Advertisment

‘ജയമാലയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു, പരാതി നൽകിയത് കൊലയ്ക്ക് പ്രകോപനം’; പ്രതികളെ കാർ പിന്തുടർന്നു സാഹസികമായി പിടികൂടി

New Update

ചെന്നൈ: കുടുംബത്തിലെ മൂന്നു പേരെ വെടിവച്ചു കൊന്ന കേസിലെ 3 പ്രതികളെ മഹാരാഷ്ട്രയിലെ സോലാപൂരിൽ ചെന്നൈ പൊലീസ് കാർ പിന്തുടർന്നു സാഹസികമായി പിടികൂടി. പ്രധാന പ്രതിയെന്നു സംശയിക്കുന്ന ജയമാല ഉൾപ്പെടെയുള്ളവരെ കണ്ടെത്താനായി തിരച്ചിൽ തുടരുന്നു.

Advertisment

publive-image

പിടിയിലായ പ്രതികളെ ചെന്നൈയിലെത്തിച്ചു കൂടുതൽ ചോദ്യം ചെയ്യും. നഗരത്തെ ഞെട്ടിച്ച് ബുധനാഴ്ച രാത്രിയാണു പണമിടപാടു സ്ഥാപനം നടത്തുന്ന ദിലീപ് ചന്ദ്, ഭാര്യ പുഷ്പ ഭായ്, മകൻ ശീതൾ കുമാർ എന്നിവരെ വീട്ടിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ശീതൾ കുമാറും ഭാര്യ ജയമാലയും പിരിഞ്ഞു താമസിക്കുകയാണ്.

ജീവനാംശമായി 5 കോടി ആവശ്യപ്പെട്ടതിനാൽ ഇരു കുടുംബങ്ങൾക്കിടയിൽ തർക്കമുണ്ട്. പ്രശ്നം പറഞ്ഞു തീർക്കാനെത്തിയ ജയമാലയും സഹോദരന്മാരുമുൾപ്പെടുന്ന സംഘമാണു കൊലപാതകത്തിനു പിന്നിലെന്നാണു പൊലീസിന്റെ നിഗമനം. സമീപത്തെ കെട്ടിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണു നിർണായക തുമ്പ് ലഭിച്ചത്.

ജയമാലയുടെ സഹോദരൻ കൈലാഷ് (32), സുഹൃത്തുക്കളായ കൊൽക്കത്ത സ്വദേശി രവീന്ദ്രനാഥ ഖേർ (25), പുണെ സ്വദേശി വിജയ് ഉത്തം (28) എന്നിവരെയാണു പിടികൂടിയത്. ഇന്നലെ രാത്രി പി.ജവഹറിന്റെ നേതൃത്വത്തിലുള്ള ചെന്നൈ പൊലീസ് സ്പെഷൽ ടീം കാറിൽ പോകുമ്പോൾ എതിർ ദിശയിലേക്കു പോയ കാറിൽ പ്രതികളോടു സാമ്യമുള്ളവരെ കണ്ടു.

ഉടൻ വാഹനം തിരിച്ചു കാറിനെ പിന്തുടർന്ന പൊലീസ് സംഘമാണു പിടികൂടിയത്. പ്രതികളിൽ നിന്നു തോക്കുൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുത്തു. ജയമാല, പുണെയിൽ അഭിഭാഷകനായ സഹോദരൻ വിലാസ്, ഇയാളുടെ കൂട്ടാളി എന്നിവരെയാണു ഇനി പിടികൂടാനുള്ളത്.

കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്താണു സംഘം പുണെയിൽനിന്നു ചെന്നൈയിലെത്തിയതെന്നു പൊലീസ് അറിയിച്ചു ആയുധങ്ങൾ പുണെയിൽനിന്നു കൊണ്ടുവന്നതാണ്. ജയമാലയെ ശീതളും കുടുംബവും അപമാനിക്കുകയും മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്തിരുന്നതായി കൈലാസ് പറഞ്ഞു. ജാതിയും കുടുംബത്തിന്റെ സാമ്പത്തിക പിന്നാക്കാവസ്ഥയും പറഞ്ഞു നിരന്തരം കളിയാക്കി. ഇതാണു ഇരുവരും പിരിയാൻ കാരണം.

രണ്ടു പെൺകുട്ടികളെ വളർത്താനായാണു 5 കോടി നഷ്ടപരിഹാരം ചോദിച്ചത്. എന്നാൽ, ശീതളിന്റെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയതു പ്രകോപനമായി. ഇതിനെത്തുടർന്നാണു കൊലപ്പെടുത്താൻ തീരുമാനിച്ചത്. മൂന്നു പേരെയും വെടിവച്ചു കൊന്നതു താനും സുഹൃത്തും ചേർന്നാണെന്നും 5 റൗണ്ട് വെടിയുതിർത്തെന്നും കൈലാസ് പറഞ്ഞു.

murder case
Advertisment