നെല്ല് ഒരു ക്വിന്‍റലിൽ നിന്ന് 67 ശതമാനം അരിയാക്കണം എന്നതിൽ ഇളവ് നൽകിയത് മില്ലുടമകൾക്ക് ലാഭമുണ്ടാക്കാന്‍ ;ഇതിലൂടെ ഇടതു മുന്നണി തെരഞ്ഞെടുപ്പ് ഫണ്ടുണ്ടാക്കി ; നെല്ല് സംഭരണത്തിൽ അഴിമതിയെന്ന് ചെന്നിത്തല

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, April 20, 2019

തിരുവനന്തപുരം: നെല്ല് സംഭരണത്തില്‍ വൻ അഴിമതിയെന്ന് രമേശ് ചെന്നിത്തല. ഒരു ക്വിന്‍റൽ നെല്ല് സംഭരിച്ചാൽ 67 ശതമാനം അരിയാക്കി നല്‍കണമെന്ന കരാറില്‍ മാറ്റം വരുത്തിയത് കമ്മീഷൻ തട്ടാനാണെന്നാണ് ആക്ഷേപം. അതേസമയം ഗുണമേന്മയുള്ള അരി ലഭ്യമാക്കാനാണ് കരാറില്‍ മാറ്റം വരുത്തിയതെന്ന് ഭക്ഷ്യമന്ത്രി പ്രതികരിച്ചു.

ഒരു ക്വിന്‍റൽ നെല്ല് സംഭരിച്ചാൽ അത് 67 ശതമാനം അരിയാക്കി സിവില്‍ സപ്ലൈസ് കോര്‍പറേഷൻ അടക്കമുള്ള പുറം മാര്‍ക്കറ്റുകളിലേക്ക് നല്‍കണമെന്നായിരുന്നു യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്തെ കരാര്‍.

എല്‍ഡിഎഫ് സര്‍ക്കാര്‍ അത് 64.5 ശതമാനമാക്കി കുറച്ചു. ഇതോടെ ഒരു ക്വിൻറലിന് മൂന്നര കിലോ അരി മില്ലുടമൾക്ക് ലഭിക്കും. ഒരു ക്വിൻറലിന് 120 രൂപ ഇതുവഴി ലാഭമുണ്ടാകുമെന്നാണ് ആരോപണം. ഈ സീസണില്‍ 51 ലക്ഷം കിലോ നെല്ലാണ് സംഭരിച്ചത്.

‘ഇതിലൂടെ മില്ലുടമകൾക്കുണ്ടാകുന്ന ലാഭമെത്ര കോടിക്കണക്കിന് രൂപയാണ്? തെരഞ്ഞെടുപ്പിനുള്ള ഫണ്ട് ഇടതുമുന്നണി മില്ലുടമകളിൽ നിന്ന് ശേഖരിച്ചെന്ന ആരോപണം നേരത്തേ ഉയർന്നു കഴിഞ്ഞു. ഇതിൽ സർക്കാർ മറുപടി പറയണം’, ചെന്നിത്തല ആവശ്യപ്പെട്ടു.

×