Advertisment

അപൂര്‍വ വാല്‍നക്ഷത്രമായ 'നിയോവൈസ്' ഈ മാസം നഗ്നനേത്രങ്ങള്‍ കൊണ്ട് പോലും കാണാന്‍ സാധിച്ചേക്കാം; നിയോവൈസ് ഇനി പ്രത്യക്ഷപ്പെടുക ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: അപൂര്‍വ വാല്‍നക്ഷത്രമായ 'നിയോവൈസ്' ജൂലായ്-ഓഗസ്റ്റ് മാസങ്ങളില്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് പോലും കാണാന്‍ സാധിച്ചേക്കാമെന്ന് ഗവേഷകര്‍.

സി/2020 എഫ് 3 എന്നാണ് എന്ന ഈ വാല്‍നക്ഷത്രത്തെ വിളിക്കുന്നത്. നാസയുടെ 'നിയര്‍ എര്‍ത്ത് ഏസ്റ്റീരിയോയിഡ് വൈഡ്-ഫീല്‍ഡ് ഇന്‍ഫ്രാറെഡ് സര്‍വെ എക്‌സ്‌പ്ലോറര്‍' ടെലിസ്‌കോപ്പ് കണ്ടെത്തിയ ഈ വാല്‍നക്ഷത്രം 'നിയോവൈസ്' എന്നും അറിയപ്പെടുന്നു. ഈ വര്‍ഷം മാര്‍ച്ച് 27നാണ് നാസ നിയോവൈസിനെ കണ്ടെത്തുന്നത്.

ജൂലൈ മൂന്നിന് സൂര്യനോട് ഏറ്റവും അടുത്തെത്തിയ നിയോവൈസ് ഇപ്പോള്‍ ഭൂമിയില്‍ നിന്ന് വ്യക്തമായി ദൃശ്യമാകുന്ന തരത്തിലാണ്‌ സഞ്ചരിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു.

നേരത്തെ ബഹിരാകാശയാത്രകരായ ബോബ് ബെന്‍കെനും ഇവാന്‍ വാഗ്നറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പകര്‍ത്തിയ നിയോവൈസിന്റെ ചിത്രം പുറത്തുവിട്ടിരുന്നു.

നിയോവൈസിനെ ബൈനോക്കുലറുകളിലൂടെ കാണാന്‍ സാധിച്ചിരുന്നതായി നാസ ജൂലൈ ഏഴിന് വ്യക്തമാക്കിയിരുന്നു. നഗ്നനേത്രങ്ങള്‍ കൊണ്ട് പോലും കാണാന്‍ സാധിച്ചേക്കാമെന്നും വിദഗ്ധര്‍ പറയുന്നു.

EarthSky.Org എന്ന വെബ്‌സൈറ്റില്‍ പറഞ്ഞിരിക്കുന്നത് പ്രകാരം ജൂലൈ 11ന് പ്രഭാതത്തിലും ജൂലൈ പകുതിയില്‍ (ജൂലൈ 12-15 വരെ) സൂര്യാസ്തമയത്തിന് തൊട്ടുപിന്നാലെ വടക്കുപടിഞ്ഞാറന്‍ ചക്രവാളത്തിലും നിയോവൈസിനെ കാണാന്‍ സാധിക്കും.

ജൂലൈ 22ന് നിയോവൈസ് ഭൂമിയോട് ഏറ്റവും അടുത്തെത്തുമെന്നാണ് (103 ദശലക്ഷം കിലോമീറ്റര്‍ അകലെ) കണ്ടെത്തല്‍. നല്ല ബൈനോക്കുലറുകളുണ്ടെങ്കില്‍ ഈയാഴ്ച അതിരാവിലെയും അല്ലെങ്കില്‍ ഈ മാസം പകുതി മുതല്‍ സന്ധ്യാസമയങ്ങളിലും 'നിയോവൈസി'നെ കാണാന്‍ സാധിക്കുമെന്ന് ശാസ്ത്രലോകം പറയുന്നു.

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞേ (ഏകദേശം 6000 വര്‍ഷങ്ങള്‍) നിയോവൈസ് ഇനി ഭൂമിയില്‍ നിന്ന് കാണാന്‍ സാധിക്കൂവെന്നും അതുകൊണ്ട് ഈ അപൂര്‍വ അവസരം നഷ്ടപ്പെടുത്തരുതെന്നും ശാസ്ത്രലോകം പറയുന്നു.

Advertisment