വരള്‍ച്ച നേരിടാന്‍ കേരളം വെള്ളം എത്തിക്കാമെന്ന് പിണറായി, ഇപ്പോള്‍ വേണ്ടെന്ന് എടപ്പാടി പളനിസ്വാമി. ദാഹിച്ചു വലഞ്ഞു ചെന്നൈ ജനത ?

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, June 20, 2019

ചെന്നൈ : രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന തമിഴ്നാടിന് കുടിവെള്ളം ട്രെയിന്‍മാര്‍ഗം എത്തിച്ചുനല്‍കാന്‍ സന്നദ്ധതയറിയിച്ചു കേരള സര്‍ക്കാര്‍. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസ് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചെങ്കിലും ഇപ്പോള്‍ ആവശ്യമില്ലെന്നായിരുന്നു മറുപടി.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശപ്രകാരമാണ് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ഇക്കാര്യം അറിയിച്ച് ബന്ധപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ ആവശ്യമില്ലെന്ന മറുപടിയാണ് ലഭിച്ചത്.

തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് ട്രെയിന്‍മാര്‍ഗം 20 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമിച്ചത്. ചെന്നൈയിലെ പ്രധാന ജലാശയങ്ങളൊക്കെ വറ്റിവരണ്ടിരിക്കുകയാണ്. കാര്‍ഷികമേഖലയെ വരള്‍ച്ച കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലായിരുന്നു കേരള സര്‍ക്കാരിന്‍റെ സഹായ വാഗ്ദാനം.

ചെന്നൈയില്‍ ഒരാള്‍ക്ക് 15 ലിറ്റര്‍ വെള്ളംപോലും ആവശ്യത്തിനു ലഭ്യമാകുന്നില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പണം നല്‍കിയാല്‍ പോലും വെള്ളം കിട്ടാനില്ലെന്നതാണ് അവസ്ഥ. ഈ സാഹചര്യത്തിലും കേരളം സൗജന്യമായി എത്തിച്ചുനല്‍കാമെന്ന് പറഞ്ഞ വെള്ളം നിരസിച്ച നടപടി എന്തടിസ്ഥാനത്തിലാണ് എന്ന് വ്യക്തമല്ല.

×