Advertisment

സുപ്രീം കോടതി പ്രതിസന്ധി: ചര്‍ച്ചയ്ക്ക് തയ്യാറായി ചീഫ് ജസ്റ്റിസ്

New Update

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ പ്രതിസന്ധി തിങ്കളാഴ്ച രാവിലെ സിറ്റിങിന് മുന്‍പ് പരിഹരിക്കാനുള്ള തിരക്കിട്ട നീക്കങ്ങളാണ് തലസ്ഥാനത്ത് നടക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി ബാര്‍ കൗണ്‍സില്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തും ജസ്റ്റിസുമാരായ എസ്.എ.ബോബ്‌ഡേയും എല്‍.നാഗേശ്വര്‍ റാവുവും പങ്കെടുക്കും. പ്രതിഷേധിച്ച ജഡ്ജിമാരുമായും ചീഫ് ജസ്റ്റിസ് ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്.പ്രതിനിധികള്‍ മുഖേനയാകും ആദ്യഘട്ട ചര്‍ച്ച.

Advertisment

കോടതി നടപടികള്‍ തടസ്സപ്പെടില്ലെന്ന് ചീഫ് ജസ്റ്റിസിനെതിരെ പരസ്യ പ്രതികരണം നടത്തിയ ജസ്റ്റിസ് ജെ.ചെലമേശ്വര്‍ ബാര്‍ കൗണ്‍സില്‍ അംഗങ്ങളെ അറിയിച്ചിരുന്നു. ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ എം.കെ.മിശ്രയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ജസ്റ്റിസ് ചെലമേശ്വറിനെ കണ്ടത്. വിമര്‍ശനങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ചീഫ് ജസ്റ്റിസിന്റെ ഭാഗത്തുനിന്നു വ്യക്തമായ പ്രതികരണമുണ്ടായിട്ടില്ല. മറ്റു മൂന്ന് ജഡ്ജിമാരുമായി ചര്‍ച്ച ചെയ്ത ശേഷമേ തുടര്‍നടപടി തീരുമാനിക്കാനാകൂവെന്നും ചെലമേശ്വര്‍ ബാര്‍ കൗണ്‍സില്‍ അംഗങ്ങളോട് പറഞ്ഞു.

publive-image

തൊട്ടുപിന്നാലെയാണ് ജസ്റ്റിസുമാരായ എസ്.എ.ബോബ്‌ഡെയും എല്‍.നാഗേശ്വര്‍ റാവുവും ജസ്റ്റിസ് ചെലമേശ്വറിനെ കാണാനെത്തിയത്. ഫുള്‍ കോര്‍ട്ട് ചേരാതെ തന്നെ പ്രശ്‌നം പരിഹരിക്കാനാണു നീക്കം. സൊഹ്‌റാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദംകേട്ട പ്രത്യേക സിബിഐ ജഡ്ജി ബി.എച്ച്.ലോയയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി മുതിര്‍ന്ന ജഡ്ജിമാരുള്‍പ്പെട്ട ബെഞ്ചിന് വിട്ട് താല്‍ക്കാലിക പരിഹാരം കാണാനാണു ശ്രമം. ചീഫ് ജസ്റ്റിസ് ദീപക്മിശ്രയും വാര്‍ത്താസമ്മേളനം നടത്തിയ നാല് ജഡ്ജിമാരും തിങ്കളാഴ്ച രാവിലെ ചര്‍ച്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്.

അതിനിടെ, ബി.എച്ച്.ലോയയുടെ മരണത്തെ രാഷ്ട്രീയവല്‍ക്കരിച്ചതായും പിതാവിന്റെ മരണത്തില്‍ യാതൊരു സംശയവുമില്ലെന്നും ഇപ്പോഴത്തെ സംഭവങ്ങള്‍ വേദനയുളവാക്കുന്നെന്നും മകന്‍ അനൂജ് ലോയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലോയയുടെ മരണത്തിന്റെ പേരില്‍ കുടുംബാംഗങ്ങളെ അവഹേളിക്കരുതെന്നും അനൂജ് ലോയ പറഞ്ഞു. അതിനിടെ, പ്രതിഷേധമുയര്‍ത്തിയ ജഡ്ജിമാരെ പിന്തുണച്ച് വിരമിച്ച ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിന് കത്തയച്ചു.

ലോയ വിഷയമാണ് സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ക്കിടയിലെ തര്‍ക്കത്തിന് ഒരു കാരണം. സുപ്രീം കോടതിയില്‍ കാര്യങ്ങള്‍ ശരിയായല്ല പോകുന്നതെന്നു ചൂണ്ടിക്കാട്ടി ജഡ്ജിമാരായ ജസ്തി ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി.ലോക്കുര്‍, കുര്യന്‍ ജോസഫ് എന്നിവരാണു ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ വാര്‍ത്താസമ്മേളനം നടത്തിയത്. ലോയയുടേത് ഉള്‍പ്പെടെ പ്രധാന കേസുകള്‍ ഏതു ബെഞ്ച് കേള്‍ക്കണമെന്നതില്‍ ചീഫ് ജസ്റ്റിസ് സ്വീകരിക്കുന്ന തീരുമാനങ്ങള്‍ സംബന്ധിച്ചാണു ജഡ്ജിമാര്‍ മുഖ്യവിമര്‍ശനമുന്നയിച്ചത്.

sc
Advertisment