അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതിന് സുപ്രീംകോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞ് മുൻ സിബിഐ ഇടക്കാല ഡയറക്ടർ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, February 11, 2019

ദില്ലി: ബിഹാറിലെ മുസഫർപൂർ ശിശുസംരക്ഷണ കേന്ദ്രങ്ങളിൽ നടന്ന ബാലപീഡനക്കേസുകൾ അന്വേഷിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതിന് സുപ്രീംകോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞ് മുൻ ഇടക്കാല ഡയറക്ടർ എം നാഗേശ്വർ റാവു. സുപ്രീംകോടതി ഉത്തരവ് മറികടന്നാണ് നാഗേശ്വർ റാവു അന്വേഷണ ഉദ്യോഗസ്ഥനായ എ കെ ശർമയെ സ്ഥലം മാറ്റിയത്. ഇതിന് മാപ്പ് പറഞ്ഞുകൊണ്ട് റാവു സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.

തന്‍റെ നടപടിയിൽ സുപ്രീംകോടതിയോട് നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നാണ് നാഗേശ്വർ റാവു പറയുന്നത്. സുപ്രീംകോടതിയുടെ ഉത്തരവ് നിലനിൽക്കുമ്പോൾ താൻ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാൻ പാടില്ലായിരുന്നുവെന്ന് നാഗേശ്വർ റാവു പറയുന്നു. റാവുവിന്‍റെ സത്യവാങ്മൂലം നാളെ സുപ്രീംകോടതി പരിഗണിക്കും.

കേസിൽ കോടതി ഇടപെട്ടതിനിടയിലും അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് കോടതിയലക്ഷ്യമാണെന്നും ഇക്കാര്യത്തിൽ നാഗേശ്വർ റാവു നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നാണ് നേരത്തേ ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടത്.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. മുൻ സിബിഐ ജോയന്‍റ് ഡയറക്ടറായ എ കെ ശർമയെയാണ് സിബിഐ മുൻ ഇടക്കാല ഡയറക്ടർ എം നാഗേശ്വരറാവു സ്ഥാനമേറ്റ് ദിവസങ്ങൾക്കുള്ളിൽ മാറ്റിയത്. നയപരമായ തീരുമാനങ്ങളെടുക്കരുതെന്ന കോടതി വിലക്കുണ്ടായിട്ടും നാഗേശ്വർ റാവു സിബിഐ തലപ്പത്ത് അഴിച്ചുപണി നടത്തിയതിനെതിരെയും സുപ്രീംകോടതി ആഞ്ഞടിച്ചു. എ കെ ശർമയെ കഴിഞ്ഞ ജനുവരി 17ാം തീയതി സിആർപിഎഫിലേക്കാണ് നാഗേശ്വർ റാവു സ്ഥലം മാറ്റിയത്.

എ കെ ശർമയെ മാറ്റിയ തീരുമാനമെടുത്ത പാനലിലെ അംഗങ്ങൾ ആരൊക്കെയാണെന്ന് അറിയിക്കാനും ഇപ്പോഴത്തെ സിബിഐ ഡയറക്ടർ റിഷികുമാർ ശുക്ലയുടെ അഭിഭാഷകനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തേ ബിഹാർ ശിശുസംരക്ഷണകേന്ദ്രങ്ങളിലെ പീഡനക്കേസ് പരിഗണിച്ചപ്പോൾ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റരുതെന്ന് നിർദശിച്ചിട്ടുള്ളതല്ലേ എന്നും കോടതി ചോദിച്ചു.

ബിഹാറിലെ മുസഫർ പൂരിൽ ശിശുസംരക്ഷണകേന്ദ്രത്തിൽ മുപ്പതോളം പെൺകുട്ടികൾ ലൈംഗികപീഡനത്തിനിരയായതായി ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് നടത്തിയ ഒരു അന്വേഷണറിപ്പോർട്ടിലൂടെയാണ് പുറംലോകമറിഞ്ഞത്. കേസിൽ ബിഹാറിലെ മുൻ സാമൂഹ്യക്ഷേമമന്ത്രി മഞ്ജു വെർമയുടെ ഭർത്താവ് ചന്ദ്രശേഖർ വെർമയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും ആരോപണമുയർന്നിരുന്നു. ഇതേത്തുടർന്ന് മഞ്ജു വെർമ രാജി വയ്ക്കുകയും ചെയ്തു.

മന്ത്രി മഞ്ജു വെർമയുടെ ഭർത്താവ് ചന്ദ്രശേഖർ വെർമ ശിശു സംരക്ഷണ കേന്ദ്രത്തിലെ നിത്യസന്ദർശകനായിരുന്നെന്ന് ആരോപണമുയർന്നിരുന്നു. കേസിലെ പ്രതി ബ്രിജേഷ് താക്കൂറും ഇയാളും തമ്മിലുള്ള ഫോൺ സംഭാഷണവും പുറത്തായി. മഞ്ജു വെർമയെ മുഖ്യമന്ത്രി നിതീഷ് കുമാർ ആദ്യം പിന്തുണച്ചെങ്കിലും പിന്നീട് സമ്മർദ്ദം ശക്തമായതോടെയാണ് നിൽക്കക്കള്ളിയില്ലാതായത്.

×