Advertisment

ഡോ.സുനിൽ പി ഇളയിടത്തിന്റെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ ചില്ല സർഗവേദി പ്രതിഷേധിച്ചു

author-image
admin
New Update

റിയാദ്: ഡോ.സുനിൽ പി ഇളയിടത്തിന്റെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ ചില്ല സർഗവേദി പ്രതിഷേധിച്ചു. അന്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേക്ക് മലയാളിയെ നയിക്കുന്നതിൽ ശ്രീനാരായണ ഗുരു അടക്കമുള്ളവരുടെ ചരിത്രപരമായ പങ്ക് തന്റെ പ്രഭാഷണങ്ങളിലുടനീളം നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ട് ആധുനിക മലയാളി സമൂഹത്തെ ബോധത്തെളിമയിലേക്ക് നയിക്കുന്ന സാംസ്കാരിക ഇടപെടലുകളാണ് സുനിൽ ഇളയിടം നിർവഹിച്ചുകൊണ്ടിരിക്കുന്നത്‌.

Advertisment

 

publive-image

വർഗീയതയുടെ ശാപത്തിൽ നിന്ന് മോചനം നേടാനുള്ള ശുദ്ധീകരണം മനുഷ്യമനസുകളിൽ നിന്നും ആരംഭിക്കാൻ പ്രേരണയാകുന്ന പ്രഭാഷണങ്ങളാണ് സുനിൽ ഇളയിടത്തിന്റേത്. വർഗീയവാദികൾക്ക് പോലും ആത്മപരിശോധന നടത്താൻ ഉതകുന്ന സുനിൽ ഇളയിടത്തിന്റെ പ്രഭാഷണങ്ങൾ നവോത്ഥാന മൂല്യങ്ങൾക്ക് എന്നും എതിരായിരുന്ന ശക്തികളെ വിറളിപിടിപ്പിക്കുന്നുണ്ട്. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളെയും  അനാചാരങ്ങളെയും അസമത്വങ്ങളെയും വകഞ്ഞുമാറ്റിയാണ് മലയാളി നവോത്ഥാനത്തിലൂടെ മുന്നേറിയത്.

പഴയ അനാചാരങ്ങളും ജീർണ്ണതയും സമൂഹത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം ചെറുത്തു തോൽപ്പിക്കാൻ സുനിൽ ഇളയിടം പോലുള്ളവരുടെ ഇടപെടൽ പ്രതിലോമശക്തികളെ അലോസരപ്പെടുത്തുന്നു എന്നാണ് കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിലൂടെ നടത്തിയ ആക്രോശവും ഇപ്പോൾ അദ്ദേഹത്തിന്റെ ഓഫീസിന് നേരെ നടത്തിയ ആക്രമണവും. ഭീഷണിയുടെയും അക്രമത്തിന്റെയും മാർഗങ്ങൾ മാത്രം കൈമുതലായുള്ള ഇത്തരം ശക്തികൾക്കെതിരെ എല്ലാ മതനിരപേക്ഷ ജനാധിപത്യ വിശ്വാസികളും ഒന്നിച്ചുനിൽക്കേണ്ട സമയമാണിതെന്നും ചില്ലയുടെ പ്രതിഷേധ കുറിപ്പിൽ പറഞ്ഞു.

Advertisment