Advertisment

ചാർട്ടേർഡ് ഫ്ലൈറ്റിനുള്ള അനുമതി നിഷേധിച്ചത് പ്രവാസികളോടുള്ള കൊടിയ വഞ്ചന - ഇൻകാസ് ഖത്തർ

New Update

ദോഹ : പിറന്ന മണ്ണിലേക്ക് പറക്കാനുള്ള പ്രവാസിയുടെ എല്ലാ ശ്രമങ്ങളെയും തടയിടുന്ന ബഹു: കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രവാസ സമൂഹത്തോട് അനീതിയാണു കാണിക്കുന്നതെന്ന് ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സമീർ ഏറാമല പ്രസ്ഥാവനയിൽ സൂചിപ്പിച്ചു. രണ്ട് ലക്ഷത്തോളം പേർക്കുള്ള ക്വാരൻ്റൈൻ സൗകര്യങ്ങൾ ഒരുക്കിയെന്നും, പ്രവാസിയെ സ്വീകരിക്കാൻ പൂർണ്ണ സജ്ജരായെന്നും പത്ര സമ്മേളനത്തിൽ വീമ്പിളക്കിയ ബഹു: കേരള മുഖ്യമന്ത്രി, പതിനായിരത്തിൽ താഴെ പ്രവാസികൾ നാടണഞ്ഞപ്പോൾ തന്നെ ക്വാരൻ്റൈൻ സൗകര്യത്തിനുള്ള സൗജന്യം ഒഴിവാക്കിയ പ്രഖ്യാപനമാണു നടത്തിയത്. പത്ര സമ്മേളനങ്ങളിൽ പൊങ്ങച്ചം പറയുകയും പ്രായോഗിക തലത്തിൽ പ്രവാസികളെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്ന സമീപനമാണു  പിണറായി വിജയൻ സർക്കാരിൻ്റെ ഭാഗത്ത് നിന്ന് തുടർച്ചയായി ഉണ്ടാകുന്നത്.

Advertisment

കൊട്ടിഘോഷിക്കപ്പെട്ട വന്ദേഭാരത് മിഷൻ യാത്ര ലിസ്റ്റിൽ പല അനർഹരും കയറി പറ്റിയപ്പോൾ പ്രവാസ സംഘടനയുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ വിമാന സർവ്വീസുകൾ അർഹരായ പലർക്കും യാത്ര ചെയ്യാനുള്ള അവസരമായിരുന്നു. കൂടാതെ, ലക്ഷക്കണക്കിനു വരുന്ന പ്രവാസികൾ നാട്ടിലേക്ക് യാത്രയാകാൻ റജിസ്റ്റർ ചെയ്തു കാത്തു നിൽക്കുമ്പോൾ, മാസങ്ങൾ കഴിഞ്ഞാലും അപേക്ഷ നൽകിയ 10 ശതമാനം പ്രവാസികളെ പോലും നാട്ടിലെത്തിക്കാൻ കഴിയാത്ത രീതിയിൽ ആണു വന്ദേഭാരത് മിഷൻ വഴിയുള്ള വിമാന സർവ്വീസുകൾ കേന്ദ്ര-കേരള സർക്കാരുകൾ നിജപ്പെടുത്തിയത്.

മറ്റു രാജ്യങ്ങളൊക്കെ സ്വന്തം പൗരന്മാരെ സൗജന്യമായി തന്നെ നാട്ടിലെത്തിച്ചിട്ടും, കേരളത്തിലെ സമ്പദ് ഘടനയുടെ നട്ടെല്ലായ പ്രവാസികളോട് ചിറ്റമ്മ നയമാണു കേന്ദ്ര-കേരള സർക്കാരുകൾ വെച്ചു പുലർത്തുന്നത്. ഗത്യന്തരമില്ലാതെ, ഇൻകാസ് ഉൾപ്പെടെ വിവിധ പ്രവാസ സംഘടനകൾ സ്വന്തമായി വിമാനം ചാർട്ട് ചെയ്തപ്പോൾ അത് മുടക്കാനുള്ള പുതിയ വഴികളാണു ബഹു: പിണറായി വിജയൻ ആലോചിച്ചത്. ഏത് വിധേനയും നാട്ടിലെത്തുന്ന പ്രവാസികളുടെ എണ്ണം ചുരുക്കുക എന്ന മനുഷ്യത്വ രഹിതമായ സമീപനമാണു ബഹു: പിണറായി വിജയൻ സർക്കാർ പിന്തുടരുന്നത്. വന്ദേഭാരത് മിഷൻ അനുസരിച്ചുള്ള ടിക്കറ്റ് നിരക്കിൽ കൂടുതൽ യാത്രകൂലി അനുവദിക്കില്ല എന്ന വാദമാണു ഇതിനു ഉപോൽബലകമായി കേരള സർക്കാർ ഉന്നയിച്ചത്. ചാർട്ടേർഡ് ഫ്ലൈറ്റുകൾ സർവ്വീസ് നടത്തുന്ന ഒരു പ്രവാസ സംഘടനയും അതിൽ ലാഭ വിഹിതം പ്രതീക്ഷിച്ചല്ല സർവ്വീസ് നടത്തുന്നതെന്നു മുഖ്യമന്ത്രിയ്ക്ക് കൃത്യമായി അറിയാമെന്ന് മാത്രമല്ല, ഈ സർവ്വീസുകൾക്ക് ചിലവാകുന്ന പണത്തെയും കുറിച്ച് സർക്കാരിനു ബോധ്യമുണ്ട്.

ചിലവുകൾ മാത്രം യാത്രക്കാരിൽ നിന്ന് കണ്ടെത്തുന്ന രീതിയാണു പ്രവാസ സംഘടനകൾ പിന്തുടർന്നത്. കൂടാതെ, നിശ്ചിത ശതമാനം സീറ്റുകൾ സൗജന്യമായി പാവപ്പെട്ട യാത്രക്കാർക്കായി മാറ്റി വെയ്ക്കുകയും ചെയ്തിരുന്നു. ടിക്കറ്റ് നിരക്കിൻ്റെ പേരിൽ പ്രവാസിയുടെ യാത്ര മുടക്കുന്നതിന്നു പകരം ഒരു 100 ചാർട്ടേർഡ് ഫ്ലൈറ്റുകളെങ്കിലും കേരള സർക്കാർ നേതൃത്വം നൽകി സൗജന്യമായി നടത്താൻ തയ്യാറാകണമെന്ന് സമീർ ഏറാമല ആവശ്യപ്പെട്ടു.

സീസണെന്ന പേരിൽ വിമാന കമ്പനികൾ ലക്ഷങ്ങളോളം രൂപ പ്രവാസികളുടെ പേരിൽ ചാർത്തി കൊണ്ടിരുന്നപ്പോൾ ഒരക്ഷരം ഉരിയാടാത്ത ബഹു: മുഖ്യമന്ത്രി, സ്വന്തം ചിലവിൽ ക്വാരൻ്റൈൻ ചിലവുകൾ അടക്കം വഹിച്ച് പ്രവാസികൾ നാട്ടിലേക്ക് വരാൻ തയ്യാറായപ്പോൾ അതിനെ തടയിടുന്ന സമീപനത്തിലൂടെ പ്രവാസികളോട് മാസങ്ങളായി തുടരുന്ന വഞ്ചനാപരമായ സമീപനത്തിൻ്റെ തുടർച്ചയാണെന്ന് അദ്ധേഹം ചൂണ്ടിക്കാണിച്ചു. ജോലി ഇല്ലാത്തതിൻ്റെ പേരിൽ റൂമിൽ കിടക്കുന്നവർ, വിസിറ്റ് വിസയിൽ തൊഴിലന്വേഷിച്ച് വന്നവർ, തുടർ ചികിൽസ ആവശ്യമുള്ളവർ, പ്രായമായവർ തുടങ്ങി പ്രവാസ ഭൂമികയിൽ തങ്ങാൻ വാടകയും ഭക്ഷണവും അടക്കം വലിയ സംഖ്യ കണ്ടെത്താൻ പ്രയാസമനുഭവിക്കുമ്പോഴാണു വിറ്റു പെറുക്കി, പല സ്ഥലത്ത് നിന്നും കടം വാങ്ങി ചാർട്ടേർഡ് ഫ്ലൈറ്റു ടിക്കറ്റിനാവശ്യമായ പണം കണ്ടെത്തിയത്.

ദിവസവും പത്തോളം വിമാന സർവ്വീസുകൾ ഖത്തറി നിന്ന് കേരളത്തിലേക്ക് നടത്തിയ സ്ഥാനത്താണു വന്ദേഭാരത് മിഷൻ എന്ന പേരിൽ ചാർട്ട് ചെയ്ത വിമാനങ്ങൾ വഴി ഇത് വരെയായി ആയിരത്തിൽ താഴെ യാത്രക്കാർ മാത്രം കേരളത്തിലേക്ക് യാത്രയായത് എന്ന സാഹചര്യം ഓർക്കണമെന്ന് അദ്ധേഹം സൂചിപ്പിച്ചു.

പാവങ്ങളുടെ പേരിൽ മുതല കണ്ണീർ ഒഴുക്കുന്ന ബഹു: പിണറായി വിജയൻ ദുരിതത്തിലായി നാട്ടിലേക്ക് വരുന്ന പ്രവാസികളുടെ പേരിൽ ക്വാരൻ്റൈൻ ചിലവുകളുടെ അമിത ഭാരം കൂടി കെട്ടിവെക്കുകയാണു ചെയ്തത് എന്നത് പ്രത്യേകം ഓർമ്മിക്കണമെന്ന് അദ്ധേഹം സൂചിപ്പിച്ചു. പ്രവാസികളോട് തുടർച്ചയായി മുഖ്യമന്ത്രി കാണിക്കുന്ന മനുഷ്യത്വ രഹിതമായ സമീപനങ്ങളെ കുറിച്ച് പ്രവാസ ലോകത്തുള്ള ഉത്തരവാദപ്പെട്ട എൽ ഡി എഫ് അനുഭാവമുള്ള സംഘടനകളുടെ നിലപാട് വ്യക്തമാക്കണമെന്ന് ശ്രീ. സമീർ ഏറാമല പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു. പ്രവാസികളുടെ യാത്ര, ക്വാറൻ്റൈൻ ചാർജ്, കോവിഡിൻ്റെ ഭീതിയിൽ കഴിയുന്ന പ്രവാസിയുടെ സാന്ത്വനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവയിൽ പ്രവാസ ലോകത്ത് പ്രവർത്തിക്കുന്ന ഭരണ പക്ഷ സംഘടനകളുടെ നിലപാട് അവ്യക്തമാണൂ.

chartered flight
Advertisment