ കണക്കാണു ശേഖരിക്കുന്നത്.
പുതുച്ചേരിയില്‍ പതിനായിരത്തിലേറെ വാടകവീടുകള്‍ മാത്രമേയുള്ളൂവെന്നും അപ്പോള്‍ 23,000 പേര് അവിടെ എങ്ങനെ വാടകവീട്ടില്‍ താമസിക്കുന്നുവെന്നത് അന്വേഷിക്കുകയാണെന്നും ക്രൈംബ്രാഞ്ച് ഐജി: എസ്.ശ്രീജിത് പറഞ്ഞു. കുറേ പേര് നേരായ രീതിയില്‍ രജിസ്റ്റര്‍ ചെയ്തവരാകാം. മാഹിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ പലതും അത്തരത്തില്‍പെടും. എങ്കിലും ഇരുപതിനായിരത്തിലേറെ വാഹനങ്ങള്‍ നികുതിവെട്ടിച്ച പട്ടികയില്‍ വരുമെന്നാണു നിഗമനം. പട്ടിക ഉടന്‍ മോട്ടോര്‍വാഹന വകുപ്പിനു കൈമാറും. ഒരുകോടി വിലയുള്ള വാഹനം പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്താല്‍ 19 ലക്ഷം രൂപയാണ് ഉടമയ്ക്കു ലാഭം. കേരളത്തില്‍ 20 ലക്ഷം രൂപ നികുതി നല്‍കണം.