ഇത് കുറെ അഹങ്കാരികൾക്കുള്ള ഒരു താക്കീതാണ് എന്ന് ചെങ്ങന്നൂർക്കാരെ ഓർമ്മിപ്പിക്കുന്ന തെരഞ്ഞെടുപ്പ് !!

ദാസനും വിജയനും
Sunday, May 6, 2018

ചെങ്ങന്നൂരിന്റെ ഇന്നത്തെ അവസ്ഥ വളരെ പരിതാപകരമാണ് , ചെങ്ങന്നൂരിലെ വോട്ടർമാരുടെ അവസ്ഥയാണ് നമ്മൾ ഉദ്ദേശിച്ചത്.

യുഡിഎഫും എൽഡിഎഫും എൻഡിഎയും കട്ടക്ക് കട്ടയായി പോരാടുമ്പോൾ ആര് ഒന്നാം സ്ഥാനത്ത് എന്നപോലെ ആര് രണ്ടാം സ്ഥാനത്ത് വരുമെന്നതും ഇവിടെ ചർച്ചാ വിഷയമാണ്.

ലീഡർ കെ കരുണാകരൻ മണ്ഡലത്തിലേക്ക് ശോഭന ജോർജ്ജിനെ കെട്ടിയിറക്കിയപ്പോൾ ( അതില്‍ ചെന്നിത്തലയുടെ പങ്ക് രാജീവിനെ അറിയൂ ) ഒരക്ഷരം ഉരിയാടാതെ ഗ്രൂപ്പുകളിക്കാതെ കുതികാലുകൾ വെട്ടാതെ മാറി നിന്ന് തറവാടിത്തം കാണിച്ച അയ്യപ്പ ഭക്തനാണ് യുഡിഎഫിന്റെ പോരാളിയായ ഡി വിജയകുമാർ .

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തിനടുത്തെത്തിയ പിഎസ് ശ്രീധരന്പിള്ളയും 2006 ലെ തിരഞ്ഞെടുപ്പിൽ വിഷ്ണുനാഥിനോട് മുട്ടുമടക്കിയ സജി ചെറിയാനും തമ്മിലുള്ള ഒരങ്കം കേന്ദ്രത്തിന്റെയും കേരളത്തിന്റെയും പിടിപ്പുകേടുകൾക്കുള്ള ഒരു മറുപടിയായാണ് പത്രങ്ങളും ചാനലുകളും കാണുന്നത് .

രണ്ട് നായർ സമുദായക്കാർ തമ്മിൽ അങ്കം വെട്ടുന്നത് മനസ്സിലാക്കിയ എൽഡിഎഫ് അവിടെ ഒരു ക്രിസ്ത്യാനിയെ ഇറക്കിവിട്ട് മന്ത്രിയാക്കാമെന്ന ഒരുഗ്രൻ നമ്പറും ജനങ്ങളിലേക്ക് എത്തിച്ചിരിക്കുകയാണ് .

കേരളത്തിൽ ഇംഗ്ലീഷ് ഭാഷയിൽ ചുമരെഴുത്ത് കാണാവുന്ന ഒരു നല്ല മണ്ഡലമാണ് ചെങ്ങന്നൂർ . ധാരാളം ജനങ്ങൾ വിദേശങ്ങളിൽ ജോലിയെടുക്കുന്ന മണ്ഡലത്തിന്റെ കാറ്റ് സാധാരണയായി യുഡിഎഫ് അനുകൂലമാകാറാണ് പതിവ് .

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫ് തോൽക്കുവാൻ പ്രധാന കാരണമായത് വെള്ളാപ്പള്ളിയുടെ നിലപാടുകളാണ് . പിന്നെ സരിത വിഷ്ണുനാഥിന്റെ പേര് തന്റെ പ്രേമലേഖനത്തിലൂടെ വലിച്ചിഴച്ചതും ഒരു കാരണമായി . ജിഷയുടെ മരണത്തിന്റെ അടിസ്ഥാനത്തിൽ യുഡിഎഫിന്റെ കുറച്ചു പെൺകുട്ടികൾ ഇടതിന് കുത്തി സങ്കടം തീർത്തു .

ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥി വളരെ ജനകീയൻ ആയിരുന്നതും ഏറെക്കുറെ വോട്ടുകൾ ഉറപ്പിച്ചു . ഇന്നിപ്പോൾ സ്ഥിതിഗതികൾ മാറ്റിമറിക്കപ്പെട്ടു .

സ്ഥാനാർത്ഥി നിർണ്ണയത്തിൽ അരുവിക്കര ആവർത്തിച്ചിരിക്കുകയാണ് യുഡിഎഫ് . ബിജെപിയും സിപിഎമ്മും അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് . കോൺഗ്രസ്സുകാർക്ക് ഇത്രേം ബോധം ഉണ്ടെന്ന് ഒരു സിപിഎമ്മുകാരനും സ്വപ്നത്തിൽ വരെ ചിന്തിച്ചുകാണില്ല .

ഒപ്പം ബിജെപിയും തകർന്നടിഞ്ഞ മോഹങ്ങളുമായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത് . പണ്ട് ലീഡർ കെ കരുണാകരൻ എല്ലാ മാസത്തിന്റെ ഒന്നാംതിയ്യതിയും ഗുരുവായൂരപ്പനെ കാണുവാൻ പോയിരുന്നതുകൊണ്ട് കേരളത്തിൽ ഇല്ലാതായത് ബിജെപിയുടെ വളർച്ചയാണ്. ( പുറമേ കോണ്‍ഗ്രസും അകമേ ആര്‍ എസ് എസും ആയിരുന്നില്ല അദ്ദേഹം. കറകളഞ്ഞ കോണ്‍ഗ്രസ് ! )

ഇത്രേം ദൈവഭക്തിയുള്ള ഒരാൾ നേതാവായി ഉള്ളപ്പോൾ പിന്നെന്തിനു മറ്റൊരു പാർട്ടി എന്ന് സവർണ്ണരായ ഹിന്ദുക്കൾ മനസ്സിൽ കരുതി. അതുപോലെയാണ് യുഡിഎഫിന്റെ സ്ഥാനാർത്ഥി ഡി വിജയകുമാറിന്റെ അയ്യപ്പ സേവാ സംഘത്തിന്റെ ദേശീയ നേതാവ് എന്ന നിലയിലുള്ള ജനകീയത .

 

അവിടെ ശ്രീധരൻ പിള്ളയെക്കാൾ ഒരു പടി മുന്നിലാണ് വിജയകുമാർ. എത്ര ഭക്തിയുള്ളവനും വിജയകുമാറിനെ പരിഗണിച്ച ശേഷമേ മറ്റാരെയും കുറിച്ച് ചിന്തിക്കൂ .

പിന്നെ മാണിസാറിന്റെയും വെള്ളാപ്പള്ളി സാറിന്റെയും തീരുമാനങ്ങൾ , അതിങ്ങനെ കവണംമടലിൽ ചവുട്ടിയപോലെ അങ്ങോട്ടോ ഇങ്ങോട്ടോ എന്നറിയാതെ ഉഴലുമ്പോൾ മാണിസാറിന്റെ വോട്ടുകൾ യുഡിഎഫ് പ്രതീക്ഷിക്കാതിരിക്കുന്നതാണ് നല്ലത് . കാരണമായത് സജി ചെറിയാൻ എന്ന പേര് തന്നെ .

ആടി നിൽക്കുന്ന എല്ലാ യുഡിഎഫ് ക്രിസ്ത്യൻ വോട്ടുകളും ലക്‌ഷ്യം വെച്ചാണ് സജി ചെറിയാന്റെ മന്ത്രി കുപ്പായം .

വെള്ളാപ്പള്ളിയില്ലാതെ ബിജെപി കേരളത്തിൽ എങ്ങനയെയായിരിക്കും എന്ന് തെളിയിക്കേണ്ടത് അച്ഛന്റെയും മകന്റെയും ഒരു വെല്ലുവിളി തന്നെയാണ് . ഈ തിരഞ്ഞെടുപ്പിൽ എല്ലാം എല്ലാവരെയും ബോധിപ്പിക്കുന്നതിനും എങ്ങാനും ഒരു രാജ്യസഭാ സീറ്റോ വിളമ്പിയാലോ എന്നൊക്കെ കരുതിതന്നെയാണ് ബിജെഡിഎസ് തീരുമാനങ്ങൾ എടുക്കുന്നത് .

 

അപ്പോൾ പിന്നെ തമ്മിൽ ഭേദം തൊമ്മന് വോട്ടുകൾ കിട്ടുവാൻ സാദ്ധ്യതകൾ ഏറെ തന്നെയാണ് . ഈ കക്ഷികളൊക്കെ ജാതി മതം നിറം ഒന്നും നോക്കാതെ എന്നാണാവോ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക .

ജാതിയില്ല മതമില്ല എന്നൊക്കെ ഘോരഘോരം പ്രസംഗിക്കുന്ന കക്ഷികൾ തിരഞ്ഞെടുപ്പ് അടുത്താൽ ജാതിയും ഉപജാതിയും അതിന്റെ അപ്പുറവും നോക്കി സൂക്ഷ്മ നിരീക്ഷണം നടത്തി വോട്ടുകൾ നേടുന്ന ഈ ഇടപാടുകൾ നിർത്തിയാൽ കേരളത്തിൽ കുറച്ചുനാൾ കൂടി മനസ്സമാധാനമായി ജനങ്ങൾക്ക് ജീവിക്കാം .

അല്ലെങ്കിൽ തന്തയില്ലാത്ത ഹർത്താലുകളും സമൂസയും ജിലേബിയും മോഷ്ടിക്കുന്ന ഹർത്താലുകാരെയും കൊണ്ട് ഇവിടം ഒരു ബീഹാറായി മാറുമെന്നത് കാത്തിരുന്ന് കാണാം .

ഈ തിരഞ്ഞെടുപ്പ് ഒരു സാധാരണ ഉപതെരഞ്ഞെടുപ്പല്ല , ഇത് കുറെ അഹങ്കാരികൾക്കുള്ള ഒരു താക്കീതാണ് എന്ന് ചെങ്ങന്നൂർക്കാരെ ഓർമ്മിപ്പിച്ചുകൊണ്ട് ,

റിട്ടേർണിംഗ് ഓഫീസർ ദാസനും പോസ്റ്ററൊട്ടിക്കുന്ന വിജയനും

×