Advertisment

സിബിഐ ഡയറക്ടറെ വീണ്ടും മാറ്റി: തീരുമാനം പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ട കമ്മിറ്റി യോഗത്തിന്റേത്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ദില്ലി: സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അലോക് വര്‍മയെ വീണ്ടും മാറ്റി. പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റി യോഗത്തിലാണ് അലോക് വര്‍മയെ മാറ്റാന്‍ തീരുമാനിച്ചത്. മണിക്കൂര്‍ നീണ്ടു നിന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിന് ശേഷമാണ് അലോക് വര്‍മയെ മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്. കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത സുപ്രീംകോടതി ജഡ്ജി എ കെ സിക്രി വര്‍മയെ മാറ്റുന്നതിനെ അനുകൂലിച്ചു. പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ തീരുമാനത്തോട് വിയോജിച്ചു. publive-image

Advertisment

വൈകിട്ട് നാലരയോടെ സെലക്ഷന്‍ കമ്മിറ്റി യോഗം പുരോഗമിക്കുമ്പോള്‍ത്തന്നെ മുന്‍ സിബിഐ ഡയറക്ടറായിരുന്ന നാഗേശ്വര്‍ റാവു നടത്തിയ സ്ഥലം മാറ്റ ഉത്തരവുകളെല്ലാം അലോക് വര്‍മ റദ്ദാക്കിയിരുന്നു. ഉപഡയറക്ടറായ രാകേഷ് അസ്താനയ്‌ക്കെതിരായ കേസുകളെല്ലാം പുതിയ ഉദ്യോഗസ്ഥര്‍ അന്വേഷിക്കാനും അലോക് വര്‍മ ഉത്തരവിട്ടു. ഇതോടെ റഫാല്‍ ഉള്‍പ്പടെയുള്ള കേസുകളില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ പോലും വര്‍മ മടിക്കില്ലെന്ന സൂചനകളുണ്ടായിരുന്നു. ഇതിനിടെയാണ് വര്‍മയെ മാറ്റാന്‍ പ്രധാനമന്ത്രി അധ്യക്ഷനായ സമിതി തീരുമാനിക്കുന്നത്. നേരത്തേ അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ അര്‍ധരാത്രി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. സിബിഐ ഡയറക്ടറെ നിയമിക്കാന്‍ അധികാരമുള്ള സെലക്ഷന്‍ കമ്മിറ്റി തന്നെ അലോക് വര്‍മ തുടരുന്ന കാര്യം തീരുമാനിക്കട്ടെ എന്നാണ് സുപ്രീംകോടതി വിധിച്ചത്.

നേരത്തേ സിബിഐ ഡയറക്ടറായിരുന്ന സമയത്ത് അലോക് വര്‍മയും ഉപഡയറക്ടറായ രാകേഷ് അസ്താനയും തമ്മിലുള്ള ഉള്‍പ്പോരിനെത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ വര്‍മയെ സ്ഥാനത്ത് നിന്ന് മാറ്റിയത്.

അര്‍ധരാത്രി സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അലോക് വര്‍മയെ പുറത്താക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടതിന് പിന്നാലെ ഹര്‍ജിയുമായി അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഒന്നരമാസത്തോളം വാദം കേട്ടതിന് ശേഷം അലോക് വര്‍മയെ മാറ്റി നിര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. എന്നാല്‍ നയപരമായ തീരുമാനങ്ങള്‍ വര്‍മ എടുക്കരുതെന്നും അദ്ദേഹം പദവിയില്‍ തുടരുന്ന കാര്യം സെലക്ഷന്‍ കമ്മിറ്റിക്ക് തീരുമാനിക്കാമെന്നും സുപ്രീംകോടതി വിധിച്ചിരുന്നു.

Advertisment