Advertisment

പൊലീസ് ഉദ്യോഗസ്ഥന്റെയും നഴ്‌സിന്റെയും മകൾ, ചെന്നൈ എതിരാജ് കോളേജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദം, മികച്ച ജീവിതം ലക്ഷ്യമിട്ട് ചെന്നെയിലെത്തിയെങ്കിലും എത്തിപ്പെട്ടത് വെല്ലൂർ സെൻട്രൽ ജയിലിൽ, രാജ്യത്ത് ഏറ്റവും കൂടുതൽ കാലം തടവറയിൽ കിടന്ന സ്ത്രീയായി മാറിയ നളിനി ഒടുവിൽ പുറത്തേക്ക്, ഇന്ത്യാക്കാരുടെ ഉള്ളിൽ ചോര ചീന്തിയ രാജീവ് ഗാന്ധി വധക്കേസും നളിനിയും !

New Update

ചെന്നൈ: ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം തടവറയിൽ കഴിയേണ്ടി വന്ന സ്ത്രീയാണ് നളിനി ശ്രീഹരൻ.

ശങ്കരനാരായണൻ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെയും പദ്മാവതിയെന്ന നഴ്‌സിന്റെയും മൂന്ന് മക്കളിൽ മൂത്തവൾ. ചെന്നൈ എതിരാജ് കോളേജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദം നേടിയ നളിനി തന്റെ 25 ാം വയസിൽ ചെന്നെത്തിയത് ശോഭനമായ ഒരു ഔദ്യോഗിക ജീവിതത്തിന് പകരം വെല്ലൂർ സെൻട്രൽ ജയിലിന്റെ ഇരുമ്പഴികൾക്കുള്ളിലേക്കാണ്. അതും നീണ്ട മൂന്ന് പതിറ്റാണ്ട്. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ മുറിപ്പാടായി അവശേഷിക്കുന്ന രാജീവ് ഗാന്ധിക്കേസിൽ പ്രതിയായ നളിനി എങ്ങനെയാണ് ആ ക്രൂര കൃത്യത്തിലേക്കെത്തിയത്.

Advertisment

publive-image


1991 മേയ് 21ന് തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരിൽ തിരഞ്ഞെടുപ്പ് റാലിയ്ക്കിടെ എൽ.ടി.ടി.ഇയുടെ മനുഷ്യ ബോംബായ തനു പൊട്ടിത്തെറിക്കുകയും രാജീവ് ഗാന്ധി ഛിന്നഭിന്നമായി ചിറകറ്റ് വീഴുന്നതും കാണേണ്ടി വന്ന നളിനിയെ പിന്നീട് വെറുപ്പോടെയും ചിലപ്പോൾ സഹതാപത്തോടെയും ഇന്ത്യൻ ജനത നോക്കിക്കണ്ടു.


1987ൽ ഒപ്പുവച്ച സമാധാന ഉടമ്പടിയുടെ ഭാഗമായി ശ്രീലങ്കയിലേക്ക് പ്രത്യേക സേനയെ അയച്ചതോടെയാണ് ഇന്ത്യൻ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിക്കാൻ ശ്രീലങ്കയിലെ തമിഴ് വംശജരുടെ സംഘടനയായ എൽ.ടി.ടി.ഇ പദ്ധതിയിട്ടത്. ലങ്കയിലെ തമിഴ് - സിംഹള വംശജർക്കിടെയിൽ സംഘർഷം പരിഹരിക്കാനെത്തിയ ഐ.പി.കെ.എഫുമായി ക്രമേണ എൽ.ടി.ടി.ഇയുടെ ചോരചീന്തിയ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു.

ഇരുഭാഗത്തും ആയിരത്തിലേറെ ജീവനുകൾ നഷ്ടമായി. സേനയെ തിരികെ വിളിക്കാൻ ഇന്ത്യയിൽ സമ്മർദ്ദമുണ്ടായിട്ടും അതിന് രാജീവ് വിസമ്മതിച്ചത് എൽ.ടി.ടി.ഇയുടെ കടുത്ത വിരോധത്തിന് കാരണമായി. വി.പി. സിംഗ് പ്രധാനമന്ത്രിയായിരിക്കെയാണ് സേന ലങ്കയിൽ നിന്ന് പിൻവാങ്ങിയത്. 1991 പൊതു തിരഞ്ഞെടുപ്പിലൂടെ രാജീവ് ഗാന്ധിയുടെ മടങ്ങി വരവ് തടയുക എന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിന് പിന്നാലെ ശ്രീപെരുംപുത്തൂരിനെ എൽ.ടി.ടി.ഇ പ്രേതഭൂമിയാക്കിയത്.

സ്‌ഫോടനത്തിന്റെ മാസ്റ്റർമൈൻഡായ എൽ.ടി.ടി.ഇ തലവൻ വേലുപ്പിള്ള പ്രഭാകരൻ കൃത്യ നിർവഹണത്തിനായി തിരഞ്ഞെടുത്ത സംഘത്തിൽ അന്ന് ചെന്നൈയിലുണ്ടായിരുന്ന എൽ.ടി.ടി.ഇ അംഗങ്ങളായ മുരുഗൻ, മുത്തുരാജ എന്നിവരും ശ്രീലങ്കയിൽ നിന്ന് തനു, ശുഭ എന്നീ സ്ത്രീകളും ഉൾപ്പെട്ടിരുന്നു.


നളിനിയേയും മേയിൽ ജയിൽ മോചിതനായ പേരറിവാളനെയും തമിഴ്‌നാട്ടിൽ നിന്നാണ് പദ്ധതിയുടെ ഭാഗമാക്കിയത്. മുരുഗന്റെ ഭാര്യയായിരുന്നു നളിനി. ഇയാൾക്ക് ശ്രീഹരൻ എന്നും പേരുണ്ട്. ശ്രീപെരും പുത്തൂരിലെത്തിയ രാജീവ് ഗാന്ധിയ്ക്ക് പൂക്കളും ഹാരവും അർപ്പിക്കാനെത്തിയവരുടെ കൂടെക്കൂടിയ തനുവും രാജീവിനെ പുഷ്പഹാരം അണിയിച്ചു.


publive-image

എന്നാൽ കാൽതൊട്ട് തൊഴാനായി കുനിഞ്ഞ തനു തന്റെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന ബെൽറ്റ് ബോംബിന്റെ ബട്ടണിൽ അമർത്തിയതും എല്ലാം സെക്കന്റുകൾ കൊണ്ട് ചാരമാവുകയായിരുന്നു. രാജീവ് ഗാന്ധി വധിക്കപ്പെട്ടതിന് പിന്നാലെ ജൂൺ 14നാണ് മുരുഗനും രണ്ട് മാസം ഗർഭിണിയായിരുന്ന നളിനിയും അറസ്റ്റിലായത്.

ഓഗസ്റ്റിൽ കേസിലെ മറ്റ് പ്രതികളായ ശിവരശൻ, ശുഭ എന്നിങ്ങനെ ഏഴ് പേർ പൊലീസ് പിടിയിലാകുന്നതിന് തൊട്ടുമുന്നേ ആത്മഹത്യ ചെയ്തു. ശിവരശൻ സ്വയം വെടിവച്ചും മറ്റുള്ളവർ സയനൈഡ് കഴിച്ചുമാണ് മരിച്ചത്. കേസിൽ ശേഷിച്ച പ്രതിയായ രംഗൻ അന്നേ മാസം തന്നെ പിടിയിലായി. ഇന്ത്യൻ നിയമവ്യവസ്ഥ കണ്ട ഏറ്റവും കുപ്രസിദ്ധമായ വിചാരണയും വാദപ്രതിവാദങ്ങളുമാണ് പിന്നീട് അരങ്ങേറിയത്.

ജയിലിൽ കഴിയുന്നതിനിടെയാണ് നളിനി മകൾക്ക് ജന്മം നൽകിയത്. അഞ്ച് വയസുവരെ നളിനിയുടെ മകൾ ജയിലിലാണ് വളർന്നത്. മകൾ ഇന്ന് ഡോക്ടറാണ്. 1967ൽ തിരുനെൽവേലിയിൽ ജനിച്ച നളിനി ചെന്നൈയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരവെയാണ് കേസിലകപ്പെട്ടത്. ശ്രീലങ്കയിൽ നിന്നെത്തിയ തനുവും ശുഭയും പദ്ധതി ആസൂത്രണം ചെയ്യാൻ നളിനിയ്ക്കും മുരുഗനുമൊപ്പമാണ് താമസിച്ചിരുന്നത്.

സ്‌ഫോടന ദിനം ധരിക്കാനുള്ള വസ്ത്രങ്ങളും മറ്റും നളനിയാണ് ഇവർക്ക് വാങ്ങി നൽകിയത്. എന്നാൽ നളിനി ഗൂഢാലോചനയുടെ ഭാഗമായെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളുടെ അഭാവം 1999ൽ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കുറ്റവാളികൾക്കൊപ്പം നളിനി പെട്ടുപോയതാകാമെന്ന് ഒരു വിഭാഗം വാദിച്ചു. 2008ൽ പ്രിയങ്കാ ഗാന്ധി വെല്ലൂരിൽ നളിനിയെ സന്ദർശിച്ചിരുന്നു.


രാജീവ് ഗാന്ധിയെ വധിക്കാൻ പോകുന്ന കാര്യം തനിക്കോ തന്റെ ഭർത്താവിനോ അറിവില്ലായിരുന്നെന്ന് നളിനി തന്റെ ആത്മകഥയിൽ പറയുന്നു. ജയിൽ വാസത്തിനിടെ നളിനി ബിരുദാനന്തര ബിരുദം നേടിയിരുന്നു. അന്വേഷണ കാലയളവിൽ താൻ നേരിട്ട ദുരിതങ്ങൾ വിവരിച്ച് 2016ൽ നളിനി തന്റെ ആത്മകഥ പുറത്തിറക്കിയിരുന്നു.


publive-image

2020ൽ നളിനി ജയിലിൽ ആത്മഹത്യശ്രമവും നടത്തിയിരുന്നു. മറ്റ് പ്രതികളിൽ നിന്ന് വ്യത്യസ്തമായി നളിനിയ്‌ക്കോ നളിനിയുടെ കുടുംബത്തിനോ രാഷ്ട്രീയ പശ്ചാത്തലമോ മറ്റ് കേസുകളുമായി ബന്ധമോ ഇല്ലായിരുന്നു. സഹോദരൻ ഭാഗ്യനാഥനുമായുണ്ടായിരുന്ന സൗഹൃദമാണ് ശ്രീലങ്കൻ പൗരനായ മുരുഗനെ നളിനിയുടെ ജീവിതത്തിലേക്കെത്തിച്ചത്. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ഹരിബാബു എന്ന ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രങ്ങളിൽ നിന്നാണ് നളിനിയെ തിരിച്ചറിഞ്ഞത്. രാജീവ് ഗാന്ധിയെ വധത്തിന് ശ്രീംപെരുംപുത്തൂരിലെത്തിയ അഞ്ചംഗ സംഘത്തിൽ അവശേഷിക്കുന്ന ഒരേയോരാളാണ് നളിനി.

Advertisment