Advertisment

ചെക്ക് പേയ്‌മെന്റ് നിയമങ്ങള്‍ അടിമുടി മാറുന്നു ! 'പോസിറ്റീവ് പേ സിസ്റ്റം' ജനുവരി ഒന്ന് മുതല്‍; വിശദാംശങ്ങള്‍ അറിയാം

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ബാങ്കിംഗ് തട്ടിപ്പ് പരിശോധിക്കുന്നതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ചെക്കുകള്‍ക്ക് 'പോസിറ്റീവ് പേ സിസ്റ്റം' ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. ഇതുപ്രകാരം 50,000 രൂപയില്‍ കൂടുതലുള്ള പേയ്‌മെന്റുകള്‍ക്ക് പ്രധാന വിശദാംശങ്ങള്‍ വീണ്ടും സ്ഥിരീകരിക്കേണ്ടതുണ്ട്.

പോസിറ്റീവ് പേ സിസ്റ്റത്തിലെ ഈ ചെക്ക് പേയ്‌മെന്റ് നിയമം 2020 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. അഞ്ച് ലക്ഷം രൂപയും അതിന് മുകളിലുള്ളതുമായ ചെക്കുകളുടെ കാര്യത്തില്‍ ഇത് നിര്‍ബന്ധമാക്കുന്നത് ബാങ്കുകള്‍ പരിഗണിച്ചേക്കാം.

പോസിറ്റീവ് പേ സിസ്റ്റം

2021 ജനുവരി ഒന്ന് മുതല്‍ പോസിറ്റീവ് പേ സിസ്റ്റം നടപ്പിലാക്കും. വലിയ തുകയിലുള്ള ചെക്കുകളുടെ പ്രധാന വിശദാംശങ്ങള്‍ വീണ്ടും സ്ഥിരീകരിക്കുന്ന ഒരു പ്രക്രിയ ഉള്‍ക്കൊള്ളുന്ന ആശയമാണ് പോസിറ്റീവ് പേ സിസ്റ്റം.

ഇതുപ്രകാരം, ചെക്ക് ഇഷ്യു ചെയ്യുന്നയാള്‍ പിന്‍വലിക്കുന്ന ബാങ്കിലേക്ക് എസ്എംഎസ്, മൊബൈല്‍ ആപ്പ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, എടിഎം തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ചെക്കിലെ പ്രധാന വിശദാംശങ്ങള്‍ (തീയതി, ഗുണഭോക്താവിന്റെ/പണമടയ്ക്കുന്നയാളുടെ പേര്, തുക തുടങ്ങിയവ) അയക്കുന്നു. ചെക്ക് ട്രങ്കേഷന്‍ സിസ്റ്റം (സിടിഎസ്) വഴി ഇത് പരിശോധിക്കും.

സിടിഎസ് വഴി പൊരുത്തക്കേടുകള്‍ കണ്ടെത്തിയാല്‍ തുടര്‍ന്ന് ബാങ്കുകള്‍ വഴി പരിഹാര നടപടികള്‍ സ്വീകരിക്കും. നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) സിടിഎസില്‍ പോസിറ്റീവ് പേയുടെ സൗകര്യം വികസിപ്പിക്കുകയും പങ്കാളിത്ത ബാങ്കുകള്‍ക്ക് ലഭ്യമാക്കുകയും ചെയ്യും.

50,000 രൂപയും അതിന് മുകളിലുള്ളതുമായ തുകയ്ക്ക് ചെക്ക് നല്‍കുന്ന എല്ലാ അക്കൗണ്ട് ഉടമകള്‍ക്കും ബാങ്കുകള്‍ ഇത് അനുവദിക്കും. സിടിഎസ് ഗ്രിഡുകളിലെ തര്‍ക്ക പരിഹാര സംവിധാനത്തിന് കീഴില്‍ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായ ചെക്കുകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ.

സിടിഎസുകള്‍ക്ക് പുറത്ത് ചെക്കുകള്‍ സ്വീകരിച്ച ബാങ്കുകള്‍ക്ക് സമാനമായ ക്രമീകരണങ്ങള്‍ നടപ്പിലാക്കാം.

എസ്എംഎസ്, ബ്രാഞ്ചുകളിലെ പ്രദര്‍ശനം, എടിഎമ്മുകള്‍, വെബ്‌സൈറ്റ്, ഇന്റര്‍നെറ്റ് ബാങ്കിംഗ് തുടങ്ങിയ മാര്‍ഗങ്ങളിലൂടെ പോസിറ്റീവ് പേ സിസ്റ്റത്തിന്റെ സവിശേഷതകളെക്കുറിച്ച് ഉപഭോക്താക്കളില്‍ മതിയായ അവബോധം സൃഷ്ടിക്കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Advertisment