Advertisment

പ്രവാസികൾക്കായി ചാർട്ടേർഡ് വിമാന സർവ്വീസ് ഒരുക്കങ്ങളുമായി റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി.

author-image
admin
New Update

റിയാദ്: നാട്ടിലേക്ക് തിരിച്ചു പോകാനുദ്ദേശിക്കുന്ന പ്രവാസികൾക്കായി ചാർട്ടേർഡ് വിമാന സർവ്വീസ് ഏർപ്പെടുത്തുന്നതിന്‌ ഒരുക്കങ്ങളുമായി റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി. അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഈ വിഷയത്തിൽ അനുകൂല നിലപാട് സ്വീകരിച്ചാൽ ഇതിന്റെ തുടർ നടപടികൾ സ്വീകരിക്കുമെന്ന് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സി.പി.മുസ്തഫ, ആക്ടിംഗ് സെക്രട്ടറി സുബൈർ അരിമ്പ്ര, അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യാൻ സഊദി റീജ്യണൽ മാനേജർ യൂനുസ് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. ഈ വിഷയത്തിൽ കേന്ദ്ര വിദേശ കാര്യ, വ്യോമയാന വകുപ്പുകുളുമായും കേരള സർക്കാറുമായും ഇന്ത്യൻ എംബസിയുമായും കമ്മിറ്റി രേഖാമുലം ബന്ധപ്പെട്ടു വരികയാണ്‌.

Advertisment

publive-image

സാധാരണക്കാരായ തൊഴിലാളികൾ ഏറെ ജോലി ചെയ്യുന്ന സഊദി അറേബ്യയിൽ നിന്നും നിരവധി ഇന്ത്യക്കാർ നാട്ടിലേക്ക് തിരിച്ചു പോകുന്നതിനായി അധികൃതരുടെ അനുമതി കാത്തിരിക്കുകയാണ്‌. വന്ദേ ഭാരത് മിഷൻ വഴി തലസ്ഥാനമായ റിയാദിൽ നിന്ന് കുറച്ച് പേർക്ക് മാത്രമാണ്‌ നാട്ടിലെത്താൻ സാധിച്ചിട്ടുള്ളൂ. ഒട്ടേറെ പേർ എംബസിയിലും, സഊദി ജവാസാത്തിന്റെ അബ്ഷിർ ഔദ സൈറ്റിലും നോർക്കയിലുമെല്ലാം രജിസ്റ്റർ ചെയ്തു അവസരത്തിനായി കാത്തിരിക്കുകയാണ്‌. വിവിധ കാരണങ്ങളാൽ അടിയന്തിരമായി നാട്ടിലെത്തേണ്ട പലർക്കും ഇനിയും നാടണയാനായിട്ടില്ല.

രോഗത്തെ കുറിച്ചുള്ള ആശങ്കയും വരുമാന മാർഗ്ഗം നിലച്ചതുമെല്ലാം പലരെയും മാനസിക സമ്മർദ്ദത്തിലാക്കുകയും ഈയിടെയായി ഹൃദയാഘാത മരണങ്ങൾ ക്രമാതീതമായി കൂടാനും ഇടയാക്കിയിട്ടുണ്ട്. ചിലർ ആത്മഹത്യ ചെയ്തതും മാനസിക സമ്മർദ്ദത്തിനടിമപ്പെട്ടാണ്‌. കെ.എം.സി.സിയുടെ നേതൃത്വത്തിൽ ഫലപ്രദമായ ഇടപ്പെടലുകൾ നടത്തുന്നുണ്ടെങ്കിലും ദിവസേന നിരവധി പേർ രോഗ ബാധിതരോ രോഗലക്ഷണങ്ങൾ കാണിക്കുന്നവരോ ആയി മാറുന്നതിനാൽ പലരിലേക്കും അനുബന്ധ പ്രവർത്തനങ്ങളെത്തിക്കാനാവാത്ത സാഹചര്യമാണുള്ളത്. അതിനിടെ ഈയിടെയായി മരണ സംഖ്യ വർധിച്ചു വരുന്നതും പ്രവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഒട്ടേറെ കുടുംബങ്ങളിൽ കുട്ടികളടക്കമുള്ളവർക്ക് പനി വ്യാപിച്ചതും ഗൗരവ പൂർവ്വം കാണേണ്ടതാണ്‌.

ഈയൊരു സാഹചര്യത്തിൽ രജിസ്റ്റർ ചെയ്യാത്തവരടക്കം നിരവധി പേരാണ്‌ നാട്ടിലേക്ക് തിരിച്ചു പോകാനാഗ്രഹിക്കുന്നത്. എന്നാൽ വന്ദേ ഭാരത് മിഷൻ വഴി ഇവരുടെ ആവശ്യം പൂർത്തീകരിക്കാൻ സാധിക്കില്ലെന്ന് മനസ്സിലാക്കിയാണ്‌ റിയാദ് കെ.എം.സി.സി ചാർട്ടേഡ് വിമാന സർവ്വീസിന്റെ പ്രവർത്തനങ്ങളുമായി രംഗത്ത് വന്നിട്ടുള്ളത്. കോവിഡുമായി ബന്ധപ്പെട്ട പ്രവാസികളുടെ പ്രശ്നങ്ങളെല്ലാം കേന്ദ്ര, സംസ്ഥാന സർക്കാറുകളെയും ഇന്ത്യൻ എംബസി യെയും സെൻട്രൽ കമ്മിറ്റി സമയാ സമയത്ത് അറിയിച്ചു വരുന്നുണ്ടെന്നും പത്രക്കുറിപ്പിൽ പറയുന്നു. എംബസി മിഷ്യനറി കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കണമെന്നും വെൽഫെയർ ഫണ്ട് ഈ അസാധാരണമായ സാഹചര്യത്തെ നേരിടുന്ന പ്രവാസികളുടെ അവശ്യ സേവനങ്ങൾക്ക് വേണ്ടിയെങ്കിലും ഉപയോഗപ്പെടുത്തണമെന്നും പത്രക്കുറിപ്പ് ആവശ്യപ്പെട്ടു.

Advertisment