അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെയും മറ്റ് മൂന്നുപേരെയും കിര്‍ത്താഡ്‌സില്‍ അനധികൃതമായി നിയമിച്ചു; മന്ത്രി ബാലനും നിയമന വിവാദത്തില്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, February 11, 2019

കോഴിക്കോട് :   എ കെ ബാലനെതിരെ അനധികൃത നിയമന ആരോപണവുമായി
യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. ബാലന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി മണിഭൂഷണെയും, മറ്റ് മൂന്നുപേരെയും മന്ത്രി അനധികൃതമായി കിര്‍ത്താഡ്‌സില്‍ നിയമിച്ചു എന്നാണ് ഫിറോസ് ആരോപിച്ചത്.

ചട്ടം 39 സര്‍ക്കാര്‍ മറികടന്നു. വിവിധ വകുപ്പുകളുടെ എതിര്‍പ്പ് മറികടന്നാണ് ബാലന്‍ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ നിയമിച്ചതെന്നും ഫിറോസ് ആരോപിച്ചു. അദ്ദേഹത്തെ നിയമിക്കുന്നതിനായി വേണ്ടത്ര യോഗ്യതയില്ലാത്ത മറ്റ് മൂന്നുപേരെയും സ്ഥിരപ്പെടുത്തിയതായും ഫിറോസ് ആരോപിച്ചു.

മണിഭൂഷണ്‍, മിനി പിവി, സജിത് കുമാര്‍ എസ് വി , ഇന്ദുമേനോന്‍ എന്നിവരെയാണ് അനധികൃതമായി പ്രബോഷന്‍ സ്ഥിരപ്പെടുത്തിയത്. ഇവര്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയില്ലെന്നും ഫിറോസ് പറഞ്ഞു.

സര്‍വീസ് റൂളില്‍ പറയുന്ന എംഫില്‍ പിച്ച്ഡി ഇല്ലാത്ത മൂന്നുപേരെയാണ് സ്ഥിരപ്പെടുത്തിയത്. ഇവര്‍ക്ക് എംഎ ബിരുദം മാത്രമാണുള്ളത്. അനധികൃതമായ നാലു നിയമനങ്ങളും റദ്ദുചെയ്യണമെന്നും, മന്ത്രി ബാലനെതിരെ അന്വേഷണം നടത്തണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. മന്ത്രിക്ക് ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

നേരത്തെ മന്ത്രി കെ ടി ജലീലിന്റെ ബന്ധുവിനെ നിയമിച്ചതിനെതിരെയും ഫിറോസ് നേരത്തെ ആരോപണവുമായി രംഗത്തു വന്നിരുന്നു. ഫിറോസിന്റെ ആരോപണത്തെ തുടര്‍ന്ന് ജലീലിന്റെ ബന്ധു കെ ടി അദീബ് ന്യൂനപക്ഷേ കോര്‍പ്പറേഷനിലെ ഉന്നതപദവി രാജിവെച്ചിരുന്നു.

×