Advertisment

അടുത്ത വര്‍ഷം കുട്ടികളില്‍ അഞ്ചാംപനി വരും ! ആശങ്കയോടെ ലോകം !!

New Update

Advertisment

കോവിഡ് സൃഷ്ടിച്ച ആഘാതത്തിന് പിന്നാലെ ലോകം വീണ്ടും ആശങ്കയുടെ നിഴലില്‍. അടുത്ത വര്‍ഷമാദ്യം ലോകത്ത് അഞ്ചാംപനി പൊട്ടിപ്പുറപ്പെടുമെന്നാണ് പുതിയ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ അഞ്ചാം പനിക്ക് കുട്ടികള്‍ക്ക് പതിവായി നല്‍കി വരുന്ന പ്രതിരോധ കുത്തിവെയ്പ് ഇത്തവണ കാര്യക്ഷമമായി നടന്നിട്ടില്ല.

ഇതുതന്നെയാണ് അഞ്ചാംപനി വ്യാപകമാകാന്‍ കാരണമാകുന്നതെന്നാണ് പഠനം. മെഡിക്കല്‍ ജേര്‍ണലായ ദി ലാന്‍സെറ്റിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ഇതിനെ തടയുന്നതിന് രാജ്യാന്തര തലത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

ഓസ്ട്രേലിയയിലെ മര്‍ഡോക്ക് ചില്‍ഡ്രന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രമുഖ എഴുത്തുകാരനായ കിം മള്‍ഹോളണ്ടിന്റെ നേതൃത്വത്തിലായിരുന്നു പഠനം.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ പോകാന്‍ മടിക്കുന്നത് കാരണം നിരവധി കുട്ടികള്‍ക്കാണ് ഇക്കുറി അഞ്ചാം പനിക്കെതിരെയുള്ള കുത്തിവെയ്പ് നഷ്ടമായത്.

ഇത് 2021ന്റെ തുടക്കത്തില്‍ കുട്ടികള്‍ക്ക് ഇടയില്‍ വ്യാപകമായ തോതില്‍ അഞ്ചാംപനി പടരാന്‍ ഇടയാക്കുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വരും വര്‍ഷങ്ങളില്‍ വൈറസ് പരത്തുന്ന അഞ്ചാംപനി കുട്ടികളില്‍ വ്യാപകമായി കണ്ടുവരാന്‍ സാധ്യതയുണ്ട്.

കോവിഡ് പോലെ മൂക്കിലൂടെയാണ് അഞ്ചാംപനി വൈറസും ശരീരത്തില്‍ പ്രവേശിക്കുന്നത്. ഇതിന് തടയിടാന്‍ കുത്തിവെയ്പ് നല്‍കുന്നത് അടക്കമുള്ള നടപടികള്‍ക്ക് രാജ്യാന്തര സമൂഹം തയ്യാറാകണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രത്യാഘാതങ്ങളെ തുടര്‍ന്ന് കുട്ടികളിലെ പോഷകാഹാര കുറവ് വര്‍ധിച്ചിട്ടുണ്ട്. ഇത് അഞ്ചാംപനി കൂടുതല്‍ തീവ്രമാകാന്‍ ഇടയാക്കിയേക്കും.

അഞ്ചാംപനി മൂലം കൂടുതല്‍ മരണങ്ങള്‍ വരെ സംഭവിക്കാമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ കുത്തിവെയ്പ് വൈകുന്നതിനെ തുടര്‍ന്ന് 9.4 കോടി കുട്ടികള്‍ക്കാണ് ഇത്തവണ വാക്സിനേഷന്‍ നഷ്ടമായത്.

Health
Advertisment