Advertisment

സാവകാശ ഹര്‍ജി: തീരുമാനം വൈകി വന്ന വിവേകമെന്ന് ചെന്നിത്തല

New Update

publive-image

Advertisment

 

തിരുവനന്തപുരം: സാവകാശ ഹര്‍ജി നല്‍കാനുളള ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനം വൈകി വന്ന വിവേകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർവകക്ഷി യോഗത്തിൽ നിരാകരിച്ച ആവശ്യം തന്ത്രിയും രാജകുടുംബവുമായുള്ള ചർച്ചയിൽ മുഖ്യമന്ത്രി അംഗീകരിച്ചത് എന്ത് ജനാധിപത്യമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറ‍ഞ്ഞു.

അതേസമയം, ശബരിമലയിലെ സ്ത്രീപ്രവേശവിധി നടപ്പാക്കുന്നതിൽ സാവകാശം തേടി ദേവസ്വംബോർഡ് നാളെ സുപ്രീംകോടതിയിൽ സാവകാശഹർജി നൽകുമെന്ന് ദേവസ്വംബോർഡ് പ്രസിഡന്‍റ് എ.പദ്മകുമാർ വ്യക്തമാക്കി. നാളെ ഹർജി നൽകാനാകില്ലെങ്കിൽ തിങ്കളാഴ്ച തീർച്ചയായും ഹർജി സമർപ്പിക്കാനാകുമെന്നും അദ്ദേഹം പറ‍ഞ്ഞു.

ശബരിമലയിലെ ക്രമസമാധാനപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാവും പ്രധാനമായും സാവകാശഹർജി നൽകുക. പന്തളം രാജകുടുംബവും തന്ത്രികുടുംബവും ഉന്നയിച്ച ആചാരപ്രശ്നങ്ങൾ കൂടി ഹർജിയിൽ ചൂണ്ടിക്കാട്ടുമെന്നും ബോർഡ് പ്രസിഡന്‍റ് എ.പദ്മകുമാർ വ്യക്തമാക്കി.

സാവകാശഹർജി നൽകാമെന്ന കാര്യത്തിൽ അനുകൂലമായ നിയമോപദേശം കിട്ടിയ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിക്കുന്നതെന്ന് പദ്മകുമാർ വ്യക്തമാക്കി. സുപ്രീംകോടതി വിധി നടപ്പാക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. വിധി നടപ്പാക്കുന്നതിൽ സാവകാശം വേണമെന്ന് മാത്രമാണ് ബോർഡ് ആവശ്യപ്പെടുക. എത്ര കാലം സാവകാശം വേണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അത്തരം ഒരു ആവശ്യവും ഇപ്പോൾ ബോർഡ് ഉന്നയിക്കില്ലെന്ന് പദ്മകുമാർ വ്യക്തമാക്കി. എത്ര കാലം സാവകാശം നൽകാനാകുമെന്ന് സുപ്രീംകോടതി തീരുമാനിക്കട്ടെയെന്നും പദ്മകുമാർ പറഞ്ഞു.

Advertisment