Advertisment

സൗക്കാർപേട്ടിൽ കുടുംബത്തിലെ മൂന്നു പേരെ വെടിവച്ചു കൊന്നതിനു പിന്നിൽ ജീവനാംശത്തെച്ചൊല്ലിയുള്ള തർക്കം; മൂന്നു പേരെയും കൊന്നുതള്ളിയത് ജയമാല, വെടിയൊച്ച കേള്‍ക്കാതിരിക്കാന്‍ തോക്കില്‍ സൈലന്‍സര്‍ ഘടിപ്പിച്ചു

New Update

ചെന്നൈ:  സൗക്കാർപേട്ടിൽ കുടുംബത്തിലെ മൂന്നു പേരെ വെടിവച്ചു കൊന്നതിനു പിന്നിൽ ജീവനാംശത്തെച്ചൊല്ലിയുള്ള തർക്കം. ഭർത്താവിനെയും അദ്ദേഹത്തിന്റെ അച്ഛനെയും അമ്മയെയും വെടിവച്ചു കൊന്നതു മരുമകളാണെന്നു പൊലീസ് .

Advertisment

publive-image

സംഭവത്തിനു ശേഷം പുണെയിലേക്കു കടന്ന പ്രതികളെ പിടികൂടാനായി പ്രത്യേക അന്വേഷണ സംഘം അവിടേക്കു പുറപ്പട്ടു. കൊലപാതകം നടന്ന വീട്ടിലെയും സമീപത്തെ കടകളിലെയും സിസിടിവി ദൃശ്യങ്ങളിൽ നിന്നാണു നിർണായക വിവരങ്ങൾ ലഭിച്ചത്.

സാമ്പത്തിക ഇടപാടു സ്ഥാപനം നടത്തുന്ന ദലിചന്ദ് (74), ഭാര്യ പുഷ്പ ഭായ് (70), മകൻ ശീതൾ (42) എന്നിവരെ ബുധനാഴ്ച രാത്രി ഒൻപതോടെയാണു വീട്ടിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. രാജസ്ഥാനിലെ ജാവൽ സ്വദേശികളായ ഇവർ വർഷങ്ങളായി ചെന്നൈയിലാണു താമസം. ശീതളിന്റെ ഭാര്യ പുണെ സ്വദേശി ജയമാല ഭർത്താവുമായി പിരിഞ്ഞു താമസിക്കുകയാണ്. ഇവർക്ക് 2 മക്കളുണ്ട്.

ശീതളും ജയമാലയും വിവാഹ മോചനത്തിനു അപേക്ഷ നൽകിയിട്ടുണ്ട്. 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടു ജയമാല ശീതളിനെതിരെ കേസ് നൽകി. ഇതുമായി ബന്ധപ്പെട്ടു ഇരു കുടുംബങ്ങളും തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. ജയമാലയുടെ കുടുംബത്തിനെതിരെ ശീതളും ഭർത്താവിനെതിരെ ജയമാലയും കേസ് നൽകി. ജീവനാംശ പ്രശ്നം പറഞ്ഞു തീർക്കാനായി ജയമാലയും 2 സഹോദരന്മാരും ബന്ധുക്കളുമുൾപ്പെടെ 5 പേർ കഴിഞ്ഞ ദിവസം വീട്ടിലെത്തിയതായി പൊലീസ് പറയുന്നു.

നഗരത്തിൽ ജനത്തിരക്കേറിയ പ്രദേശങ്ങളിലൊന്നാണു സൗക്കാർപേട്ട്.ഇവിടെ വിനായക സ്ട്രീറ്റിലെ മൂന്നു നില കെട്ടിടത്തിന്റെ ഒന്നാം നിലയിലാണു ദലി ചന്ദും കുടുംബവും താമസിക്കുന്നത്. വൈകിട്ട് ആറിനും ഒൻപതിനുമിടയിലാണു സംഭവം നടന്നതെന്നാണു നിഗമനം.

എന്നാൽ, വെടിയൊച്ചയൊന്നും കേട്ടില്ലെന്നു സമീപവാസികൾ പൊലീസിനു മൊഴി നൽകി. ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ തോക്കിൽ സൈലൻസർ ഘടിപ്പിച്ചിരിക്കാമെന്നാണു നിഗമനം.

ജയമാലയും 2 സഹോദരന്മാരും മറ്റു 2 ബന്ധുക്കളുമാണു പ്രശ്ന പരിഹാര ചർച്ചയ്ക്കായി വീട്ടിലെത്തിയത്. ചർച്ചയ്ക്കിടെ തർക്കമായെന്നും ജയമാല നേരത്തെ കരുതിയിരുന്ന തോക്കെടുത്തു ആദ്യം ഭർത്താവിനെയും പിന്നീട് ഭർതൃ പിതാവിനെയും മാതാവിനെയും വെടിവച്ചു കൊല്ലുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഒന്നും സംഭവിക്കാത്ത രീതിയിൽ പുറത്തിറങ്ങി ഇവർ രക്ഷപ്പെട്ടു.

ജയമാലയും സഹോദരന്മാരും കാർ മാർഗമാണു ചെന്നൈയിൽ നിന്നു രക്ഷപ്പെട്ടതെന്നാണു നിഗമനം. മറ്റു രണ്ടു പേർ ട്രെയിനിലും. പ്രതികളുടെ വിവരങ്ങൾ ആർപിഎഫിനു കൈമാറി. ചെന്നൈ പൊലീസ് വിവരമറിയിച്ചതിനെത്തുടർന്നു പുണെയിലെ ജയമാലയുടെ വീട്ടിൽ മഹാരാഷ്ട്ര പൊലീസ് പരിശോധന നടത്തി. രണ്ടു ദിവസമായി വീട് അടഞ്ഞു കിടക്കുകയാണ്.

murder case
Advertisment