Advertisment

‘ഡോക്ടറുടെ വിഡ്ഢിച്ചോദ്യം കേട്ടപ്പോൾ എനിക്ക് നിയന്ത്രണം നഷ്ടമായി; ഇന്ത്യയ്ക്കു വേണ്ടി ക്രിക്കറ്റ് കളിച്ചിട്ടുള്ളയാളാണ് ആ കിടക്കുന്നതെന്ന് ഞാന്‍ ശബ്ദമുയർത്തി പറഞ്ഞു; ‘ഓ, ഇതാണോ ആ ചേതൻ’ എന്നായിരുന്നു ഡോക്ടറുടെ പ്രതികരണം; ഇതിനു ശേഷം ഡോക്ടരും സംഘവും അവിടെനിന്നു പോയി’; ചേതൻ ചൗഹാന്റെ മരണം കോവിഡ‍് ബാധിച്ചല്ലെന്ന വെളിപ്പെടുത്തലുമായി സമാജ്‌വാദി പാർട്ടി നേതാവ്

New Update

ഉത്തർപ്രദേശ് മന്ത്രിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായിരുന്ന ചേതൻ ചൗഹാന്റെ മരണം കോവിഡ‍് ബാധിച്ചല്ലെന്ന വെളിപ്പെടുത്തലുമായി സമാജ്‌വാദി പാർട്ടി നേതാവ് സുനിൽ സിങ് സജൻ രംഗത്ത്. ഉത്തർപ്രദേശ് മന്ത്രിസഭയിൽ സൈനിക ക്ഷേമം, ഹോം ഗാർഡ്സ്, പിആർഡി, സിവിൽ സെക്യൂരിറ്റി എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്ന ചൗഹാൻ, ഇക്കഴിഞ്ഞ 16–ാം തീയതിയാണ് ഗുരുഗ്രാമിലെ ആശുപത്രിയിൽവച്ച് മരിച്ചത്.

Advertisment

കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെവച്ച് ആരോഗ്യനില വഷളായതിനെ തുടർന്ന് ഐസിയുവിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഹൃദയസ്തംഭനമുണ്ടായതാണ് മരണ കാരണമായത്.

publive-image

എന്നാൽ, കോവിഡ് ബാധിച്ചതല്ല എഴുപത്തിമൂന്നുകാരനായ ചൗഹാന്റെ മരണമെന്നാണ് സമാജ്‌വാദി പാർട്ടി നേതാവും എംഎൽസിയുമായ സുനിൽ സിങ് സജന്റെ വാദം. അദ്ദേഹത്തെ ആദ്യം പ്രവേശിപ്പിച്ചിരുന്ന സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എജിപിജിഐ) മോശം ചികിത്സയാണ് ലഭിച്ചതെന്ന് സുനിൽ ആരോപിച്ചു.

സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രിയാണിത്. ചൗഹാൻ ഈ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ അതേ വാർഡിൽ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയാണ് സുനിൽ സിങ്.

ഉത്തർപ്രദേശിലെ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായ സുനിൽ സിങ് സജൻ, ആശുപത്രിയിൽവച്ച് താൻ നേരിട്ട് കണ്ട കാര്യങ്ങൾ കൗൺസിലിലാണ് വിവരിച്ചത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ചേതൻ ചൗഹാൻ ഇന്ത്യയുടെ മുൻ താരമാണെന്നോ സംസ്ഥാന മന്ത്രിയാണെന്നോ തിരിച്ചറിയാൻ പോലും കഴിവില്ലാത്തവരായിരുന്നു ആശുപത്രി അധികൃതരെന്ന് കൗൺസിലിലെ പ്രസംഗത്തിൽ സുനിൽ സിങ് ആരോപിച്ചു.

‘ഒരു ദിവസം റൗണ്ട്സിനിടെ ഞങ്ങൾ കിടക്കുന്ന വാർഡിലെത്തിയപ്പോൾ ഡോക്ടറും നഴ്സും ആരാണ് ചേതൻ എന്ന് ഉച്ചത്തിൽ വിളിച്ചുചോദിച്ചു. അദ്ദേഹം വളരെ ലാളിത്യമുള്ള വ്യക്തിയായതിനാൽ കിടന്നകിടപ്പിൽത്തന്നെ കയ്യുയർത്തി. എപ്പോഴാണ് വൈറസ് ബാധിച്ചതെന്ന് അവർ അദ്ദേഹത്തോടു ചോദിച്ചു. ഉത്തരമായി എല്ലാ കാര്യങ്ങളും വിശദമായിത്തന്നെ അദ്ദേഹം ഡോക്ടറിനോടും നഴ്സിനോടും ഉൾപ്പെടെ വിശദീകരിച്ചു. ഇതിനിടെ ഒപ്പമുണ്ടായിരുന്ന മറ്റൊരാൾ, ‘എന്താണ് താങ്കളുടെ ജോലി’ എന്ന് ചോദിച്ചു. യോഗി ആദിത്യനാഥ് സർക്കാരിൽ ഒരു മന്ത്രിയാണ് എന്നായിരുന്നു ചൗഹാന്റെ മറുപടി’ – സുനിൽ സിങ് വിശദീകരിച്ചു.

publive-image

ചൗഹാനോടുള്ള ആശുപത്രി അധികൃതരുടെ പെരുമാറ്റം കണ്ടപ്പോൾ കടുത്ത ദേഷ്യമാണ് തോന്നിയതെന്നും സുനിൽ സിങ് വ്യക്തമാക്കി. ‘ഡോക്ടറുടെ വിഡ്ഢിച്ചോദ്യം കേട്ടപ്പോൾ എനിക്ക് നിയന്ത്രണം നഷ്ടമായി. ഇന്ത്യയ്ക്കു വേണ്ടി ക്രിക്കറ്റ് കളിച്ചിട്ടുള്ളയാളാണ് ആ കിടക്കുന്നതെന്ന് ഞാന്‍ ശബ്ദമുയർത്തി പറഞ്ഞു. ‘ഓ, ഇതാണോ ആ ചേതൻ’ എന്നായിരുന്നു ഡോക്ടറുടെ പ്രതികരണം. ഇതിനു ശേഷം ഡോക്ടരും സംഘവും അവിടെനിന്നു പോയി’ – സുനിൽ സിങ് പറഞ്ഞു. സുനിൽ സിങ്ങിന്റെ വെളിപ്പെടുത്തലിനു പിന്നാലെ യോഗി ആദിത്യനാഥ് സർക്കാരിനെ വിമർശിച്ച് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തി.

‘കോവിഡ് 19നെതിരായ നമ്മുടെ പോരാട്ടത്തെ അമേരിക്കയുമായി താരതമ്യം ചെയ്യുന്ന തിരക്കിൽ, തന്റെ സഹപ്രവർത്തകന് സർക്കാർ ആശുപത്രിയിലുണ്ടായ ദുരനുഭവം ഉത്തർപ്രദേശ് മുഖ്യമന്ത്രി മറന്നുപോയി’– അഖിലേഷ് യാദവ് ട്വിറ്ററിൽ കുറിച്ചു.

covid death sports news chetan chouhan
Advertisment