Advertisment

ചാനലുകള്‍ വീണ്ടും ഷൂട്ടിങ് തിരക്കിലേക്ക്; മാതൃകയായി സീ കേരളം

author-image
ഫിലിം ഡസ്ക്
New Update

കൊച്ചി: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം നിലച്ചു പോയ ഷൂട്ടിങ് പൂര്‍ണ തോതില്‍ പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് വിനോദ ചാനലുകള്‍. ഇതിനു മുന്നോടിയായി വിവിധ പരിപാടികളുടേയും പരമ്പരകളുടേയും ഇന്‍ഡോര്‍ ഷൂട്ടിങ്ങ് ചാനലുകളില്‍ സജീവമായിത്തുടങ്ങി.

Advertisment

publive-image

മലയാളത്തിലെ ഏറ്റവും പുതിയ വിനോദ ചാനലായ സീ കേരളവും പരിപാടികളുടെ ഇന്‍ഡോര്‍ ഷൂട്ടിങ് പുനരാംഭിച്ചു. ലോക്ഡൗണ്‍ കാരണം അടച്ചിട്ട സ്റ്റുഡിയോ മൂന്നു മാസത്തിനു ശേഷമാണ് വീണ്ടും തുറന്നത്. നടി പേളി മാണി അവതരിപ്പിക്കുന്ന ഫണി നൈറ്റ്‌സ് വിത്ത് പേളി മാണി എന്ന പരമ്പരയുടെ ഷൂട്ടിങാണ് കോവിഡ്19 മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചു പുനരാരംഭിച്ചത്. ടെക്‌നീഷ്യന്‍മാരടക്കം വളരെ ചെറിയ സംഘത്തെ വച്ചാണ് ഷൂട്ടിങ് പുരോഗമിക്കുന്നത്. മാസ്‌കുകളും കയ്യുറകളും ഷീല്‍ഡുകളും ധരിച്ചാണ് പിന്നണി പ്രവര്‍ത്തകരുടെ ജോലി.

ഇടക്കിടെ സാനിറ്റൈസര്‍ ഉപയോഗിച്ചു കൈകള്‍ വൃത്തിയാക്കുന്നതും എല്ലാവരുടേയും ശീലമായി മാറി. ഷൂട്ടിങ് ആരംഭിക്കുന്നതിനു മുമ്പും ശേഷവും സ്റ്റുഡിയോയില്‍ അണുനശീകരണം നടത്തുന്നതടക്കമുള്ള എല്ലാ ആരോഗ്യ രക്ഷാ മുന്‍കരുതലുകളും കര്‍ശനമായി തന്നെ സ്വീകരിച്ചിട്ടുണ്ട്. ഷൂട്ടിങ് സംഘത്തിലെ ഓരോരുത്തര്‍ക്കും ഇടവേളകളില്‍ കുടിക്കാനായി പ്രത്യേകം വെള്ളക്കുപ്പികളും ഭക്ഷണവും നല്‍കുന്നുണ്ട്. സ്റ്റുഡിയോയിലേക്കു പ്രവേശിക്കുമ്പോള്‍ ശരീരതാപനില പരിശോധനയും ഉണ്ട്. എല്ലാവര്‍ക്കും പ്രത്യേക യാത്രാ സൗകര്യവും സീ കേരളം ഒരുക്കിയിട്ടുണ്ട്.

നിയന്ത്രിത എണ്ണം ജീവനക്കാരെ വച്ചാണ് സീ കേരളം ഷൂട്ടിങുകള്‍ പുനരാരംഭിച്ചിട്ടുള്ളത്. എല്ലാവരുടേയും താപനില ദിവസവും പരിശോധിക്കുന്നു. സ്റ്റുഡിയോയിലേക്ക് പ്രവേശിക്കുന്നവരെല്ലാം നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. ഷൂട്ടിന്റെ ആവശ്യത്തിനു മാത്രമെ ആര്‍ടിസ്റ്റുകള്‍ക്കു പോലും മാസ്‌ക് മാറ്റാനാകൂ. പരിപാടികള്‍ മുടങ്ങാതിരിക്കാനാണ് ഷൂട്ടിങ് തുടരുന്നത്. പരമാവധി കുറച്ച് ടേക്കുകളിലാണ് ഒരു ദിവസത്തെ ഷൂട്ട് പൂര്‍ത്തിയാക്കുന്നത്,' സീ കേരളം ബിസിനസ് ഹെഡ് സന്തോഷ് ജെ നായര്‍ പറഞ്ഞു.

ഇടവേളയ്ക്കു ശേഷം വീണ്ടും ഷൂട്ടിങ് തിരക്കിലേക്ക് തിരിച്ചെത്തിയ ആവേശത്തിലാണ് നടി പേളി മാണി. ഷൂട്ടിങ് തടസങ്ങളില്ലാതെ മുന്നോട്ടു കൊണ്ടു പോകാന്‍ കോവിഡ് നിയന്ത്രണ പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചാണ് സീ കേരളം ഷൂട്ടിങ് പൂര്‍ത്തിയാക്കുന്നതെന്നും പേളി പറഞ്ഞു.

channel shooting
Advertisment